മുഖ്യമന്ത്രിക്ക് ക്ലീന്‍ചിറ്റ്: ഉപലോകായുക്ത നടപടിയില്‍ ലോകായുക്തക്ക് അതൃപ്തി

Posted on: May 2, 2016 1:40 pm | Last updated: May 3, 2016 at 9:10 am

ommen with sivakumar

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയ ഉപലോകായുക്ത നടപടിയില്‍ ലോകായുക്തക്ക് അതൃപ്തി. ലോകായുക്ത പരിഗണിക്കുന്ന കേസുകളില്‍ ഉപലോകായുക്ത അഭിപ്രായം പറയുന്നത് അനൗചിത്യമാണെന്ന് ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് വ്യക്തമാക്കി. താന്‍ ഇന്ത്യയില്‍ പോലും ഇല്ലാത്തപ്പോഴാണ് ഇത്തരം വാര്‍ത്ത വന്നത്. അറിയാത്ത കാര്യങ്ങള്‍ക്ക് പഴി കേള്‍ക്കുന്നത് മുന്‍ജന്മ പാപമെന്നും ലോകായുക്ത പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ കേസില്ലെന്ന പരാമര്‍ശം കഴിഞ്ഞ ദിവസമാണ് ഉപലോകായുക്ത നടത്തിയത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആരോഗ്യ മന്ത്രി വിഎസ് ശിവകുമാറിനും എതിരായ അഴിമതി കേസ് പരിഗണിക്കവെയാണ് ലോകായുക്ത അതൃപ്തി അറിയിച്ചത്. മുന്‍ കെ.പി.സി.സി അംഗം അഗസ്റ്റിന്റെ മകള്‍ ഫന്‍വര്‍ അഗസ്റ്റിന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും വഴിവിട്ട് സഹായം നല്‍കിയെന്ന പരാതിയാണ് ലോകായുക്ത പരിഗണിച്ചത്.

റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ നിന്ന് ഹൈകോടതിയുടെ അനുമതിയോടെ പുറത്താക്കിയ ഫന്‍വറിനെ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വീസില്‍ തിരിച്ചെടുക്കുകയും ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്‌തെന്നാണ് ഇരുവര്‍ക്കുമെതിരായ ആരോപണം.