Connect with us

Kerala

ജിഷയുടെ മരണം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം  മദ്ധ്യമേഖല ഐ.ജി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊലപാതകത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രൂരമായ കൊലപാതകം കേരളത്തെ നടുക്കിയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉച്ചയ്ക്ക് ജിഷയുടെ വീട് സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജിഷ ബലാത്സംഗത്തിനും രഹസ്യഭാഗങ്ങളില്‍ ആയുധമുപയോഗിച്ചുള്ള അതിക്രൂരമായ ആക്രമണത്തിനും ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെളിപ്പെട്ടിരുന്നു. ജിഷ മരിച്ച ആറു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളിലേക്കും പരിചയക്കാരിലേക്കും പൊലീസിന്റെ അന്വേഷണം നീളുന്നുണ്ട്. കൊലപാതകം നടന്ന സമയവും മൊഴികളും പരിഗണിച്ചാണ് വീട്ടുകാരെ അറിയുന്നവരാകും കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. ഡല്‍ഹിയില്‍ നിര്‍ഭയയ്ക്ക് സമാനമായ രീതിയില്‍ ക്രൂരമായായിരുന്നു ജിഷയെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കും അഞ്ചു മണിക്കും ഇടയിലാണ് കുറുപ്പംപടി വട്ടോലിക്കനാലിനു സമീപത്തെ ഒറ്റമുറിവീട്ടില്‍ ജിഷ കൊലചെയ്യപ്പെട്ടത്. ജിഷ കൊല്ലപ്പെടുമ്പോള്‍ അമ്മ ജോലിക്ക് പോയിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയം മനസിലാക്കിയ ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ജിഷയുടെ സഹോദരിയും സംശയിക്കുന്നു. ജിഷയുടെ മൃതദേഹം കണ്ട അമ്മയുടെ മൊഴി വ്യക്തമല്ലാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. മാനഭംഗം ചെയ്യപ്പെട്ട ശേഷം ജനനേന്ദ്രീയത്തില്‍ ക്രൂരമായ രീതിയില്‍ പരിക്കേല്‍പിച്ചാണ് ജിഷയെ കൊലപ്പെടുത്തിയത്. ശരീരത്തില്‍ 30 ഓളം മുറിവുകളുമുണ്ടായിരുന്നു.