വര്‍ഗ, വര്‍ഗീയ രാഷ്ട്രീയത്തിനും അക്രമത്തിനുമെതിരായ വിധിയെഴുത്ത്

Posted on: May 4, 2016 6:40 pm | Last updated: May 4, 2016 at 6:40 pm

ഇടതുപക്ഷത്തിന്റെ വര്‍ഗ രാഷ്ട്രീയത്തിനും രാജ്യം നേരിടുന്ന വര്‍ഗീയ രാഷ്ട്രീയത്തിനുമെതിരായ വിധിയെഴുത്താണ് കേരളത്തില്‍ ഈ മാസം 16ന് നടക്കുന്നതെന്ന് ഇന്‍കാസ് ഖത്വര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കെ കെ ഉമസ്മാന്‍. അക്രമത്തിനും ഫാസിസത്തിനുമെതിരെ എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. ഇരുട്ടിന്റെ മറവില്‍ ആര്‍ എസ് എസ് മനസ്സു പുലര്‍ത്തുന്ന സി പി എമ്മുകാരാണ് കോണ്‍ഗ്രസിനെതിരെ ബി ജെ പി കൂട്ടുകെട്ട് ആരോപിക്കുന്നത്. കേരളത്തില്‍ ബി ജെ പിക്ക് സാധ്യതയുള്ള ഏതെങ്കിലും മണ്ഡലത്തില്‍ കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ടെന്ന് തെളിയിക്കാമോ.
ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇടക്കിടെ ദേശസ്‌നേഹം തെളിയിക്കേണ്ടി വരുന്നതു പോലെ ഞങ്ങള്‍ക്ക് ഇടക്കിടക്ക് ആര്‍ എസ് എസ് വിരുദ്ധത പ്രകടിപ്പിക്കേണ്ട കാര്യമൊന്നുമില്ല. ഇന്ത്യയില്‍ മതേതര നിലപാട് പുലര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഞങ്ങളുടെ ചരിത്രവും അതാണ്. ഇടതുപക്ഷത്തിനെതിരെ ഞങ്ങള്‍ക്കും ഇതേ ആരോപണം ഉന്നയിക്കാമല്ലോ. തിരഞ്ഞെടുപ്പു ഫലം വന്നാല്‍ അറിയാം. ഏതൊക്കെ മണ്ഡലത്തില്‍ ആരുടെയൊക്കെ വോട്ടുകളാണ് ബി ജെ പിക്ക് മറിഞ്ഞതെന്ന്. മറ്റു രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിക്കാനില്ലാതെ വരുമ്പോള്‍ ഒരു സുപ്രഭാതത്തില്‍ പറയുന്ന ആരോപണമാണ് വര്‍ഗീയ ബന്ധം. പാലക്കാട് നഗരസഭയില്‍ ബി ജെ പിക്ക് ഭരിക്കാന്‍ അവസരം സൃഷ്ടിച്ചത് ആരാണെന്നു നോക്കിയാല്‍ മനസ്സിലാകും ഇടതുപക്ഷത്തിന്റെ ബി ജെ പി വിരുദ്ധത. എന്നാല്‍ കേരളത്തില്‍ ഒരു പഞ്ചായത്തില്‍ പോലും കോണ്‍ഗ്രസ് പിന്തുണയോടെ ബി ജെ പി ഭരിക്കുന്നില്ല.
കേരളത്തില്‍ മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായി ഒരു ഗവണ്‍മെന്റിന്റെ തുടര്‍ഭരണം ചര്‍ച്ച ചെയ്യുകയാണ്. 2011ല്‍ വി എസ് മന്ത്രിസഭയുടെ കാലാവധി അവസാനിക്കുമ്പോള്‍ സര്‍ക്കാറിന്റെ നയവൈകല്യം, വികസനമുരടിപ്പ് തുടങ്ങി ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. എന്നാല്‍, ഈ തിരഞ്ഞെടുപ്പില്‍ അത്തരം വിഷയങ്ങളൊന്നും സര്‍ക്കാറിനെതിരെ ഉന്നയിക്കാനില്ല. മറുഭാഗത്ത് ടി പി ചന്ദ്രശേഖരനെയും അരിയില്‍ ശുക്കൂറിനെയും നിഷ്ഠൂരമായി കൊല ചെയ്ത സി പി എമ്മിനെയാണോ ജനം ജയിപ്പിക്കേണ്ടത്. ശാന്തമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തില്‍ പോലും സി പി എം പ്രവര്‍ത്തകര്‍ ബോംബ് പൊട്ടി മരിക്കുന്നു. കാക്കയെ കൊല്ലാന്‍ ഉണ്ടാക്കിയതല്ലല്ലോ ബോംബ്. പലിശയടക്കം തിരിച്ചു കൊടുക്കുന്ന പാര്‍ട്ടിയാണ് തങ്ങളുടെതെന്നാണ് ജയരാജന്‍ പ്രസംഗിക്കുന്നത്.
അഞ്ചു കൊല്ലം കൊണ്ട് അമ്പതു വര്‍ഷത്തെ നേട്ടമാണ് ഉമ്മന്‍ചാണ്ടി കൈവരിച്ചത്. നിസാരമെന്നു തോന്നുന്ന കാര്യങ്ങളില്‍ പോലും ഇടപെട്ട് ജനങ്ങള്‍ക്ക് ക്ഷേമമെത്തിച്ചു. സര്‍ക്കാറിനെതിരെ ഒരു അഴിമതിയും തെളിഞ്ഞിട്ടില്ല. ആരോപണങ്ങളുടെ സ്ഥിതി ജനം മനസ്സിലാക്കും. ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ടും മറ്റും സംഭവിക്കുന്ന പിഴവുകള്‍ സര്‍ക്കാര്‍ തിരുത്താന്‍ സന്നദ്ധമായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ഭരണ മികവില്‍ യു ഡി എഫ് 75 മുതല്‍ 83 വരെ സീറ്റു നേടി വന്‍വിജയം നേടാന്‍ പോകുകയാണ്. ബലബാര്‍ ജില്ലകളില്‍ മുന്നണി വലിയ മുന്‍തൂക്കമുണ്ടാക്കുമെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു.