ആ ചുവപ്പന്‍ തുരുത്തുകളില്‍ എന്താണ് സംഭവിക്കുന്നത്?

ലോകവിശേഷം
Posted on: May 1, 2016 1:03 pm | Last updated: May 1, 2016 at 1:03 pm

dilma‘എനിക്ക് ഇനി അധികകാലമില്ല. ഞാന്‍ മരിച്ചാലും ആശയം നിലനില്‍ക്കണം. ക്യൂബയുടെ അഭിമാനകരമായ നിലനില്‍പ്പ് സാധ്യമാകണം. മനുഷ്യരുടെ ജീവിതത്തെ കൂടുതല്‍ മെച്ചപ്പെടുത്താനുതകുന്ന ഊര്‍ജം ക്യൂബയില്‍ നിന്ന് ലോകത്താകെ പ്രസരിക്കണം’- ഹവാനയിലെ പ്രസിദ്ധമായ കണ്‍വെന്‍ഷന്‍ സെന്ററില്‍ ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോ ഈയിടെ നടത്തിയ പ്രസംഗം ജീവിതത്തില്‍ നിന്നു തന്നെ വിടവാങ്ങല്‍ പ്രഖ്യാപിക്കുന്ന തരത്തിലായിരുന്നു. സാമ്രാജ്യത്വത്തിന്റെ പ്രലോഭനങ്ങളെക്കുറിച്ച് അദ്ദേഹത്തിനുള്ള ബോധ്യങ്ങളത്രയും കൃത്യമായി ഈ വാക്കുകളില്‍ നിറഞ്ഞ് നില്‍ക്കുന്നു. ബരാക് ഒബാമ ഹവാനയില്‍ വന്നിറങ്ങിയപ്പോള്‍ കാസ്‌ട്രോ പറഞ്ഞത്, ഒബാമയുടെ പഞ്ചസാര വാക്കില്‍ വീണുപോകരുതെന്നാണ്. അത് ക്യൂബക്ക് മാത്രമുള്ള മുന്നറിയിപ്പായിരുന്നില്ല. വലത്തോട്ട് ചായാന്‍ വെമ്പുന്ന ലാറ്റിനമേരിക്കന്‍ ജനസാമാന്യത്തിനാകെയുള്ള റെഡ് അലര്‍ട്ട് ആയിരുന്നു അത്.
സാമ്രാജ്യത്വ ശക്തികളെ ബദല്‍ സാമ്പത്തിക, രാഷ്ട്രീയ നയങ്ങള്‍ കൊണ്ട് വെല്ലുവിളിച്ച പാരമ്പര്യമാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കുള്ളത്. തകര്‍ത്തെറിയാന്‍ അമേരിക്കന്‍ ചേരി നടത്തിയ കുതന്ത്രങ്ങളെ ക്യൂബയുടെയും വെനിസ്വേലയുടെയും നേതൃത്വത്തിലുള്ള ഇടത് ചേരി സധീരം അതിജീവിക്കുകയായിരുന്നു. അത് സാധ്യമായത് പ്രത്യയശാസ്ത്രപരമായ സ്ഥൈര്യം കൊണ്ട് മാത്രമായിരുന്നില്ല. ഫിദല്‍ കാസ്‌ട്രോ, ഹ്യൂഗോ ഷാവേസ് തുടങ്ങിയ നേതാക്കളുടെ വ്യക്തി പ്രഭാവവും നിര്‍ണായകമായിരുന്നു. ബൊളിവേറിയന്‍ സമര ചരിത്രം ജനങ്ങളിലേക്ക് അതി ശക്തമായി പകര്‍ന്ന് കൊടുക്കാന്‍ അവര്‍ക്ക് സാധിച്ചു. തങ്ങളുടെ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്ന വിദേശ കുത്തക കമ്പനികളെയും അവയെ എല്ലാ അര്‍ഥത്തിലും സംരക്ഷിക്കുന്ന അമേരിക്കന്‍ ആജ്ഞകളെയും വെല്ലുവിളിച്ച് ദേശസാത്കരണത്തിന്റെ ഉജ്ജ്വലമായ ആത്മാഭിമാനത്തിലേക്ക് ഉണര്‍ന്നുവെന്നതാണ് ക്യൂബ, വെനിസ്വേല, ഇക്വഡോര്‍, ബൊളീവിയ, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളെ ബദല്‍ പ്രതീക്ഷകളുടെ നേതൃനിരയിലേക്ക് ഉയര്‍ത്തിയത്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ചു കൊണ്ട് ഈ രാജ്യങ്ങള്‍ തങ്ങളുടെ നയം ശരിയായിരുന്നുവെന്ന് തെളിയിക്കുകയും ചെയ്തു. എന്നാല്‍, ഷാവേസ് അന്തരിക്കുകയും കാസ്‌ട്രോ പൊതു ജീവിതത്തില്‍ നിന്ന് നിഷ്‌ക്രമിക്കുകയും ചെയ്തതോടെ വല്ലാത്തൊരു നേതൃ ദാരിദ്ര്യം മേഖലയെ വേട്ടയാടുന്നുണ്ട്. വ്യക്തികളല്ല, ആശയമാണ് നയിക്കുന്നതെന്ന ഇടത് ചിന്താഗതിയുടെ ദൗര്‍ബല്യം വ്യക്തമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ഏത് ഉപരോധത്തെയും അട്ടിമറിയെയും പ്രലോഭനത്തെയും മറികടക്കാന്‍ ക്യൂബന്‍ ജനതയെ പ്രാപ്തമാക്കിയത് കാസ്‌ട്രോയുടെ സജീവ സാന്നിധ്യമായിരുന്നു. പക്ഷേ, ‘വിപ്ലവ ക്യൂബ’ പോലും കാസ്‌ട്രോയുടെ വാക്കുകള്‍ ഇന്ന് മുഖവിലക്ക് എടുക്കുന്നില്ല. അത് അതിവേഗം കമ്പോളവത്കരണത്തിലേക്ക് നീങ്ങുകയാണ്. സോഷ്യലിസത്തില്‍ നിന്ന് ജനാധിപത്യ സോഷ്യലിസത്തിലേക്കും അവിടെ നിന്ന് മിശ്ര സാമ്പത്തിക ക്രമത്തിലേക്കും ആത്യന്തികമായി കമ്പോള, മുതലാളിത്ത സാമ്പത്തിക നയത്തിലേക്കും ക്യൂബ സഞ്ചരിക്കുകയാണ്. ഈ പരിവര്‍ത്തന ഘട്ടത്തില്‍ അടിമുടി ഉലയ്ക്കുന്ന ആശയക്കുഴപ്പത്തിലൂടെയാണ് ക്യൂബ കടന്ന് പോകുന്നത്.
ഇത്തരം ആശയക്കുഴപ്പം ലാറ്റിനമേരിക്കയിലെ ഇടത് ഭരണകൂടങ്ങള്‍ നിലനിനിന്നിരുന്ന മിക്ക രാജ്യങ്ങളിലും പ്രകടമാണ്. ‘ഇല്ലത്ത് നിന്ന് വിട്ടു, അമ്മാത്തൊട്ടെത്തിയുമില്ല’ എന്ന അവസ്ഥയിലാണ് ഈ രാജ്യങ്ങളെല്ലാം. രാഷ്ട്രങ്ങള്‍ ഇത്തരം പരിവര്‍ത്തന ഘട്ടങ്ങളിലൂടെ കടന്ന് പോകുമ്പോഴാണ് മൂലധന ശക്തികള്‍ കൗശലപൂര്‍ണായ ഇടപെടലുകള്‍ നടത്താറുള്ളത്. പലപ്പോഴും ഈ പരിവര്‍ത്തനങ്ങള്‍ നടപ്പാകുന്നത് തന്നെ സാമ്രാജ്യത്വ ശക്തികളുടെ ഇടപെടലിലൂടെയാണ്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ജനത തുറസ്സുകള്‍ക്കായി വ്യാമോഹിക്കുന്നു. അമേരിക്കയും കൂട്ടാളികളും അടിച്ചേല്‍പ്പിച്ച ഉപരോധങ്ങള്‍ വിശാലമായ സാങ്കേതിക വികാസത്തിന്റെയും ഉത്പന്ന വൈവിധ്യങ്ങളുടെയും സൗഭാഗ്യങ്ങള്‍ ഈ രാജ്യങ്ങള്‍ക്ക് അപ്രാപ്യമാകുന്നു. മാത്രമല്ല, തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വിശാലമായ വിപണി അസാധ്യമാകുകയും ചെയ്യുന്നു. ഇവ രണ്ടും ജനങ്ങള്‍ക്കിടയില്‍ സാമ്പത്തികമായ വീര്‍പ്പു മുട്ടല്‍ സൃഷ്ടിക്കുന്നുണ്ട്. ഈ വീര്‍പ്പു മുട്ടലാണ് ഇവിടങ്ങളില്‍ കലാപങ്ങളായും ഭരണവിരുദ്ധ പ്രക്ഷോഭങ്ങളായും പരിണമിക്കുന്നത്. ഈ പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന