Connect with us

Kottayam

അഗ്നിപരീക്ഷ ജയിച്ചുകയറാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്

Published

|

Last Updated

കോട്ടയം: ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പ് അക്ഷരാര്‍ഥത്തില്‍ അഗ്‌നി പരീക്ഷയാണ്. യു ഡി എഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകള്‍ ചോദിച്ചുവാങ്ങി അങ്കത്തിനിറങ്ങുകയും പൂഞ്ഞാറില്‍ പി സി ജോര്‍ജിനെതിരെ പിണറായിക്കൊപ്പം നിന്ന് പട നയിക്കുവാന്‍ തയ്യാറാവുകയും ചെയ്ത ജനാധിപത്യ കേരള കോണ്‍ഗ്രസിന് വിജയത്തില്‍ കുറച്ചൊന്നും ആലോചിക്കാനാകില്ല. കേരള കോണ്‍ഗ്രസ് എമ്മുമായി തെറ്റിപ്പിരിഞ്ഞ് രൂപവത്കരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി സഹകരിപ്പിക്കുക മാത്രമാണ് സി പി എം ചെയ്യുന്നത്.

ജനാധിപത്യ കേരള കോണ്‍ഗ്രസിന് അമിത പ്രാധാന്യം ഇടതുമുന്നണിയില്‍ നല്‍കുന്നതിനെതിരെ മുന്നണിക്കുള്ളില്‍ സി പി ഐ അടക്കം പ്രമുഖ പാര്‍ട്ടികള്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. ഫ്രാന്‍സിസ് ജോര്‍ജിന് വേണ്ടി സീറ്റ് സി പി ഐയുടെ സിറ്റിംഗ് സീറ്റായ മൂവാറ്റുപുഴ കവര്‍ന്നെടുക്കാന്‍ സി പി എം നടത്തിയ ശ്രമങ്ങള്‍ ശക്തമായ പ്രതിരോധത്തിലൂടെ സി പി ഐ എതിര്‍ത്ത് തോല്‍പ്പിച്ചു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പ്രകടനം വിലയിരുത്തി എല്‍ ഡി എഫിലേക്കുള്ള പ്രവേശനം നടത്താമെന്ന് മുന്നണി നേതൃത്വം ധാരണയിലെത്തിയത്.
പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന യു ഡി എഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളായ തിരുവനന്തപുരം, ഇടുക്കി, ചങ്ങനാശേരി എന്നിവിടങ്ങളിലാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിക്കുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ഫ്രാന്‍സിസ് ജോര്‍ജ് യു ഡി എഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എം എല്‍ എയുമായ റോഷി അഗസ്റ്റിനുമായി ഇടുക്കി മണ്ഡലത്തില്‍ കടുത്ത മത്സരമാണ് നടത്തുന്നത്. ഇവിടെ ഇരുമുന്നണികളുടെയും വിജയം പ്രവചനാതീതമാകുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് ചിത്രം അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ പിന്തുണ ഫ്രാന്‍സിസ് ജോര്‍ജിന് വിജയം അനുകൂലമാക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ ഡി എഫ് നേതൃത്വം. ചങ്ങനാശേരിയില്‍ സിറ്റിഗ് എം എല്‍ എ. സി എഫ് തോമസിനോട് മുന്‍ കുട്ടനാട് എം എല്‍ എ കൂടിയായ ഡോ. കെ സി ജോസഫും ബലാബലം നടത്തുന്നു. ഇവിടെയും വിജയത്തിന്റെ താക്കോല്‍ ആര്‍ക്കും കല്‍പ്പിച്ചുകൊടുക്കാനാകാത്ത സ്ഥിതിയാണ്. തിരുവനന്തപുരത്ത് ആന്റണി രാജുവിന് തുടക്കത്തില്‍ സാധ്യത കല്‍പ്പിച്ചിരുന്നുവെങ്കിലും മത്സരാവേശം കടുത്തതോടെ സിറ്റിംഗ് എം എല്‍ എയും ആരോഗ്യമന്ത്രിയുമായ വി എസ് ശിവകുമാര്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു. ഒപ്പം എന്‍ ഡി എ സ്ഥാനാര്‍ഥിയായി ക്രിക്കറ്റ് താരം ശ്രീശാന്ത് കൂടി മണ്ഡലത്തില്‍ നിറഞ്ഞതോടെ വോട്ടര്‍മാരുടെ മനസ്സ് ആര്‍ക്കൊപ്പമെന്നത് പ്രവചനാതീതമായി.
പൂഞ്ഞാറിലാകട്ടെ അപ്രതീക്ഷിതമായി മത്സരത്തിനെത്തിയ പി സി ജോസഫിന് പ്രചാരണ രംഗത്ത് ഇടതുമുന്നണി പ്രവര്‍ത്തകരുടെ ആവേശക്കുറവ് വലിയ തിരിച്ചടിയാണ് തുടക്കം മുതല്‍ നേരിടുന്നത്. സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രണ്ട് തവണ മണ്ഡലത്തിലെത്തി സി പി എം പ്രാദേശിക ഘടകങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിട്ടുണ്ടെങ്കിലും പി സി ജോസഫിന്റെ തിരഞ്ഞെടുപ്പ് ആവേശത്തിന് ഇനിയും ആവേശം വേണ്ടതുപോലെയില്ല.
മുണ്ടക്കയത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പി സി ജോര്‍ജിനെതിരെ യാതൊന്നും മിണ്ടാതെ പോയത് പൂഞ്ഞാറിലെ ഇടതുപക്ഷ വോട്ടര്‍മാരെ ആശയകുഴപ്പത്തിലാക്കുകയും ചെയ്തു. ഇത്തരത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നാല് മണ്ഡലങ്ങളിലും കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. നാല് സീറ്റുകളില്‍ രണ്ടെണ്ണത്തിലെങ്കിലും വിജയം കൈവരിച്ചെങ്കില്‍ മാത്രമേ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പിറന്ന പാര്‍ട്ടിയെ അംഗീകരിക്കാന്‍ എല്‍ ഡി എഫിലെ മറ്റുള്ള പാര്‍ട്ടികള്‍ തയ്യാറാവുകയുള്ളൂവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

---- facebook comment plugin here -----

Latest