ജി സി സിയില്‍ കൗമാര സാക്ഷരത കൂടുതല്‍ ഖത്വറില്‍

Posted on: May 5, 2016 7:15 pm | Last updated: May 5, 2016 at 7:15 pm

ദോഹ: ജി സി സിയില്‍ ഏറ്റവും ഉയര്‍ന്ന കൗമാര സാക്ഷരത നേടിയ രാഷ്ട്രമായി ഖത്വര്‍. രാജ്യത്ത് കൗമാരക്കാര്‍ക്കിടയിലെ സാക്ഷരത 97.8 ശതമാനം ആണ്. സമഗ്രവും കാര്യക്ഷമവുമായ വിദ്യാഭ്യാസ സംവിധാനത്തിന്റെ വികസനമാണ് ഇതിന് പിന്നിലെന്ന് ആല്‍പെന്‍ കാപിറ്റല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വര്‍ധിച്ചുകൊണ്ടിരിക്കുന്ന യുവ ജനസംഖ്യ (30 ശതമാനവും 25 വയസ്സിന് താഴെ), ഉയര്‍ന്ന വരുമാനം, സര്‍ക്കാര്‍ സഹായം തുടങ്ങിയവയാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ സ്വകാര്യ നിക്ഷേപത്തിന് ആകര്‍ഷിക്കുന്നതെന്ന് ‘ജി സി സി എജുക്കേഷന്‍ ഇന്‍ഡസ്ട്രി’ എന്ന ആല്‍പെന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസ മേഖലയില്‍ 20.4 ബില്യന്‍ ഖത്വര്‍ റിയാല്‍ ആണ് സര്‍ക്കാര്‍ അനുവദിച്ചത്. ഈ വര്‍ഷത്തെ മൊത്തം ചെലവിന്റെ 10.1 ശതമാനം വരുമിത്. ലോകോത്തര സംവിധാനം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി പരിഷ്‌കാരങ്ങളും ശക്തമായ നിക്ഷേപവുമാണ് ഏതാനും പതിറ്റാണ്ടുകളായി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്നത്. കെ ജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയും സെക്കന്‍ഡറിയനന്തര മേഖലകളുടെയും സമഗ്ര ഉടച്ചുവാര്‍ക്കലാണ് നടന്നത്. ഖത്വര്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷണം, എജുക്കേഷന്‍ സിറ്റി സ്ഥാപനം തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് ഘടകങ്ങളുടെ വികേന്ദ്രീകരണത്തിലൂടെ സെക്കന്‍ഡറിയനന്തര മേഖല സുശക്തമായി. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ 2015-16 ഗ്ലോബല്‍ കോംപറ്റിറ്റീവ്‌നസ്സ് റിപ്പോര്‍ട്ടില്‍ ഉന്നത വിദ്യാഭ്യാസം, പരിശീലനം മേഖലയില്‍ ഖത്വറിന്റെ റാങ്ക് രണ്ട് ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തില്‍ ഒമ്പതാം സ്ഥാനത്തും. രാജ്യത്തെ 840 കെ- 12 സ്‌കൂളുകളില്‍ 2014ല്‍ 243700 കുട്ടികളാണ് ഉണ്ടായിരുന്നത്. ഉന്നതവിദ്യാഭ്യാസത്തിന് കാല്‍ ലക്ഷം പേരും. 2009-14 കാലയളവില്‍ സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികളുടെ വാര്‍ഷിക വളര്‍ച്ച 7.2 ശതമാനം ആണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 14 ശതമാനത്തിന്റെ അതിവേഗ വളര്‍ച്ച രേഖപ്പെടുത്തി. പ്രൈമറി, സെക്കന്‍ഡറി മേഖലയില്‍ 6- 7 ശതമാനമാണ് വളര്‍ച്ച. പ്രൈമറി, സെക്കന്‍ഡറികളിലെ ഗ്രോസ്സ് എന്റോള്‍മെന്റ് റേറ്റ് (ജി ഇ ആര്‍) യഥാക്രമം 102.4, 94.1 ശതമാനമാണ്. ഇത് മേഖലയില്‍ തന്നെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ്.
പ്രവാസികളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ സ്വകാര്യ സ്‌കൂളുകളില്‍ ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകള്‍ (സര്‍ക്കാര്‍ സഹായത്തില്‍ പ്രവര്‍ത്തിക്കുന്നവ), ഇന്റര്‍നാഷനല്‍, കമ്യൂനിറ്റി, പ്രൈവറ്റ് എന്നിങ്ങനെയാണ് ഖത്വറിലെ സ്‌കൂളുകള്‍ തരംതിരിച്ചിരിക്കുന്നത്. രാജ്യത്തെ സ്‌കൂളുകളില്‍ പകുതിയും ഇന്‍ഡിപെന്‍ഡന്റ് ആണ്.