സംഘടനകളെയും നേതാക്കളെയും സ്‌പോണ്‍സര്‍ ചെയ്യുന്നത് അമേരിക്കന്‍ സാമ്രാജ്യത്വമായിരിക്കും. വെനിസ്വേലയില്‍ നിക്കോളാസ് മദുറോയുടെ സര്‍ക്കാറിനെതിരെ നടക്കുന്ന പ്രക്ഷോഭം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഇവിടെ ഷാവേസിന്റെ മരണ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അധികാരമേറ്റെടുത്ത മദുറോക്ക് നിരന്തരം വെല്ലുവിളികളായിരുന്നു. ഷാവേസിന്റെ കരിസ്മയെ ഭേദിക്കാനാകാതെ നിശ്ശബ്ദമായിരുന്ന എല്ലാ ശക്തികളും അമേരിക്കന്‍ പിന്തുണയോടെ മദുറോക്ക് നേരെ തിരിയുകയാണ്. മദുറോക്കാകട്ടേ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനാകുന്നില്ല. ഉപരോധങ്ങള്‍ വരിഞ്ഞു മുറുക്കുകയാണ്. മൂന്ന് വര്‍ഷത്തേക്ക് കൂടി വെനിസ്വേലക്ക് മേല്‍ ഉപരോധം നീട്ടണമെന്ന് നിഷ്‌കര്‍ഷിക്കുന്ന പ്രമേയം യു എസ് സെനറ്റ് പാസ്സാക്കിയത് കഴിഞ്ഞ ആഴ്ചയാണ്. ഈ സാഹചര്യത്തില്‍ മദുറോ സര്‍ക്കാറിന് വൈദ്യുതിക്കും ഭക്ഷണ സാധനങ്ങള്‍ക്കുമുള്ള സബ്‌സിഡി നിര്‍ത്തലാക്കേണ്ടി വന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. സ്വാഭാവികമായും ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നു. ഈ പ്രക്ഷോഭ കൊടുങ്കാറ്റില്‍ മദുറോ കടപുഴകി വീഴുമോയെന്ന് മാത്രമാണ് ഇനി അറിയാനുള്ളത്.
അര്‍ജന്റീനയില്‍ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടത് നേതാവ് ക്രിസ്റ്റിന കിര്‍ഷ്‌നറെ തകര്‍ത്ത് മധ്യ വലതുപക്ഷ നേതാവ് മൗറീഷ്യോ മാക്രി ആണ് ജയിച്ചു കയറിയത്. ഇക്വഡോറില്‍ വിപ്ലവാത്മക സാമ്പത്തിക നയങ്ങളുടെ വക്താവായി അറിയപ്പെടുന്ന പ്രസിഡന്റ് റാഫേല്‍ കൊറേയക്കെതിരെ പ്രതിഷേധം അരങ്ങേറുന്നുണ്ട്. അദ്ദേഹം സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ്. ബൊളീവിയയില്‍ ഇവോ മൊറേല്‍സ് ലൈംഗികാരോപണങ്ങളില്‍ പെട്ട് ആടിയുലയുന്നു. നാലാം തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായി അനുമതി തേടി അദ്ദേഹം നടത്തിയ ഹിതപരിശോധനയില്‍ മഹാഭൂരിപക്ഷവും ‘നോ’ വോട്ടാണ് ചെയ്തത്. ഈ നേതാക്കളെല്ലാം തങ്ങളുടെ ജനതയുടെ ജീവിത നിലവാരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ നയപരിപാടികള്‍ ധീരമായി നടപ്പാക്കിയവരാണ്. ആഭ്യന്തരവും അന്താരാഷ്ട്രവുമായ കടുത്ത സമ്മര്‍ദങ്ങളെ അതിജയിച്ചവരാണ് അവര്‍. പക്ഷേ പുതിയ പ്രക്ഷോഭങ്ങളില്‍ അവരുടെ കരുത്ത് ചോര്‍ന്നു പോകുന്നു.
