കടല്‍ക്കൊല: ഇറ്റലി നിയമാധികാരത്തെ വെല്ലുവിളിക്കുകയാണെന്ന് ഇന്ത്യ

Posted on: May 3, 2016 11:34 pm | Last updated: May 3, 2016 at 11:34 pm

US-INDIA-ECONOMY-JAITLEYന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ രാജ്യത്തിന്റെ നിയമാധികാരത്തെ ഇറ്റലി വെല്ലുവിളിക്കുകയാണെന്ന് ഇന്ത്യ. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇറ്റലിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്. കടല്‍ക്കൊല കേസില്‍ ഇന്ത്യയില്‍ തടവിലുള്ള ഇറ്റാലിയന്‍ നാവികനെ ഇന്ത്യ മോചിപ്പിക്കണമെന്നും നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും യു എന്‍ മധ്യസ്ഥ കോടതി വിധിച്ചതിന് പിന്നാലെയാണ് വിമര്‍ശവുമായി ധനമന്ത്രി രംഗത്തെത്തിയത്.
ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ രാജ്യാന്തര ട്രൈബ്യൂണല്‍ വിധി തിരിച്ചടിയല്ലെന്നും ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിന് സ്വദേശത്തേക്ക് മടങ്ങാന്‍ വഴിയൊരുക്കുന്ന രാജ്യാന്തര ട്രൈബ്യൂണല്‍ വിധിയെക്കുറിച്ച് ലോക്‌സഭയില്‍ സര്‍ക്കാര്‍ സ്വമേധയാ പ്രസ്താവന നടത്തുകയായിരുന്നു.
അനാരോഗ്യം കാരണം വിശ്രമിക്കുന്ന വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനു വേണ്ടി പ്രസ്താവന നടത്തിയ അരുണ്‍ ജെയ്റ്റ്‌ലി നാവികരുടെ കാര്യത്തില്‍ സുപ്രീം കോടതിയുടെ അധികാരം ഊന്നിപ്പറയുന്നതാണ് ട്രൈബ്യൂണല്‍ വിധിയെന്ന് അവകാശപ്പെട്ടു. കോടതി ഉത്തരവ് ഇറ്റലി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിതെന്നും കോടതിവിധി ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു.