പിണക്കവും തര്‍ക്കവും ആരെ തുണക്കും …?

Posted on: May 4, 2016 5:14 am | Last updated: May 4, 2016 at 12:19 am

vatakaraസോഷ്യലിസ്റ്റുകളുടെ പോരാട്ടത്തിനാണ് കടത്തനാടന്‍ മണ്ണ് സാക്ഷ്യം വഹിക്കുന്നത്. ഒരിക്കല്‍ വഴി പിരിഞ്ഞവരാണ് നേരിട്ട് ഏറ്റുമുട്ടുന്നതെന്നത് കൊണ്ട് തന്നെ പോരിന് മൂര്‍ച്ചയും കൂടും. വടകരയില്‍ ജനതാദള്‍ യു വിലും കോണ്‍ഗ്രസിലും തര്‍ക്കവും പിണക്കവും ശക്തമാണെന്നതിനാല്‍ യു ഡി എഫിന് ആശങ്കയുണ്ട്. ജനതാദള്‍ യു സ്ഥാനാര്‍ഥിയായി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് പാര്‍ട്ടിയില്‍ പൊട്ടലും ചീറ്റലും തുടങ്ങിയത്. ഒടുവില്‍ ജില്ലാ സെക്രട്ടറിയായിരുന്ന എടയത്ത് ശ്രീധരനും സംസ്ഥാന കമ്മിറ്റിയംഗം കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണനും പാര്‍ട്ടി വിടുകയും എല്‍ ഡി എഫിന് വേണ്ടി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.
വടകരയില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയായി സി കെ നാണു തന്നെ മത്സരിക്കുന്നതിനെ തുടര്‍ന്ന് ജനതാദള്‍ എസില്‍ പ്രശ്‌നമുണ്ടായിരുന്നു. സി കെ നാണു മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും നാണു മത്സരിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു. വടകര സീറ്റിനായി പ്രേംനാഥ് മുതല്‍ ഇ പി ദാമോദരന്‍ വരെയുള്ളവര്‍ കുപ്പായവും തുന്നി കാത്തിരിക്കുമ്പോഴാണ് സി കെ നാണു സ്ഥാനാര്‍ഥിയായത്. ഇത് പാര്‍ട്ടിയില്‍ പ്രതിഷേധമുണ്ടാക്കിയിരുന്നു. സി കെ നാണുവിനോടുള്ള അമര്‍ഷം യു ഡി എഫിന് ഗുണമാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴായിരുന്നു ജനതാദള്‍ യു വിലെ തര്‍ക്കവും പരസ്യമായത്.
വിമതര്‍ക്ക് സ്വാധീനമുണ്ടെന്നത് മനയത്ത് ചന്ദ്രന്റെ വിജയ പ്രതീക്ഷക്ക് കോട്ടം തട്ടിയിരിക്കുകയാണ്. വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസിനകത്തും പൊട്ടിത്തെറിയുണ്ട്. ഡി സി സി ജന സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ തിരുവള്ളൂര്‍ മുരളിയുടെ നേതൃത്വത്തിലുള്ള വിഭാഗം ഉയര്‍ത്തിയ വെല്ലുവിളിയും മുന്നണിക്ക് ഭീഷണിയായുണ്ട്.
ആര്‍ എം പിക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയും മത്സരിക്കുന്നുണ്ട്. വടകര മണ്ഡലത്തില്‍ ആര്‍ എം പി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്തായിരത്തിലേറെ വോട്ട് നേടിയിരുന്നു. അതിനിടെ വടകരയില്‍ ആര്‍ എം പി സ്ഥാനാര്‍ഥിക്ക് മുസ്‌ലിം ലീഗ് വോട്ട് മറിക്കാന്‍ ധാരണയായതായി ആരോപണമുയര്‍ന്നിട്ടുണ്ട്. പകരം കുറ്റിയാടിയില്‍ മുസ്‌ലിം ലീഗിന് ആര്‍ എം പി വോട്ട് മറിക്കുമെന്നാണ് ആരോപണം. ബി ജെ പി സ്ഥാനാര്‍ഥിയായി അഡ്വ എം രാജേഷാണ് മത്സരിക്കുന്നത്. തിരുവള്ളൂര്‍ മുരളി ആഭ്യന്തര മന്ത്രിക്കെതിരെ നടത്തിയ ആരോപണങ്ങളെ തുടര്‍ന്ന് തിരുവള്ളൂര്‍ മുരളിയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പുറത്താക്കപ്പെട്ട മുരളിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള എസ് ജെ ഡിയിലെ കടുത്ത വിഭാഗീയത കൈയാങ്കളിയില്‍ കലാശിച്ചിരുന്നു. അന്ന് യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എം കെ പ്രേംനാഥിനെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം പരസ്യമായി രംഗത്തിറങ്ങുകയായിരുന്നു. ഇപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായ ജെ ഡി യുവിലെ മനയത്ത് ചന്ദ്രനായിരുന്നു അന്ന് പ്രതിസ്ഥാനത്ത്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും മുസ്‌ലിം ലീഗുമായുള്ള ബന്ധം വഷളായിരുന്നു. ലീഗ് കോട്ടകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് കുറഞ്ഞത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. നേരിയ ഭൂരിപക്ഷത്തിനാണ് 2011 ലെ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി കെ നാണു ജയിച്ചതെന്നത് കൊണ്ട് ഇരു മുന്നണികളുടേയും സ്ഥാനാര്‍ഥികള്‍ക്ക് ജയിച്ചു കയറണമെങ്കില്‍ വല്ലാതെ വിയര്‍ക്കേണ്ടിവരും.
