ദഅ്‌നീ തഖദ്ദം യാ ഹബീബീ ലാ തഖഫ്…

Posted on: May 5, 2016 9:51 am | Last updated: May 5, 2016 at 9:51 am

ഹിജ്‌റ വര്‍ഷത്തിന്റെ രണ്ടാം പകുതിയിലെ ആദ്യമാസമാണിത്. കഴിഞ്ഞ ഹിജ്‌റ വര്‍ഷ കലണ്ടര്‍ ചുമരില്‍ നിന്ന് മാറ്റിയിട്ട് ആറ് മാസം പിന്നിട്ടു. ഇനി ഒരു ആറ് മാസം കൂടി കഴിഞ്ഞാല്‍ നിലവിലുള്ളതും മാറും. ഒപ്പം നമ്മുടെ ആയുര്‍ദൈര്‍ഘ്യം ഒരു വര്‍ഷം കുറയുകയും ചെയ്യും. അത്ര കണ്ട് മരണത്തോട് നാം അടുത്തു. എന്റെ സമുദായത്തിന്റെ ആയുര്‍ദൈര്‍ഘ്യം അറുപതിനും എഴുപതിനും ഇടക്കാണെന്ന്, അത് വിട്ടുകടക്കുന്നവര്‍ വളരെ വിരളം എന്നാണല്ലോ നബി(സ) പഠിപ്പിച്ചത്.

