ജിസിസി യാത്ര സുഗമമാക്കുന്നതിന് സ്മാര്‍ട്ട് കാര്‍ഡ് വരുന്നു

Posted on: May 4, 2016 6:43 pm | Last updated: May 4, 2016 at 6:43 pm

ദോഹ: പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും ജി സി സി രാഷ്ട്രങ്ങളില്‍ സഞ്ചരിക്കുന്നതിന് സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത് അധികൃതരുടെ സജീവ പരിഗണനയില്‍. ജി സി സി ആഭ്യന്തര മന്ത്രിമാരുടെ നടക്കാനിരിക്കുന്ന യോഗത്തില്‍ സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇമിഗ്രേഷന്‍ നടപടികള്‍ കൈകാര്യം ചെയ്യുന്നതിന് പഴയ രീതികള്‍ തന്നെ ഈ കാലത്തും പിന്തുടരുന്നത് ശരിയല്ലെന്ന നിലപാടിലാണ് അധികൃതര്‍. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സിറ്റിസണ്‍ഷിപ്പ്, പാസ്‌പോര്‍ട്ട് കാര്യ അസി. അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് മാസിന്‍ അല്‍ ജര്‍റ ഈ നിലപാടുകാരനാണ്. മേഖലയില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കണം. ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം അവതരിപ്പിക്കുന്നത് അജന്‍ഡയില്‍ ഉള്‍പ്പെടുത്തും. മേഖലയിലെ രാജ്യങ്ങളുമായി ഇലക്‌ട്രോണിക് പാസ്സ്‌പോര്‍ട്ട് സംവിധാനം ബന്ധിപ്പിക്കുന്ന പദ്ധതിയും അവതരിപ്പിക്കും. കുവൈത്തില്‍ സെപ്തംബറോടെ ഇലക്‌ട്രോണിക് പാസ്സ്‌പോര്‍ട്ട് അനുവദിക്കും.
അതേസമയം, ജി സി സി രാഷ്ട്രങ്ങള്‍ക്കിടയില്‍ ഏകീകൃത ടൂറിസ്റ്റ് വിസ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചയും ഉയര്‍ന്നുവരുന്നുണ്ട്. യൂറോപ്പിലെ ഷെംഗന്‍ വിസ മാതൃകയിലാണ് ആറ് ജി സി സി രാഷ്ട്രങ്ങളിലും പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ സുഗമമായി സഞ്ചരിക്കാന്‍ പാകത്തിലുള്ള ഏകീകൃത വിസ ഏര്‍പ്പെടുത്തുക. ജി സി സിയിലെ 50.3 മില്യന്‍ ജനസംഖ്യയില്‍ 48.1 ശതമാനം വരുന്ന പ്രവാസികള്‍ക്ക് ആണ് ഏകീകൃത വിസ കൂടുതല്‍ ഉപകാരപ്പെടുക. ജി സി സി പൗരന്മാര്‍ക്ക് വിസയില്ലാതെ അംഗരാഷ്ട്രങ്ങളില്‍ സഞ്ചരിക്കാം. പ്രവാസികള്‍ക്ക് ഓരോ രാജ്യത്തേക്കും എന്‍ട്രി വിസ അനിവാര്യമാണ്. 26 യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുന്നതാണ് ഷെംഗന്‍ വിസ. ഈസിജെറ്റ്, റിന്യാര്‍ തുടങ്ങിയ ചെലവുകുറഞ്ഞ വിമാന കമ്പനികളുടെ വളര്‍ച്ചക്ക് ഷെംഗന്‍ വിസ കാരണമായി. കഴിഞ്ഞ വര്‍ഷം ഒമാനില്‍ നടന്ന ജി സി സി ടൂറിസം മന്ത്രിമാരുടെ യോഗത്തില്‍ അജന്‍ഡയായി ഈ വിഷയം ഉണ്ടായിരുന്നു.