മലമ്പുഴയില്‍ വി എസ്. ബി ജെ പിയുടെ വോട്ട് വാങ്ങി: ഉമ്മന്‍ ചാണ്ടി

Posted on: May 3, 2016 1:49 am | Last updated: May 3, 2016 at 9:50 am

പാലക്കാട്: മലമ്പുഴയില്‍ വി എസ്. ബി ജെ പിയുടെ വോട്ട് വാങ്ങിയെന്ന് ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പിലെ കണക്കുകള്‍ ഇതിന് തെളിവാണെന്നും മുഖ്യമന്ത്രി പറയുന്നു. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിയുടെ ആരോപണം. കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളായി മലമ്പുഴ മണ്ഡലത്തിലെ ബി ജെ പി വോട്ടുകള്‍ പൂര്‍ണമായി വി എസ് അച്യുതാനന്ദനാണ് വാങ്ങിയിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. 2006ല്‍ ബി ജെ പിക്ക് മലമ്പുഴയില്‍ ലഭിച്ചത് 3.75 ശതമാനം വോട്ടായിരുന്നു. എന്നാല്‍ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ ബി ജെ പിക്ക് ലഭിച്ച വോട്ട് 7.1 ശതമാനമായി (9498 വോട്ട്) ഉയര്‍ന്നു. 2011ല്‍ മലമ്പുഴ മണ്ഡലത്തില്‍ ബി ജെ പി മത്സരിച്ചതേയില്ല. അന്ന് ബി ജെ പിയുടെ ഘടകക്ഷിയായിരുന്ന ജെ ഡി യു കേരളത്തില്‍ മത്സരിച്ച ഏക സീറ്റായിരുന്നു മലമ്പുഴ. അന്ന് ജെ ഡി യുവിന് ലഭിച്ചത് വെറും 2772 വോട്ട് മാത്രം (2.03 ശതമാനം). 2006ലും 2011ലും ബി ജെ പിയുടെ വോട്ട് അച്യുതാനന്ദന്റെ പെട്ടിയിലേക്കാണ് പോയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
എന്നാല്‍ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ നിന്ന് ബി ജെ പിക്ക് ലഭിച്ചത് 23,433 (16.75 ശതമാനം) വോട്ടായിരുന്നു. വി എസ് വോട്ട് നല്‍കുന്ന പരിപാടി ബി ജെ പി ലോക്‌സഭാ തിരഞ്ഞെടുപ്പിലെത്തിയപ്പോള്‍ പാലിച്ചില്ല. ലേക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നടത്തിയ ശക്തമായ മുന്നേറ്റം കണ്ട വി എസ് ഇപ്പോള്‍ തീര്‍ത്തും പരിഭ്രാന്തിയിലാണെന്നും മുഖ്യമന്ത്രി ആക്ഷേപിച്ചു.