മല്യയുടെ രാജി സ്വീകരിച്ചു; പുറത്താക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ

Posted on: May 5, 2016 1:28 am | Last updated: May 5, 2016 at 9:35 am

VIJAY MALLYAന്യൂഡല്‍ഹി: വിജയ് മല്യയെ സഭയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി പാര്‍ലമെന്റിനോട് ശിപാര്‍ശ ചെയ്തു. പാര്‍ലമെന്റിന്റെ അന്തസിന് കളങ്കം വരാതിരിക്കാന്‍ മല്യക്കെതിരെ കൃത്യമായ നടപടിയെടുക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ കരണ്‍ സിംഗ് പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ടു. ഇതിനിടെ വിജയ് മല്യയുടെ രാജി സഭാധ്യക്ഷന്‍ ഹാമിദ് അന്‍സാരി സ്വീകരിച്ചു. കഴിഞ്ഞ ദിവസം മല്യ അയച്ച രാജികത്ത് നിയമപ്രകാരമല്ലെന്ന് ചൂണ്ടികാട്ടി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് മല്യ വീണ്ടും രാജികത്ത് അയച്ചത്. തന്റെ പേര് ഇനിയും വിവാദത്തിലേക്ക് വലിച്ചിഴക്കരുത്. ഈയിടെ നടന്ന സംഭവവികാസങ്ങള്‍ കാണിക്കുന്നത് നീതിപൂര്‍വമായ വിചാരണയും നീതിയും ലഭിക്കില്ലെന്നാണ്. അതിനാല്‍ രാജിവെക്കുന്നു’, എന്നാണ് കത്തിലൂടെ അറിയിച്ചത്. കത്തിലെ ഒപ്പ് വ്യാജമാണെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആദ്യം രാജി തള്ളിയത്. എന്നാല്‍ ബേങ്കുകളില്‍ നിന്ന് അദ്ദേഹമെടുത്ത 9000 കോടിയുടെ കടം തിരിച്ചടക്കാത്തതിന്റെ കാരണം വ്യക്തമാക്കാന്‍ ഒരാഴ്ച സമയവും കരണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള എത്തിക്‌സ് കമ്മിറ്റി നല്‍കിയിരുന്നു. തുടര്‍ന്ന് കമ്മിറ്റിയുടെ തീരുമാനം വരുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം രാജി കത്തിലൂടെ അറിയിച്ചത്.