എപി അബ്ദുള്ളക്കുട്ടിയുടെ ദേഹത്ത് മുറുക്കിത്തുപ്പി; കൈയേറ്റത്തിനും ശ്രമം

Posted on: May 5, 2016 7:43 pm | Last updated: May 6, 2016 at 2:29 pm

ap-abdullakkuttyകണ്ണൂര്‍: തലശ്ശേരി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എപി അബ്ദുള്ളക്കുട്ടിക്ക് നേരെ കൈയേറ്റ ശ്രമം. വടക്കുമ്പാട് പാറകെട്ടിന് സമീപത്ത് വോട്ട് ചോദിക്കുന്നതിനിടെ ഒരാള്‍ അബ്ദുള്ളക്കുട്ടിയുടെ ഷര്‍ട്ട് പിടിച്ചു വലിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനിടയില്‍ വായില്‍ ഉണ്ടായിരുന്ന പാന്‍പരാഗ് അബ്ദുള്ളക്കുട്ടിയുടെ ദേഹത്തേക്ക് തുപ്പുകയായിരുന്നു.

ആളുകള്‍ കൂടിയപ്പോഴേക്കും അക്രമി ഓടി രക്ഷപ്പെട്ടു. സിപിഎം ശക്തികേന്ദ്രമാണ് ഈ പ്രദേശം. കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടിയെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ നാല് സിപിഎം പ്രവര്‍ത്തകരെ കതിരൂര്‍ എസ്‌ഐ സുരേന്ദ്രന്‍ കല്യാടന്‍ അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു പൊന്ന്യം കുണ്ടുചിറയിലെ മരണ വീട്ടില്‍പോയി തിരിച്ചുവരികയായിരുന്ന അബ്ദുള്ളക്കുട്ടിക്കും ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ക്കുംനേരേ ചീത്തവിളിയും ഭീഷണിയുമുണ്ടായത്.