ഇസ്‌റാഉം മിഅ്‌റാജും ബറാഅത്തും ലൈലത്തുല്‍ ഖദ്‌റുമൊക്കെ ഈ ഹൃസ്വകാല ജീവിതത്തില്‍ വലിയ പുണ്യങ്ങള്‍ ചെയ്യാന്‍ അല്ലാഹു നല്‍കിയതാണ്. ഒരു രാവിന്റെ സുകൃതത്തിന് ആയിരം രാവുകളേക്കാള്‍ പവിത്രത, അഞ്ച് നേരത്തെ നിസ്‌കാരത്തിന് 50 നേരത്തെ നിസ്‌കാരത്തിന്റെ പ്രതിഫലം അങ്ങനെയങ്ങനെ ഒരുപാട് ആനുകൂല്യങ്ങള്‍. ഇതെല്ലാം വിശ്വാസികള്‍ക്ക് പ്രത്യാശക്ക് വക നല്‍കുന്നതാണ്. സമയത്തിന്റെയും സ്ഥലത്തിന്റെയും മഹത്വം പരിഗണിച്ച് ആരാധനകള്‍ വര്‍ധിപ്പിക്കലും പ്രത്യേകമാക്കലും പ്രോത്സാഹനജനകമാണെന്ന് ഇത്തരം ആനുകൂല്യങ്ങള്‍ നമ്മെ തെര്യപ്പെടുത്തുന്നു.
വിശുദ്ധ ഖുര്‍ആന്റെ പവിത്രത കണക്കിലെടുത്ത് നബി(സ) ഇഅ്തികാഫും ദാനധര്‍മങ്ങളും വര്‍ധിപ്പിച്ചതും റജബ്, ശഅബാന്‍ മാസങ്ങളുടെ പ്രത്യേകത കണക്കിലെടുത്ത് നോമ്പനുഷ്ഠിച്ചതും ഹദീസുകളില്‍ കാണാം. നബിതങ്ങളുടെ റജബ് മാസത്തെ നോമ്പ് സംബന്ധിച്ച് ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് സഈദുബിന്‍ ജുബൈര്‍ മുഖേന വന്ന റിപ്പോര്‍ട്ട് ഇമാം മുസ്‌ലിം(റ) ഉദ്ധരിച്ചത് കാണാം.
ഇമാം നവവി(റ) ശറഹു മുസ്‌ലിമില്‍ റജബ് നോമ്പ് സംബന്ധമായി നല്‍കിയ വിശദീകരണം ശ്രദ്ധേയമാണ്. ഈ വിശദീകരണങ്ങളില്‍ നിന്നു തന്നെ മിഅ്‌റാജ്, ബറാഅത്ത് എന്നിവയുടെ മഹത്വം കണക്കിലെടുത്ത് പ്രാര്‍ഥന, നോമ്പ്, സ്വദഖ പോലുള്ള കാര്യങ്ങള്‍ കൊണ്ട് ഈ ദിവസങ്ങളെ ധന്യമാക്കല്‍ വിശ്വാസ വര്‍ധനക്ക് കാരണമാകുമെന്ന് മനസ്സിലാക്കാം.
മസ്ജിദുല്‍ ഹറമില്‍ നിന്ന് ഒരു രാവില്‍ തന്റെ ദാസനെ ചുറ്റുപാടും അനുഗ്രഹീതമായ മസ്ജിദുല്‍ അഖ്‌സയിലേക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ പലതും കാണിക്കാനായ് രാപ്രയാണം ചെയ്യിച്ചവന്‍ പരിശുദ്ധനാകുന്നു എന്നാണ് ഇസ്‌റാഅ്- മിഅ്‌റാജ് സംഭവത്തെക്കുറിച്ച് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇത് വെട്ടിത്തുറന്നുപറഞ്ഞുകൊണ്ട് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത് വിശ്വാസികള്‍ അതിന്റെ പൊരുള്‍ ഉള്‍ക്കൊള്ളണമെന്നാണ്. സ്വര്‍ഗനരകങ്ങളടക്കമുള്ള വലിയ ദൃഷ്ടാന്തങ്ങള്‍ നേരില്‍ ദര്‍ശിച്ചതും അടിമയും ഉടമയും തമ്മിലുള്ള മറയില്ലാത്ത സംഭാഷണവും വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ച ദൃഷ്ടാന്തങ്ങളില്‍ ചിലതാണ്. ഹദീസ് വചനങ്ങളില്‍ ഇതെല്ലാം നിറഞ്ഞുനില്‍ക്കുന്നു.
ഉമര്‍ ഖാസിയുടെ സല്ലല്‍ ഇലാഹു കാവ്യം ഇത്തരം ഹദീസുകള്‍ അടിസ്ഥാനമാക്കിയുള്ള വൃത്താന്തങ്ങളാണ് പറഞ്ഞുതരുന്നത്. മലക്കൂത്തിന്റെ ലോകത്തെ അതിശയങ്ങളെ അവിടുന്ന് ദര്‍ശിച്ചു. നാസൂത്ത് ജബറൂത്തിന്റെ നിഢൂഢതകളെ കണ്ടു….അങ്ങനെയെത്രയെത്ര പൊരുളുകളെയാണ് അവിടുന്ന് ആവാഹിച്ചത്. അതിനാല്‍ നിങ്ങളൊക്കെ അവിടുത്തേക്ക് സ്വലാത്തും സലാമും ചെല്ലുക. (സ്വല്ലല്‍ ഇലാഹു ബൈത്ത്)
പ്രയാണാരംഭത്തില്‍ മൂസ(അ)ന്റെ ഖബറിടത്തില്‍ ചെന്നതും നിസ്‌കരിക്കുന്നത് കണ്ടതും ബൈത്തുലഹമില്‍ ഈസാനബിയുടെ ജന്മസ്ഥലം സന്ദര്‍ശിച്ചതും മസ്ജിദുല്‍ അഖ്‌സയില്‍ മുന്‍കാല പ്രവാചകന്മാരോടൊപ്പം സംഗമിച്ചതും വിവിധ ആകാശങ്ങളില്‍ മുന്‍പ്രവാചകന്മാര്‍ സ്വീകരിക്കാനെത്തിയതും പ്രവേശനാനുമതി ഇല്ലാത്തതിനെ തുടര്‍ന്ന് പിന്തിരിഞ്ഞ മാലാഖ തുടര്‍യാത്രക്ക് ആശംസയര്‍പ്പിച്ചതും തിരിച്ചുവരുമ്പോള്‍ മൂസാ(അ)മിന്റെ സഹായം സമുദായത്തിന് വേണ്ടി സ്വീകരിച്ചതും തുടങ്ങി എത്രയെത്ര സംഭവങ്ങള്‍…
പക്ഷേ, വിശ്വാസികള്‍ക്കേ ഇതെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയൂ. യുക്തിയെ മാത്രം മതവും പ്രമാണവുമാക്കുന്നവര്‍ ഇതെല്ലാം കേട്ട് അസ്വസ്ഥമായിട്ടുണ്ട്. മരണത്തോടെ എല്ലാം കഴിഞ്ഞുവെന്ന് വാദിക്കുന്നവര്‍ക്ക് മുന്‍ഗാമികളായ പ്രവാചകന്മാരെ കണ്ടതും അവരുടെ സ്വീകരണം ഏറ്റുവാങ്ങിയതും ഉള്‍ക്കൊള്ളാനാകില്ലല്ലോ. കേവല യുക്തിയെ ദൈവമാക്കുന്നവര്‍ക്ക് ഒറ്റ രാത്രി കൊണ്ട് ഇതെല്ലാം സംഭവിച്ചോ എന്ന് സന്ദേഹമുണ്ടാകുക പ്രയാസമാണല്ലോ. അതാണ് അബൂബക്കര്‍ സിദ്ദീഖ്(റ) കേട്ടപാടെ വിശ്വസിക്കാന്‍ കഴിഞ്ഞതും മക്കയിലെ ബഹുദൈവ വാദികള്‍ക്ക് വിശ്വസിക്കാന്‍ കഴിയാഞ്ഞതും.
ദഅ്‌നീ തഖദ്ദം യാ ഹബീബീ ലാ തഖഫ്
അബ്ശിര്‍ തുനാജീ റബ്ബഖല്‍ ഖയ്യൂമാ
സ്വല്ലൂ അലൈഹി വസല്ലിമൂ തസ്‌ലീമാ.