എല്‍ ഡി എഫ് പ്രകടന പത്രിക:പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കും; 25 ലക്ഷം തൊഴിലവസരങ്ങള്‍

Posted on: April 20, 2016 8:36 am | Last updated: April 22, 2016 at 9:09 am
SHARE

LDFതിരുവനന്തപുരം:മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം എന്ന മുദ്രാവാക്യവുമായി എല്‍ ഡി എഫിന്റെ പ്രകടന പത്രിക. നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കുമെന്നും അഞ്ച് വര്‍ഷത്തിനകം 25 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. കേരളത്തിന് സ്വന്തമായി ഒരു ബേങ്കും അതിവേഗ റെയില്‍ ഇടനാഴിയും ഒരു കോടി ചതുരശ്രയടി ഐ ടി പാര്‍ക്കും സ്ഥാപിക്കും. 35 ഇന പരിപാടികളിലൂന്നി അറുനൂറ് നിര്‍ദേശങ്ങളാണ് പ്രകടനപത്രിക മുന്നോട്ടുവെക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്നാണ് മറ്റൊരു സുപ്രധാന വാഗ്ദാനം.

നിലവിലുള്ള റെയില്‍വേ ലൈന്‍ നാലുവരി പാതയാക്കാന്‍ റെയില്‍വേയുമായി ചേര്‍ന്ന് പ്രത്യേക കമ്പനി രൂപവത്കരിക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും മറ്റു ഘടകകക്ഷി നേതാക്കളും ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. എല്ലാവര്‍ക്കും കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, പാര്‍പ്പിടം, സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യമാണ് പ്രകടനപത്രികക്കുള്ളതെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.
പ്രധാന വാഗ്ദാനങ്ങള്‍
കുറഞ്ഞ വേതനം 500 രൂപയാക്കും.
ക്ഷേമ പെന്‍ഷനുകളെല്ലാം ജൂണ്‍ ഒന്ന് മുതല്‍ ആയിരം രൂപയാക്കുന്നതിനൊപ്പം ഇത് വീട്ടിലെത്തിക്കാന്‍ നടപടിയെടുക്കും
സപ്ലൈകോ, മാവേലി സ്റ്റോറുകളില്‍ അടുത്ത അഞ്ച് വര്‍ഷം വില വര്‍ധിപ്പിക്കില്ല
1500 പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങും
ഐ ടി, ടൂറിസം, ഇലക്‌ട്രോണിക്‌സ് മേഖലകളില്‍ പത്ത് ലക്ഷവും കാര്‍ഷിക, നിര്‍മാണ മേഖലകളില്‍ പതിനഞ്ച് ലക്ഷവും തൊഴിലവസര ങ്ങളും സൃഷ്ടിക്കും
സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് എല്ലാവര്‍ക്കും ഉച്ചഭക്ഷണം ഉറപ്പുവരുത്തും
വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കും
പൊതുമേഖലയെ പുനരുദ്ധരിച്ച് ലാഭത്തിലാക്കും
വാതക പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കി താപോര്‍ജാധിഷ്ഠിത വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെടുത്തും
മൂല്യവര്‍ധിത വ്യവസായങ്ങള്‍ക്കായി അമ്പത് പാര്‍ക്കുകള്‍ സ്ഥാപിക്കും
കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പുവരുത്തും.
2,500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പുതിയ പദ്ധതികള്‍ തുടങ്ങും
കെല്‍ട്രോണ്‍ പുനരുദ്ധരിക്കും
മൈക്രോ നീര്‍ത്തടം മുതല്‍ നദീതടം വരെയുള്ള സംരക്ഷണത്തിനായി ജലസുരക്ഷാ ക്യാമ്പയിന്‍
അഞ്ഞൂറ് കോടിയുടെ തീരദേശ പാക്കേജ്
പരമ്പരാഗത വ്യവസായങ്ങള്‍ക്കായി പ്രത്യേക വകുപ്പ്
ദേശീയപാത നാലുവരിയാക്കും. സ്മാര്‍ട്ട് റോഡ് പദ്ധതി
ജലപാതയും ജലമാര്‍ഗമുള്ള ചരക്ക് നീക്കവും നടപ്പാക്കും
കേരളത്തെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കും
ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം ഇരട്ടിയാക്കും
മൂന്ന് മെഡിക്കല്‍ കോളജുകളെ എയിംസ് മാതൃകയിലാക്കും
താലൂക്ക് ആശുപത്രികളില്‍ അര്‍ബുദ ചികിത്സാ സംവിധാനം
സ്‌കൂളുകള്‍ ഹൈടെക്ക് ആക്കും. ആയിരം പൊതുവിദ്യാലയങ്ങള്‍ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും
സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പും കുടുംബശ്രീക്ക് നാല് ശതമാനം പലിശക്ക് വായ്പയും
ലൈബ്രറികളെല്ലാം ഡിജിറ്റലൈസ് ചെയ്യും
പ്രവാസി വികസന നിധിയുണ്ടാക്കും
ഇതിലെ നിക്ഷേപം ഉപയോഗപ്പെടുത്തി തുടങ്ങുന്ന വ്യവസായങ്ങളില്‍ തിരിച്ചുവരുന്ന പ്രവാസികളെ യോഗ്യതയനുസരിച്ച് നിയമിക്കും
ജൈവപച്ചക്കറി, മാലിന്യ സംസ്‌കരണം, നീര്‍ത്തട സംരക്ഷണം എന്നിവയിലൂന്നി രണ്ടാം ജനകീയാസൂത്രണ പദ്ധതി
അഴിമതിക്ക് അന്ത്യം കുറിക്കും. രണ്ടാം ഭരണപരിഷ്‌കരണ കമ്മീഷന്‍ ശിപാര്‍ശ നടപ്പാക്കും
എല്ലാ പരാതികള്‍ക്കും മുപ്പത് ദിവസത്തിനകം പരിഹാരം
സെക്രട്ടേറിയറ്റ് അടിസ്ഥാന സംവിധാനം മാറ്റി ഡയറക്ടറേറ്റ് രീതി കൊണ്ടുവരും
സച്ചാര്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരമുള്ള പാലോളി കമ്മിറ്റി നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പാക്കും
ഹജ്ജ് കമ്മറ്റിക്ക് സ്ഥിരം ഗ്രാന്റ് അനുവദിക്കുന്നതിനൊപ്പം വഖ്ഫ് ബോര്‍ഡിനുള്ള ധനസഹായം ഉയര്‍ത്തും
കേരളത്തിന്റേതായ വിമാനകമ്പനിയുണ്ടാക്കും
പ്രവാസികളുടെ സമഗ്രമായ വിവരശേഖരണം നടത്തും
വര്‍ഷത്തിലൊരിക്കല്‍ പ്രവാസികള്‍ക്കായി ആഗോളതല സമ്മേളനങ്ങള്‍ നടത്തും
പ്രവാസികളുടെ സഹകരണ സംഘങ്ങള്‍ പ്രോത്സാഹിപ്പിക്കും
ബജറ്റ് ചെലവ് ഗണ്യമായി ഉയര്‍ത്തി സംസ്ഥാന വരുമാനത്തിന്റെ 17-18 ശതമാനമാക്കുമെന്നും എല്‍ ഡി എഫ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here