നീറ്റ് പരീക്ഷ: ആശങ്ക അകലാതെ കേരളം

Posted on: April 30, 2016 10:02 am | Last updated: April 30, 2016 at 10:02 am
SHARE

തിരുവനന്തപുരം:രാജ്യത്തെ 412 മെഡിക്കല്‍ കോളജുകളിലെ 52,715 എം ബി ബി എസ് സീറ്റുകള്‍ ഒറ്റപൂളായി പരിഗണിച്ച് ഒരൊറ്റ പ്രവേശന പരീക്ഷ നടത്താനുള്ള സുപ്രീം കോടതി വിധി വന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും സംസ്ഥാനത്തിന്റെ ആശങ്കകള്‍ക്ക് പരിഹാരമായില്ല. ഈ വര്‍ഷം കേരളത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാനത്തിന്റെ പുനഃപരിശോധനാ ഹരജി കൂടുതല്‍ പരിശോനകള്‍ക്കു ശേഷം മതിയെന്നാണ് ഇന്നലെ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇവിടെ പ്രവേശന പരീക്ഷ നടത്തിക്കഴിഞ്ഞതിനാല്‍ ഈ വര്‍ഷത്തേക്ക് നീറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിക്കുക.

എന്നാല്‍, നീറ്റ് പരീക്ഷ രണ്ട് ഘട്ടമായി നടത്തണമെന്ന വിധിക്കെതിരെ കേന്ദ്രം സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളിയതോടെ കേരളത്തിന്റെ നീക്കങ്ങള്‍ വിജയിക്കുമോ എന്ന് കണ്ടറിയണം. തുടര്‍ന്ന് ഇക്കാര്യങ്ങളും നിയമവശങ്ങളും കേരളത്തില്‍ സംഭവിക്കാനിടയുള്ള അനുകൂലവും പ്രതികൂലവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി നിയമ സെക്രട്ടറിയെയും അഡ്വക്കറ്റ് ജനറലിനെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇരുവരുടെയും കൂടിക്കാഴ്ചക്ക് ശേഷമേ ഹരജിയില്‍ അന്തിമ തീരുമാനമുണ്ടാകൂ.
മെഡിക്കല്‍ പ്രവേശന രംഗത്ത് രാജ്യമാകെ ഒരു പരീക്ഷ മതിയെന്ന സുപ്രീം കോടതി വിധി കേരളം പൊതുവെ സ്വാഗതം ചെയ്‌തെങ്കിലും സംസ്ഥാന സാഹചര്യത്തില്‍ അതിന്റെ ഗുണം എത്രമാത്രമെന്നതില്‍ വിരുദ്ധ അഭിപ്രായങ്ങളുണ്ട്. സ്വാശ്രയ കോളജുകള്‍ എം ബി ബി എസ് പ്രവേശനത്തിന്റെ മറവില്‍ നടത്തുന്ന കൊള്ളക്ക് കടിഞ്ഞാണിടാന്‍ കഴിയുമെന്നാണ് നീറ്റിനെ സ്വീകാര്യമാക്കുന്നത്. ഇതെത്രമാത്രം പ്രയോഗികമാകുമെന്നതില്‍ ആശങ്കയുണ്ട്. നീറ്റിനെ കേരളം ഒഴിച്ചുള്ള എല്ലാ സംസ്ഥാനങ്ങളിലെയും മാനേജ്‌മെന്റുകള്‍ എതിര്‍ത്തപ്പോള്‍ ഇവിടുത്തെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഏക മനസ്സോടെ സ്വീകരിക്കുകയാണ് ചെയ്ത്.
കേരളത്തില്‍ മാത്രമാണ് സ്വാശ്രയ കോളജുകളില്‍ അമ്പത് ശതമാനം സര്‍ക്കാര്‍ സീറ്റുകളുള്ളത്. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാനേജ്‌മെന്റുകള്‍ പ്രവേശനം നടത്തുമ്പോള്‍ അതില്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടാനാകില്ല. ഫലത്തില്‍ സംസ്ഥാന സര്‍ക്കാറുമായി ഒരു കരാറുമില്ലാതെ മാനേജുമെന്റുകള്‍ക്ക് പ്രവേശനം നടത്താനാകും. എന്നാല്‍, എം ബി ബി എസ് പഠനം പൂര്‍ത്തിയാകണമെങ്കില്‍ ഗ്രാമീണ സേവനം ആവശ്യമാണ്. കേരളത്തില്‍ സര്‍ക്കാറിന്റെ പി എച്ച് സികളെയാണ് മാനേജ്‌മെന്റുകള്‍ ആശ്രയിക്കുന്നത്. പഠനത്തിനാവശ്യമായ മൃതദേഹങ്ങളും സര്‍ക്കാര്‍ കോളജുകളാണ് നല്‍കുന്നത്. ഈ രണ്ട് ആവശ്യങ്ങള്‍ക്ക് മാത്രമേ സംസ്ഥാന സര്‍ക്കാറിനെ മാനേജ്‌മെന്റുകള്‍ക്ക് സമീപിക്കേണ്ടി വരൂ. ഇതുവെച്ച് മാത്രമേ സര്‍ക്കാറിന് സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാനാകൂ.
പ്രവേശന കാര്യത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാതാകുന്നതോടെ ഫീസ് ഘടനയിലും മാറ്റം വരും. പഠന ചെലവ് ഏറുമെന്ന ആശങ്കയുമുണ്ട്. ആവശ്യത്തില്‍ കൂടുതല്‍ ദന്തല്‍ കോളജുകള്‍ നിലവിലുള്ളതിനാല്‍ ബി ഡി എസ് പ്രവേശനം ബാലികേറാമലയാകില്ലെന്നാണ് സൂചന. സംസ്ഥാനത്ത് നടത്തുന്ന കീം പരീക്ഷയെക്കാള്‍ നീറ്റ് കടുപ്പമേറിയതാണെന്നതാണ് വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.