ഇരുമുന്നണികളും വടകരയിലെ മത്സരം അഭിമാന പോരാട്ടമായാണ് വിലയിരുത്തുന്നത്.ആദ്യകാലങ്ങളില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളെ ജയിപ്പിച്ച മണ്ഡലം പിന്നീട് വിവിധ പേരുകളില്‍ അറിയപ്പെട്ട സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളെ നിയമസഭയിലെത്തിക്കുകയായിരുന്നു. 2009ല്‍ ജനതാദള്‍ പിളര്‍ന്നപ്പോള്‍ ഇരുമുന്നണികളിലും ചേര്‍ന്ന രണ്ട് വിഭാഗങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളമൊരുങ്ങിയത് വടകരയിലായിരുന്നു. എം കെ കേളുവാണ് വടകരയുടെ ആദ്യ എം എല്‍ എ. പിന്നീട് കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ സോഷ്യലിസ്റ്റുകളുടെ ഊഴമായിരുന്നു. അടിയന്തരാവസ്ഥയെ തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ സി പി എമ്മിലെ പി വി കുഞ്ഞിക്കണ്ണനെ പരാജയപ്പെടുത്തി വടകരയില്‍ നിന്ന് വിജയിച്ച കെ ചന്ദ്രശേഖരന്‍ പിന്നീട് ഏറെക്കാലം മണ്ഡലത്തെ പ്രതിനിധീകരിച്ചു. ആദ്യം യു ഡി എഫിനൊപ്പമായിരുന്നെങ്കില്‍ പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കെ ചന്ദ്രശേഖരന്റെ പാര്‍ട്ടി എല്‍ ഡി എഫിനൊപ്പമായിരുന്നു.
2001ല്‍ എല്‍ ഡി എഫിലെ സി കെ നാണു 14159 വോട്ടിന് തിരഞ്ഞെടുക്കപ്പെട്ടു. 2006ല്‍ അഡ്വ. എം കെ പ്രേംനാഥും ഇവിടെ നിന്നും എം എല്‍ എയായി. കഴിഞ്ഞ തവണ ജെ ഡി എസിലെ സി കെ നാണു എസ് ജെ ഡിയിലെ അഡ്വ. എം കെ പ്രേംനാഥിനെ പരാജയപ്പെടുത്തിയത് 847 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു.
സി പി എം വിട്ട ടി പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ആര്‍ എം പിയുടെ സ്ഥാനാര്‍ഥി എന്‍ വേണു 10098 വോട്ട് നേടി. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ യു ഡി എഫിനായിരുന്നു വിജയമെങ്കിലും പിന്നീട് നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് നില മെച്ചപ്പെടുത്തി. വടകര നഗരസഭാ ഭരണം എല്‍ ഡി എഫ് നിലനിര്‍ത്തി. ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകള്‍ യു ഡി എഫും ഒഞ്ചിയം ആര്‍ എം പിയുമാണ് ഭരിക്കുന്നത്. കഴിഞ്ഞ തവണ 1,41,290 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ 1,55,704 ആയി വര്‍ധിച്ചു. ഇത്തവണ സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 82916 സ്ത്രീ വോട്ടര്‍മാരും 73788 പുരുഷ വോട്ടര്‍മാരുമാണുള്ളത്.