Connect with us

Kerala

മെത്രാന്‍ കായല്‍: ഉത്തരവിന് പിന്നില്‍ മുഖ്യമന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയും

Published

|

Last Updated

തിരുവനന്തപുരം: വിവാദമായ മെത്രാന്‍ കായല്‍ ഉത്തരവിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും  മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണും ആണെന്ന്‌ രേഖകള്‍. മിച്ച ഭൂമി നികത്താന്‍ സ്വകാര്യ വ്യക്തികള്‍ക്ക് അനുമതി നല്‍കിയത് റവന്യൂ വകുപ്പ് നിര്‍ദ്ദേശം മറികടന്നാണെന്നതിനുള്ള രേഖകളാണ് പുറത്ത് വന്നത്. ഉത്തരവിറക്കാനായി ഉദ്യോഗസ്ഥ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഉമ്മന്‍ചാണ്ടിയെ കൂടാതെ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണും ചേര്‍ന്നാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പ് കോട്ടയം മെത്രാന്‍ കായലില്‍ സ്വകാര്യ വ്യക്തിക്ക് സ്ഥലം നികത്താന്‍ അനുമതി നല്‍കിയത്.

അനുമതി നല്‍കരുതെന്ന റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശം തള്ളിയാണ് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഇതു സംബന്ധിച്ച രേഖകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. കായല്‍ നികത്താന്‍ അനുമതി നല്‍കരുതെന്ന റവന്യൂ വകുപ്പിന്റെ നിര്‍ദേശം മുഖ്യമന്ത്രിയും ജിജി തോംസണും തള്ളുകയായിരുന്നു. എന്നാല്‍ ഫെബ്രുവരി 19ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും കായല്‍ നികത്തുന്നതിന് തത്വത്തില്‍ അനുമതി നല്‍കാനാകുമോ എന്ന് പരിശോധിക്കുന്നതിന് വേണ്ടി യോഗം ചേര്‍ന്നു. പക്ഷേ, കായല്‍ നികത്താന്‍ അനുമതി നല്‍കുന്നത് നെല്‍വയല്‍ നദീതട സംരക്ഷണ നിയമത്തിന് എതിരായതിനാല്‍ യോഗത്തിലും റവന്യൂ വകുപ്പ് സെക്രട്ടറി വിശ്വാസ് മേത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ യോഗത്തിനുശേഷം തയാറാക്കിയ മിനിട്ട്‌സില്‍ കായല്‍ നികത്തുന്നതിന് തത്വത്തില്‍ അനുമതി നല്‍കാമെന്ന് എഴുതി. എന്നാല്‍ നെല്‍വയല്‍ നദീതട സംരക്ഷണ നിയമപ്രകാരവും മറ്റ് പാരിസ്ഥിതിക അനുമതികളും നേടിയിരിക്കണം എന്നും വ്യവസ്ഥ ചെയ്തു. ഈ മിനിട്ട്‌സില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടുണ്ട്. ഇതാണ് പിന്നീട് മന്ത്രിസഭയുടെ പരിഗണനയില്‍ എത്തിയതും മന്ത്രിസഭാ യോഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം റവന്യൂ വകുപ്പ് ഉത്തരവിറക്കിയതും.

മെത്രാന്‍ കായല്‍ നികത്താന്‍ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. പ്രദേശവാസിയുടെ ഹര്‍ജിയിലായിരുന്നു സ്‌റ്റേ. ഉത്തരവ് പ്രകാരം ഭൂമി നികത്തില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അവിടെ ഇതുവരെ നികത്തല് ആരംഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയ കോടതി തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. പിന്നീട് പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മെത്രാന്‍കായല്‍, കടമക്കുടി നികത്തല്‍ ഉത്തരവുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കുമരകം മെത്രാന്‍ കായലില്‍ ടൂറിസം പദ്ധതിക്കായി 378 ഏക്കറും എറണാകുളം കണയന്നൂര്‍ താലൂക്കിലെ കടമക്കുടി പഞ്ചായത്തില്‍ മെഡിക്കല്‍ ടൂറിസത്തിനായി 47 ഏക്കര്‍ നെല്‍വയലും മണ്ണിട്ടു നികത്താനായിരുന്നു സര്‍ക്കാര്‍ അനുമതി നല്‍കിയത്. പദ്ധതി വിവാദമായതോടെ പിന്‍വലിക്കണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരനും രംഗത്തു വന്നു. ഇതെല്ലാം കണക്കിലെടുത്ത് ഉത്തരവ് പിന്‍വലിക്കണമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെടുകയായിരുന്നു. 2010 ജൂലൈ 17ന് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്നും ഇതു സംബന്ധിച്ച് ഇറക്കിയ ഉത്തരവ് തന്റെ കൈവശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.