ലാറ്റിനമേരിക്കയിലെ ഏറ്റവും വലുതും ശക്തവുമായ സമ്പദ്‌വ്യവസ്ഥയാണ് ബ്രസീലിന്റെത്. ഷാവേസും കാസ്‌ട്രോയും നേതൃത്വം നല്‍കിയ ലാറ്റിനമേരിക്കന്‍ കൂട്ടായ്മകളോട് പലപ്പോഴും മുഖം തിരിഞ്ഞ് നിന്ന ബ്രസീല്‍ പക്ഷേ അതിന്റെ ഇടത് പാത കൈവെടിഞ്ഞിരുന്നില്ല. അവിടെ ലൂലാ ഡി സല്‍വയുടെ പിന്‍ഗാമിയും രണ്ട് ഊഴം പ്രസിഡന്റ്പദം കൈയാളുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവുമായ ദില്‍മ റൂസഫിനെതിരെ വലിയ പ്രക്ഷോഭം നടക്കുകയാണ്. ലക്ഷക്കണക്കിനാളുകളാണ് പ്രധാനനഗരങ്ങളില്‍ ഒഴുകിയെത്തുന്നത്. പ്രസിഡന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനങ്ങള്‍ നടക്കുന്നു. ദില്‍മയെ ഇംപീച്ച് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പാര്‍ലിമെന്റിന്റെ അധോസഭയായ കോണ്‍ഗ്രസിലെ 513 അംഗങ്ങളില്‍ 367 പേര്‍ പ്രസിഡന്റിനെ പുറത്താക്കാനുള്ള പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇനി പ്രമേയം സെനറ്റ് ചര്‍ച്ചക്കെടുക്കും. ബ്രസീലിയന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അഥവാ പി എസ് ഡി ബിയാണ് ഈ ഇംപീച്ച്‌മെന്റ് നീക്കത്തിനായി കരുക്കള്‍ നീക്കുന്നത്. തികഞ്ഞ വലതുപക്ഷ, യു എസ് അനുകൂല പാര്‍ട്ടിയാണ് പി എസ് ഡി ബി. അധോസഭയുടെ സ്പീക്കറും പി എസ് ഡി ബി പ്രതിനിധിയുമായ എഡ്വേര്‍ഡോ കുന്‍ഹയാണ് ബുദ്ധി കേന്ദ്രം. രാജ്യത്തെ ധനക്കമ്മി മറച്ച് വെക്കാന്‍ ദില്‍മ കണക്കുകളില്‍ കൃത്രിമം കാണിച്ചുവെന്നതാണ് പ്രധാന ആരോപണം. 2014ലെ തിരഞ്ഞെടുപ്പില്‍ പൊതു പണം ഇടിച്ച് തള്ളിയാണ് അവര്‍ അധികാരത്തില്‍ തിരിച്ചെത്തിയതെന്നും ആരോപണമുണ്ട്. രാജ്യത്തെ പ്രമുഖ പൊതു മേഖലാ എണ്ണ കമ്പനിയായ പെട്രോബ്രാസില്‍ നടന്ന സാമ്പത്തിക തിരിമറി ദില്‍മയുടെ അറിവോടെയാണെന്നും പ്രതിപക്ഷം പറയുന്നു. എന്നാല്‍ അവര്‍ വ്യക്തിപരമായി പണം തട്ടിയെന്ന് ഒരു പ്രതിപക്ഷ ഗ്രൂപ്പും ആരോപിക്കുന്നില്ല. പെട്രോബ്രാസ് അഴിമതിക്കേസില്‍ പിടിയിലായവര്‍ മിക്കവരും ദില്‍മയുടെ പാര്‍ട്ടിയില്‍ പെട്ടവരായിരുന്നു. അഴിമതിക്കാരെ സംരക്ഷിക്കാന്‍ അവര്‍ മുതിര്‍ന്നില്ല എന്നതാണ് സത്യം. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ അനുമതി നല്‍കിയ പാര്‍ലിമെന്റ് സമിതിയിലെ 65 പേരില്‍ 35 പേരും അഴിമതി ആരോപിതരാണെന്നതാണ് വിരോധാഭാസം.
