യുദ്ധത്തിനിതിരെ ഗുര്‍മെഹറിന്റെ ‘ശക്തമായ നിശ്ശബ്ദത’

Posted on: May 3, 2016 11:30 am | Last updated: May 3, 2016 at 11:30 am

gurmehar kourന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അവളുടെ നാല് മിനുട്ട് നീണ്ട വീഡിയോക്ക് വാക്കുകളെക്കാള്‍ ശക്തിയുണ്ട്. കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷിയാ ക്യാപ്റ്റന്‍ മന്‍ദീപ് സിംഗിന്റെ മകള്‍ പത്തൊമ്പതുകാരിയായ ഗുര്‍മെഹര്‍ കൗറിന്റെ വീഡിയോ ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്.
നിശ്ശബ്ദയായി 30 പ്ലക്കാര്‍ഡുകളിലൂടെയുള്ള അവളുടെ ‘സംസാരം’ യുദ്ധത്തിനെതിരെയുള്ളതും ഇന്ത്യ- പാക് സൗഹൃദത്തിന് വേണ്ടിയുള്ളതുമാണ്. രണ്ട് വയസ്സ് മാത്രമുള്ളപ്പോള്‍ പിതാവിനെ നഷ്ടപ്പെട്ട സങ്കടം അവതരിപ്പിച്ചുകൊണ്ടാണ് കൗര്‍ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങുന്നത്. പിതാവ് ഇല്ലാതാകുന്നതിന്റെ വേദനകളെ കുറിച്ചുള്ള നിരവധി ഓര്‍മകള്‍ തനിക്കുണ്ടെന്ന് ഒരു പ്ലക്കാര്‍ഡില്‍ പറയുന്നു. തന്റെ പിതാവിനെ കൊല ചെയ്ത പാക്കിസ്ഥാനോടും ആ നാട്ടിലെ ജനങ്ങളോടുമുള്ള വെറുപ്പിനെ കുറിച്ചുള്ള ഓര്‍മകളും മനസ്സിലുണ്ട്. ഒരിക്കല്‍ ബുര്‍ഖ ധരിച്ച സ്ത്രീയെ താന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചു. ആ സ്ത്രീയാണ് പിതാവിനെ കൊന്നതെന്ന് എങ്ങനെയോ താന്‍ വിശ്വസിച്ചിരുന്നു. മാതാവാണ് ആ ആക്രമണ ശ്രമത്തില്‍ നിന്ന് തന്നെ തടഞ്ഞത്. മുസ്‌ലിംകളെല്ലാം പാക്കിസ്ഥാനികളാണെന്നായിരുന്നു തന്റെ ധാരണ. അന്ന് അമ്മ പറഞ്ഞുതന്നു- പാക്കിസ്ഥാനല്ല, യുദ്ധമാണ് പിതാവിനെ കൊന്നതെന്ന്. ‘ഇന്ന് ഞാനും പിതാവിനെ പോലെ സൈനികയാണ്. ഞാന്‍ ഇന്ത്യ- പാക് സമാധാനത്തിന് വേണ്ടി യുദ്ധം ചെയ്യുന്നു.’- മറ്റൊരു പ്ലക്കാര്‍ഡില്‍ ജലന്തര്‍ സ്വദേശിയായ ഗുര്‍മെഹര്‍ കൗര്‍ പറയുന്നു.

 

‘രണ്ട് ലോക യുദ്ധങ്ങള്‍ക്ക് ശേഷം ജപ്പാനും ഫ്രാന്‍സിനും സൗഹൃദമാകാമെങ്കില്‍ നമുക്കെന്തുകൊണ്ട് ആയിക്കൂടാ’ എന്ന് പ്ലക്കാര്‍ഡുകളിലൂടെ ഗുര്‍മെഹര്‍ കൗര്‍ ചോദിക്കുന്നു. ‘ഭൂരിപക്ഷം ഇന്ത്യക്കാരും പാക്കിസ്ഥാനും ആഗ്രഹിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കിടയിലെ സൗഹൃദമാണ്’, ‘മതി ഭരണകൂട ഭീകരത’, ‘മതി ഭരണകൂട ചാരപ്രവര്‍ത്തനങ്ങള്‍’, മതി ഭരണകൂട വിദ്വേഷം’ എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഗുര്‍മെഹര്‍ കൗറിന്റെ യുദ്ധവിരുദ്ധ വീഡിയോ പൂര്‍ത്തിയാകുന്നത്.