ഇനി ബാര്‍ വാപസി

Posted on: April 20, 2016 5:35 am | Last updated: April 19, 2016 at 11:37 pm
SHARE

തറവാട്ടിലേക്ക് മടക്കം. ഘര്‍വാപസി എന്ന് പറയും. ഇതാണ് പറ്റിയ സമയം. പല കാലങ്ങളില്‍ പിരിഞ്ഞവര്‍ക്ക് തിരികെ പോകാം. ചിലപ്പോള്‍ സീറ്റ് കിട്ടിയേക്കാം. പായും തലയണയും ലഭിച്ചേക്കാം. ചിലപ്പോള്‍ വെറും കാലില്‍ നില്‍ക്കേണ്ടി വന്നേക്കാം. സിറ്റിംഗ് സീറ്റൊന്നുമുണ്ടാകില്ല. എന്നാലും തറവാട്ടിലേക്കല്ലേ, കുറേക്കാലം കൊടി പിടിച്ചതല്ലേ. പോയിനോക്കാം. കട്ടന്‍ചായയെങ്കിലും കിട്ടാതിരിക്കില്ല.
ഗൗരിഅമ്മ കുറേക്കാലമായി തറവാട് വിട്ടിട്ട്. യു ഡി എഫ് തറവാട്ടിലായിരുന്നു അന്തിയുറക്കം. അല്ലറചില്ലറയൊക്കെ കിട്ടി. എം എല്‍ എമാരുണ്ടായി. പൊരിച്ച കോഴിയും ചപ്പാത്തിയും. ചിക്കന്‍ ബിരിയാണി ഇടക്കിടെ. എല്ലാം പോയി. മത്സരിച്ച എല്ലാ സീറ്റിലും തോറ്റു. പിന്നെ കഞ്ഞികുടിച്ച് കഴിയുകയായിരുന്നു. കാരണവര്‍ കണ്ടമട്ടില്ല. തറവാട്ടിലേക്ക് മടങ്ങിയാലോ എന്നായി. എല്ലാം ഒരുങ്ങിയതാണ്. അപ്പോഴാണ് ശങ്ക. സ്വത്തുക്കള്‍ നഷ്ടപ്പെടുമോ എന്ന പേടി.
ഒടുവില്‍ യാത്ര നിര്‍ത്തി. മുടിഞ്ഞ വീട്ടില്‍ തന്നെ ഊണും ഉറക്കവും തുടര്‍ന്നു. തറവാട്ടിലേക്ക് ക്ഷണിക്കാന്‍ വീണ്ടും ആളുകള്‍ വരുന്നുണ്ട്. ബേബിയും കൃഷ്ണനുമുണ്ട്. ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്തി സീറ്റില്ലെന്ന് പറഞ്ഞതിലാണ് വിഷമം. എന്നാലും ഇടത് വശം ചേര്‍ന്ന് നടക്കാനാണ് തീരുമാനം. ഇനി എന്നാണാവോ ഘര്‍വാപസി?
ജോണി നെല്ലൂര്‍ തറവാടിന് പുറത്തേക്കുള്ള വഴിയിലായിരുന്നു. സീറ്റില്ല എന്നത് തന്നെ കാരണം. കാരണവന്‍മാര്‍ അവഗണിക്കുന്നുവെന്ന് പരാതി. ആദ്യം മരുന്ന് ഔഷധി പ്രയോഗം. ഫലിച്ചില്ല. പിന്നെ ചാനലുകളില്‍ ഫഌഷ് ന്യൂസ്. ജോണി പാര്‍ട്ടി വിടുന്നു. തറവാടിന്റെ പടിവാതില്‍ ഇറങ്ങി. ഇല്ല ആരും തിരിച്ചുവിളിക്കുന്നില്ല. നേരെ സ്വന്തം വീട്ടിലേക്ക് നടന്നു. ജോണിയില്ലാതെ ജേക്കബ് ഗ്രൂപ്പ്. ഒടുവില്‍ ചര്‍ച്ചയായി. ജോണി തറവാട്ടില്‍ മടങ്ങിയെത്തി. ആശ്വാസം!