‘നിയമപരമായ അട്ടിമറി’യാണ് ബ്രസീലില്‍ നടക്കുന്നതെന്ന് സാമ്രാജ്യത്വവിരുദ്ധ ചിന്തകര്‍ ഒന്നടങ്കം വിലയിരുത്തുന്നു. തെരുവ് പ്രക്ഷോഭങ്ങള്‍ രാജ്യത്തെ സാമാന്യ ജനവികാരത്തെയല്ല പ്രതിഫലിപ്പിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും അനുകൂലമായി ദില്‍മ സര്‍ക്കാര്‍ കൈകൊണ്ട നടപടികളും നികുതി വെട്ടിപ്പിനെതിരെ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാണ് യഥാര്‍ഥ പ്രശ്‌നം. സ്പീക്കര്‍ എഡ്വേര്‍ഡോ കുന്‍ഹയടക്കമുള്ള ഉന്നതര്‍ നികുതി വെട്ടിപ്പ് കേസില്‍ വിചാരണ നേരിടുകയാണ്. പട്ടാള ഭരണകൂടം നിലനിന്ന കാലത്തിന്റെ അവശേഷിപ്പുകളാണ് ബ്രസീലിലെ പ്രധാന പത്രങ്ങളെല്ലാം. 1989ല്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ തുടങ്ങിയത് മുതല്‍ അധികാരം കൈയാളുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടിയെ അധികാര ഭ്രഷ്ടമാക്കാനുള്ള സംയുക്ത നീക്കത്തില്‍ മാധ്യമങ്ങളും പങ്കു ചേരുന്നുണ്ട്. ഈ പ്രക്ഷോഭങ്ങള്‍ക്ക് രാജ്യത്തിന് പുറത്ത് നിന്ന് പിന്തുണയും പ്രചോദനവുമുണ്ട് എന്നതും വസ്തുതയാണ്. റിയോ ഒളിംപിക്‌സ് പടിവാതില്‍ക്കല്‍ ഈ അട്ടിമറി ശ്രമത്തിന് ആഗോള പ്രാധാന്യമുണ്ട്.
ലാറ്റിനമേരിക്കയിലെ ചലനങ്ങള്‍ സൂക്ഷ്മമായി വീക്ഷിക്കുന്നവര്‍ക്ക് ചില കാര്യങ്ങള്‍ വ്യക്തമാകും. ഈ രാജ്യങ്ങളില്‍ അധികാരത്തിലിരുന്ന ഇടത് സര്‍ക്കാറുകള്‍ക്ക് ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. അവധാനതയോടെയല്ല അവര്‍ കമ്പോള സാമ്പത്തിക നയങ്ങളിലേക്ക് ചുവടുമാറിയത്. അധികാര പ്രമത്തതയുടെ പ്രവണതകള്‍ ചില ഭരണാധികാരികളിലെങ്കിലും ദൃശ്യമായിരുന്നു. ഈ അന്തഃസംഘര്‍ഷങ്ങളെ പരമാവധി പൊലിപ്പിച്ചെടുക്കാനും ജനങ്ങളെ ഇളക്കി വിടാനും സാമ്രാജ്യത്വ ഏജന്‍സികള്‍ക്ക് സാധിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ മുറിവില്‍ അവര്‍ ഉപരോധത്തിന്റെ മുളക് പുരട്ടി. വ്യാപാര ധമനികള്‍ അറുത്തു. തെറ്റുകള്‍ പര്‍വതീകരിച്ചു. ശരികള്‍ കുഴിച്ചു മൂടി. ലാറ്റിനമേരിക്കയും വലത്തോട്ട് ചായുമ്പോള്‍ ഡൊണാള്‍ഡ് ട്രംപുമാര്‍ക്ക് ഏകപക്ഷീയമായി ഭരിച്ചു കളിക്കാവുന്ന ആഗോള കളിക്കളമാണ് ഒരുങ്ങുന്നത്.