പാര്‍ക്കിംഗ് ആശങ്കകള്‍ക്ക് വിട; പുതിയ സ്മാര്‍ട്ട് സംവിധാനം വരുന്നു

Posted on: April 20, 2016 6:36 pm | Last updated: April 20, 2016 at 6:36 pm

smart parkingദോഹ: മാളുകളിലും പൊതുസ്ഥലങ്ങളിലും പാര്‍ക്കിംഗിന് സ്ഥലം തിരഞ്ഞ് വാഹനവുമായി ഇനി വട്ടം ചുറ്റേണ്ടി വരില്ല. മാളുകളിലെ പാര്‍ക്കിംഗ് ലഭ്യത സ്മാര്‍ട്ട് ഫോണില്‍ അറിയാന്‍ സാധിക്കുന്ന സൗകര്യം അടുത്തുതന്നെ നിലവില്‍ വരും. ഖത്വര്‍ മൊബിലിറ്റി ഇന്നൊവേഷന്‍സ് സെന്റര്‍ (ക്യു എം ഐ സി) ആണ് നൂതന സംവിധാനം വികസിപ്പിച്ചത്.
മസാറാക് എന്ന ഐട്രാഫിക് ആപ്പിലൂടെ പോകുന്ന സ്ഥലത്തെ പാര്‍ക്കിംഗ് ലഭ്യതയെ സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കുമെന്ന് ക്യു എം ഐ സി. സി ഇ ഒ അദ്‌നാന്‍ അബു ദയ്യ പറഞ്ഞു. ആദ്യഘട്ടത്തില്‍ സിറ്റി സെന്റര്‍, ഖത്വര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവിടങ്ങളിലെ പാര്‍ക്കിംഗ് ലഭ്യത സംബന്ധിച്ച വിവരങ്ങളാണ് ലഭിക്കുക.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ പ്രാദേശികമായി വികസിപ്പിച്ചതാണ് മസാറാക് ആപ്പ്. സ്മാര്‍ട്ട് പാര്‍ക്കിംഗ് ഖത്വര്‍ എന്ന രണ്ടുദിവസത്തെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അബു ദയ്യ ഇക്കാര്യം അറിയിച്ചത്. അശ്ഗാല്‍, ഗതാഗത മന്ത്രാലയം എന്നിവയുടെ പങ്കാളിത്തത്തോടെ പ്രൊജക്ട് ഖത്വര്‍ ആണ് പരിപാടി നടത്തുന്നത്.
രാജ്യത്തെ പാര്‍ക്കിംഗ് സ്ഥല ദൗര്‍ലഭ്യം പരിഹരിക്കാനും ഗതാഗത തടസ്സം കുറക്കാനും സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് അശ്ഗാല്‍ മേധാവി യൂസുഫ് അല്‍ ഇമാദി പറഞ്ഞു. കുറഞ്ഞ സ്ഥലം മാത്രം ഉപയോഗിച്ച് കൂടുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുകയാണ് സ്മാര്‍ട്ട് പാര്‍ക്കിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഗതാഗതം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. സ്മാര്‍ട്ട് സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തി പൊതു- സ്വകാര്യ പങ്കാളിത്തത്തിലൂടെയാണ് സ്മാര്‍ട്ട് പാര്‍ക്കിംഗ് നടപ്പാക്കുക.
പാര്‍ക്കിംഗിന് പുതിയ സാങ്കേതികവിദ്യകളും പശ്ചാത്തല സൗകര്യങ്ങളും അവതരിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.