സ്‌ട്രോക്ക് രോഗികള്‍ക്കായി പ്രത്യേക കേന്ദ്രം

Posted on: May 4, 2016 6:38 pm | Last updated: May 4, 2016 at 6:38 pm

ദോഹ: സ്‌ട്രോക്ക് ബാധിച്ച് തുടര്‍ പരിചരണവും ദീര്‍ഘകാല ചികിത്സയും വേണ്ടി വരുന്ന രോഗികള്‍ക്കായി ഹമദ് മെഡിക്കല്‍ സിറ്റിയില്‍ പ്രത്യേക ചികിത്സാ കേന്ദ്രം. ഖത്വര്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റ്റ്റിയൂട്ട് എന്ന പേരിലുള്ള കേന്ദ്രം രാജ്യത്തെ ചികിത്സാ സേവനങ്ങളില്‍ നാഴികക്കല്ലായിരിക്കുമെന്ന് അധികൃതര്‍ പറയുന്നു.
ലോകോത്തര സംയോജിത ചികിത്സാ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കുന്നത്. സ്‌ട്രോക്കില്‍ നിന്നും മുക്തി നേടുന്ന രോഗികള്‍ക്ക് പ്രത്യേക പരിചരണം എന്നതാണ് ലക്ഷ്യം. രോഗത്തില്‍നിന്നു മുക്തി നേടിയവര്‍ക്ക് കൂടുതല്‍ കാലം പരിചരണം വേണ്ടി വരുന്നതു പരിഗണിച്ചുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഇവിടെ സജ്ജമാക്കുന്നത്. എച്ച് എം സി യുടെ നേതൃത്വത്തില്‍ തുറക്കുന്ന ഏഴു പുതിയ ആശുപത്രികളിലൊന്നാണിത്.
പരമ്പരാഗതമായി മറ്റു ആശുപത്രികളില്‍ നിന്നും ലഭിച്ചു വരുന്ന ചികിത്സകളില്‍നിന്നു തികച്ചും വ്യത്യസ്തവും നൂതനവും രോഗം ബാധിച്ചവരുടെ പുനരധിവാസത്തിനും അവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന് അതിവേഗം സഹായിക്കുന്നതുമായ സൗകര്യങ്ങളാണ് ആശുപത്രിയില്‍ തയാറാക്കുന്നതെന്ന് റുമൈല ഹോസ്പിറ്റല്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം ആക്ടിംഗ് ചെയര്‍പേഴ്‌സന്‍ വഫാ അല്‍ യസീദി പറഞ്ഞു. സാങ്കേതിക മികവുകളുള്ള ഇന്‍പേഷ്യന്റ് യൂനിറ്റില്‍ ഫിസിഷ്യന്‍, നഴ്‌സ്, തെറാപ്പിസ്റ്റ് തുടങ്ങിയ വിദഗ്ധരുടെ സേവനം ലഭ്യമാകും. ഏറ്റവും പുതിയ ചികിത്സാ സംവിധാനങ്ങളാണ് ഇവിടെ സജ്ജമാക്കുകയെന്നും അവര്‍ പറഞ്ഞു.