ജിഷയുടെ ശരീരത്തില്‍ 38 മുറിവുകള്‍; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Posted on: May 4, 2016 2:52 pm | Last updated: May 5, 2016 at 10:41 am

JISHAആലപ്പുഴ: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ജിഷയുടെ ശരീരത്ത് 38 മുറിവുകളുണ്ടെന്ന് കണ്ടെത്തി. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലൈംഗിക പീഡനത്തിന് ശ്രമം നടന്നുവെന്നും എന്നാല്‍ പീഡനം നടന്നോ എന്ന് വ്യക്തമാകാന്‍ ഡിഎന്‍എ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രൂരമായ മര്‍ദ്ദനവും ജിഷ നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ആലപ്പുഴ മെഡിക്കല്‍ കോളജ്  അന്വേഷണ സംഘത്തിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറി.

അതേസമയം പിജി വിദ്യാര്‍ഥിയുടെ നേതൃത്വത്തിലാണ് ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്ന വാര്‍ത്തകള്‍ ആശുപത്രി അധികൃതര്‍ തള്ളി. അസോസിയേറ്റ് പ്രൊഫസറുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടി. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി പെരുമ്പാവൂര്‍ സന്ദര്‍ശിക്കും.

sketch
പോലീസ് പുറത്തുവിട്ട രേഖാചിത്രം

അതേ സമയം ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ദൃക്‌സാക്ഷികളുടെ സഹായത്തോടെ തയ്യാറാക്കിയ രേഖാചിത്രമാണ് പുറത്തുവിട്ടത്. പോലീസ് കസ്റ്റഡിയിലുള്ള അയല്‍വാസിയുമായി ചിത്രത്തിന് സാമ്യമുണ്ടെങ്കിലും ഇയാള്‍ പ്രതിയാണെന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ല. ഇനിയും കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നാണ് പോലീസ് പറയുന്നത്. പന്തല്‍ നിര്‍മാണ തൊഴിലാളിയും സ്ത്രീയുമാണ് കൊലപാതകിയെ കണ്ടതായി പോലീസിന് മൊഴി നല്‍കിയത്. കൊലപാതകം നടത്തിയതിനു ശേഷം കനാല്‍ വഴിയാണ് ഇയാള്‍ പുറത്തേക്കുപോയത്. മഞ്ഞ ഷര്‍ട്ടാണ് ഇയാള്‍ ധരിച്ചതെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്.