കണ്ണൂരിലെ രാഗേഷിനെ മാസങ്ങള്‍ക്ക് മുമ്പാണ് തറവാട്ടില്‍ നിന്ന് പുറത്താക്കിയത്. കുരുത്തക്കേട് തന്നെ കാരണം. പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചുജയിച്ചു. കോര്‍പറേഷന്‍ കുളമാക്കി. നല്ല പിള്ളയാകുമെന്ന് കണ്ടതോടെ തറവാട് വാതില്‍ തുറന്നിട്ടു. പിന്നെയും ചൊറി. അധികമൊന്നും ആലോചിച്ചില്ല. പടിക്ക് പുറത്ത്. ഇനി കുറെക്കാലം കഴിഞ്ഞാല്‍ രാഗേഷിനെ തിരിച്ചെടുത്തേക്കും. അപ്പോള്‍ നേതാവ് പറയും, ഘര്‍ വാപസി.
മുകുന്ദനാണ്. സംഘത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച നേതാവ്. സ്വന്തം വീട്ടില്‍ നിന്നിറങ്ങി സംഘത്തിന്റെ വീട്ടിലെത്തിയ പോരാളി. കുറെക്കാലമായി തറവാടിന് പുറത്തായിരുന്നു. ഉഴിച്ചലും പിഴിച്ചിലുമായി വീട്ടില്‍ തന്നെ. തറവാട്ടിലേക്ക് മടങ്ങണമെന്ന് ആശ. വയസ്സുകാലമല്ലേ. ഇനി കാരണവന്‍മാരോടൊപ്പമാകാം എന്ന് കരുതി. വലതുകാല്‍ വെച്ചതാണ്. അപ്പോഴേക്കും എതിര്‍പ്പായി. മിസ്ഡ് കോളടിച്ചാല്‍ അംഗമാകാമെന്നായി നേതാവ്.
എങ്ങനെയെല്ലാമോ തറവാട്ടില്‍ തിരിച്ചെടുത്തു. രാവിലെ കുളിച്ച്, കുറി തൊട്ട് ഓഫീസിലെത്തിയതാണ്. പണ്ടെങ്ങോ ഇറങ്ങിപ്പോയതല്ലേ. ഒന്ന് കയറി ഇരിക്കാമെന്ന് തോന്നി. സ്വീകരിക്കാന്‍ ആളും കോളുമുണ്ടാകുമെന്നാണ് കരുതിയത്. ആരുമില്ല. ഓഫീസ് സെക്രട്ടറി പോലുമില്ല. വേഗം തന്നെ മടക്കയാത്ര. ഇതും ഘര്‍വാപസി!
നേരം വെളുത്താല്‍ തുടങ്ങും മുഖ്യമന്ത്രി, ബാറുകള്‍ പൂട്ടിയ മുന്നണിക്ക് വോട്ട് ചെയ്യൂ എന്ന്. കുഞ്ഞാലിക്കുട്ടിയുമുണ്ട് കൂടെ. ബാറടച്ച മുന്നണിയെ മറക്കല്ലേ. സുധീരന്‍ പറയും, ബാറടച്ച മുന്നണിയുടെ തുടര്‍ഭരണം. ഘട്ടംഘട്ടമായി മദ്യനിരോധം. പൂട്ടിയ ബാറുകള്‍ തുറക്കില്ല. മദ്യമില്ലാത്ത കേരളം. ഇതാണ് യു ഡി എഫ് നയം. എന്നിട്ടിപ്പോള്‍ എന്തായി? പുതുതായി ആറ് ബാറുകള്‍ കൂടി തുറക്കാന്‍ അനുമതി. ഇതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി. വെള്ളം ചേര്‍ക്കരുതെന്ന് സുധീരന്‍. വെള്ളം ചേര്‍ക്കാതെ കുടിക്കാന്‍ പറ്റുമോ എന്ന് ജനം.
ബാറുകള്‍ മടങ്ങി വരുന്നു എന്ന് പറയാം. ഇതാണ് ബാര്‍ വാപസി!