കരിപ്പൂര്‍ ‘റെണ്‍വേ’യില്‍ മുന്നണികളുടെ വോട്ടോട്ടം

Posted on: May 3, 2016 9:16 am | Last updated: May 3, 2016 at 9:16 am

കോഴിക്കോട്:കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തോട് കാണിക്കുന്ന അവഗണന മലബാറിലെ തിരഞ്ഞെടുപ്പ് വേദികളില്‍ ചര്‍ച്ചയാകുന്നു. രാജ്യത്തിന് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം നേടിതരുന്ന ഗള്‍ഫ് മലയാളികള്‍ ഏറെ ആശ്രയിക്കുന്ന കരിപ്പൂരിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ വലിയ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. പ്രവാസികള്‍ക്ക് പുറമെ കരിപ്പൂരിന്റെ അവസ്ഥയില്‍ വ്യാപാര- വ്യവസായ സമൂഹവും പ്രതിഷേധത്തിലാണ്. അനിശ്ചിതകാല നിരാഹാര സമരം അടക്കം നിരവധി പ്രക്ഷോഭങ്ങള്‍ കരിപ്പൂര്‍ പ്രശ്‌നത്തില്‍ നടന്നുകഴിഞ്ഞു. ഇതിനിടെ വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണം പൂര്‍ത്തിയായാലും വലിയ വിമാനങ്ങളുടെ രാജ്യന്തര സര്‍വീസുകള്‍ നടക്കില്ലെന്ന റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നതാണ് തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. പ്രശ്‌നം കേന്ദ്ര- സംസ്ഥാന സര്‍ക്കാറിനെതിരെ എല്‍ ഡി എഫ് പ്രചാരണ ആയുധമാക്കുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിനും എയര്‍പോര്‍ട്ട് അതോറിറ്റിക്കുമെതിരെയാണ് യു ഡി എഫ് ആക്ഷേപം ഉന്നയിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് വേണ്ടി തുക വകയിരുത്താത്തതും റണ്‍വേ നീളം കൂട്ടുന്നതിന് ആവശ്യമായ രീതിയില്‍ ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ കഴിയാത്തതും എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയ മുസ്‌ലിംലീഗും പ്രതിരോധ നടപടികള്‍ തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് ലീഗ് എം പി മാരായ ഇ അഹമ്മദും ഇ ടി മുഹമ്മദ് ബശീറും പി വി അബ്ദുല്‍ വഹാബും കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി ചര്‍ച്ച നടത്തിയത്. മന്ത്രിയുടെ വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. വലിയ വിമാനങ്ങളുടെ സര്‍വ്വീസ് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും പുനരാരംഭിക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റിക് നിര്‍ദേശം നല്‍കണമെന്ന് ലീഗ് എം പിമാര്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടത്. ഈ വര്‍ഷത്തെ ഹജ്ജ് സര്‍വ്വീസ് പോലും കരിപ്പൂരില്‍ നിന്ന് നടക്കില്ലെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്കുള്ള പ്രതിഷേധം തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ്.
കരിപ്പൂരില്‍ റണ്‍വേയുടെ നീളംകൂട്ടാതെ വലിയ വിമാനങ്ങളുടെ സര്‍വീസ് നടത്താകില്ലെന്ന ഉറച്ച നിലപാടിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി. വലിയ വിമാനങ്ങള്‍ക്ക് പകരം ഇടത്തരം വിമാനങ്ങള്‍ ഉപയോഗിച്ചും സര്‍വീസ് നടത്തുന്നതിനോടും ഇവര്‍ക്ക് യോജിപ്പില്ല. മലബാറിലെ ജനങ്ങള്‍ക്ക് വലിയ ദുരിതമാകും ഇത്മൂലം ഉണ്ടാകുക. ഈ സാഹചര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ കാര്യക്ഷമായ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ രക്ഷപ്പെടുത്താന്‍ കഴിയുകയുള്ളൂ. റണ്‍വേ നവീകരണം നടക്കുന്നതിനാല്‍ ആഭ്യന്തര സര്‍വീസുകള്‍ മാത്രമാണ് നിലവില്‍ കരിപ്പൂരില്‍ നിന്നുള്ളത്. ഇത് പൂര്‍ത്തിയായാലും റണ്‍വെ 13000അടിയായി നീളം കൂട്ടിയാല്‍ മാത്രമേ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കുകയുള്ളൂ. നിലവില്‍ 9,377 അടിയാണ് കരിപ്പൂരിലെ റണ്‍വേ. ഇതിനായി 248 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കേണ്ടതുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ടും ഇത് ഏറ്റെടുത്ത് നല്‍കാന്‍ സര്‍ക്കാറിന് കഴിയാത്തതാണ് എല്‍ ഡി എഫ് പ്രചാരണങ്ങളില്‍ പ്രധാനമായും ഉന്നയിക്കുന്നത്.
ഗള്‍ഫിലെ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, സഊദി എയര്‍ലന്‍സ് എന്നിവയെല്ലാം അനുമതി ലഭിച്ചാല്‍ നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തയ്യാറാണെന്നാണ് വിവരം. എന്നാല്‍ കരിപ്പൂര്‍ വിരുദ്ധ ലോബികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് അധികൃതര്‍ അനുമതി നല്‍കാത്തതെന്നാണ് ആരോപണം. കരിപ്പൂരിന്റെ കാര്യത്തില്‍ കേന്ദ്രത്തിന് ഒരു താത്പര്യവുമില്ലെന്നും ഇവിടത്തെ രാഷ്ട്രീയ കക്ഷികള്‍ ആരോപിക്കുന്നു.