ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ കമ്പനി ബസുകള്‍ കത്തിച്ചു

Posted on: May 1, 2016 3:54 pm | Last updated: May 1, 2016 at 3:54 pm

bin ladan companyമക്ക: മാസങ്ങളായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രമുഖ കോണ്‍ട്രാക്റ്റിംഗ് കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പിന്റെ ബസുകള്‍ തൊഴിലാളികള്‍ തീയിട്ട് നശിപ്പിച്ചു. ശനിയാഴ്ച്ച രാത്രിയാണ് മക്കയിലെ റുസൈഫയില്‍ കമ്പനിയുടെ താമസ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ഏഴ് ബസുകള്‍ കത്തിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണമാരംഭിച്ചു.

മാസങ്ങളായി ശമ്പളം ലഭിക്കാതിരിക്കുകയാണ് പതിനായിരിക്കണക്കിന് തൊഴിലാളികള്‍. ശനിയാഴ്ച്ച വൈകുന്നേരം ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്, തൊഴിലാളികള്‍ കമ്പനി വാഹനങ്ങളുടെ ഗ്ലാസുകള്‍ പൊട്ടിച്ചതായും ഓഫീസുകളുടെ വാതിലുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി മലയാളികളടക്കം പതിനായിരങ്ങളാണു ബിന്‍ ലാദന്‍ കംബനിയില്‍ ജോലി ചെയ്യുന്നത്.

അതേ സമയം കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വേതനം നല്‍കാന്‍ കഴിയാത്തതിനാല്‍ മൂലം 50,000 തൊഴിലാളികള്‍ക്ക് ബിന്‍ ലാദന്‍ കമ്പനി ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കിയതായി കഴിഞ്ഞ ദിവസം സൗദിയിലെ ഒരു പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വേതന കുടിശ്ശികയില്‍ തീര്‍പ്പാകാതെ രാജ്യം വിടില്ലെന്ന നിലപാടിലാണു തൊഴിലാളികള്‍.