ബെംഗളൂരുവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

Posted on: May 3, 2016 5:51 pm | Last updated: May 3, 2016 at 11:32 pm

bengaluruബെംഗളൂരു:ബെംഗളൂരുവില്‍ മണിപ്പൂര്‍ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍ യൂബര്‍ ടാക്‌സി ഡ്രൈവറായ അക്ഷയ് (24) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 23ന് രാത്രി 10 മണിയോടെയാണ് യുവതിയെ സൗത്ത് ബെംഗളൂരുവിലെ താമസസ്ഥലത്തിന് സമീപത്ത് നിന്നും പിടിച്ചുകൊണ്ടുപോയത്. യുവതി കരഞ്ഞു നിലവിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയിരുന്നില്ല. പിന്നീട് സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പീഡനശ്രമം പുറംലോകമറിഞ്ഞത്.

ഫോണില്‍ സംസാരിക്കുകയായിരുന്ന യുവതിയെ പിന്നിലൂടെയെത്തി വായ പൊത്തിപ്പിടിച്ച് സമീപത്തെ കെട്ടിടത്തിലേക്ക് പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഇയാളുടെ കൈയില്‍ കടിച്ചാണ് യുവതി രക്ഷപ്പെട്ടത്. അക്രമിയെ കണ്ടാല്‍ തിരിച്ചറിയാനാവുമെന്ന് യുവതി നേരത്തെ പറഞ്ഞിരുന്നു.

യുവതിയുടെ കൈയില്‍ മൊബൈല്‍ ഫോണും പഴ്‌സും ഉണ്ടായിരുന്നെങ്കിലും ഇതൊന്നും തട്ടിയെടുക്കാന്‍ പ്രതി ശ്രമിക്കാതിരുന്നത് ലൈംഗിക അതിക്രമം തന്നെയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കുന്നു. ബെംഗളൂരുവിലെ ഒരു ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയാണ് യുവതി.