Connect with us

Kannur

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഗ്രാമസഭ

Published

|

Last Updated

കണ്ണൂര്‍:സംസ്ഥാനത്തെ നാല്‍പ്പത് ലക്ഷത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും അര്‍ഹമായ അവകാശം നേടിക്കൊടുക്കാന്‍ രാജ്യത്താദ്യമായി കേരളത്തില്‍ തദ്ദേശഭരണ സംവിധാനത്തില്‍ ഇടമൊരുങ്ങുന്നു. തൊഴില്‍ രംഗത്തും ആരോഗ്യ, ശുചിത്വ മേഖലകളിലും തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയാനും ശാശ്വത പരിഹാരം കാണാനും ലക്ഷ്യമിട്ടാണ് ഓരോ പഞ്ചായത്തിലും പ്രത്യേക ഗ്രാമസഭ വിളിച്ചുകൂട്ടുന്നത്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടം ഗ്രാമസഭകള്‍ ചേരുന്നത്. ഇത്തരത്തിലുള്ള ആദ്യ ഗ്രാമസഭാ യോഗം മുളങ്കുന്നത്ത്കാവ് ഗ്രാമ പഞ്ചായത്തില്‍ ഈ മാസം 23ന് നടത്താന്‍ തീരുമാനമായതായി കില (കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) ഡയറക്ടര്‍ ഡോ. പി പി ബാലന്‍ പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികള്‍ ഏര്‍പ്പെട്ട തൊഴില്‍ മേഖലകള്‍, വിന്യസിക്കുന്ന കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവ സംബന്ധിച്ചും താമസ സ്ഥലം, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പഞ്ചായത്തിന്റെ സഹായം, അവരിലൂടെ എത്തിച്ചേരാനിടയുള്ള പകര്‍ച്ചവ്യാധികള്‍ കണ്ടെത്തി പരിഹാര നടപടി സ്വീകരിക്കുക, ഇത്തരക്കാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നിവയുടെ വിവരം ശേഖരിക്കുക, തെറ്റായ പ്രവണതകള്‍ തടയാന്‍ ബോധവത്കരണം നടത്തുക തുടങ്ങിയവയാണ് ഗ്രാമസഭയുടെ പരിധിയില്‍ വരുന്നത്. പഞ്ചായത്ത് ഭരണസമിതി ഭാരവാഹികളും വാര്‍ഡ് അംഗങ്ങളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്ത് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കും. സ്ഥിതിവിവരങ്ങള്‍ ശേഖരിക്കാന്‍ ആദ്യം സര്‍വേ നടത്തും. ഗ്രാമസഭാ യോഗത്തിനു ശേഷം ഇവരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കര്‍മപരിപാടി തയ്യാറാക്കും. വാര്‍ഡ് വികസന സമിതിയുടെയും അയല്‍സഭയുടെയും സഹായത്തോടെ തയ്യാറാക്കുന്ന കമ്മ്യൂണിറ്റി പ്ലാനില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി വിപുലമായ പദ്ധതികള്‍ തയ്യാറാക്കാനുമാണ് തീരുമാനം.
ഇതര സംസ്ഥാനത്തൊഴിലാളികളുടെ കുത്തൊഴുക്ക് തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പദ്ധതി കിലയുടെ നേതൃത്വത്തില്‍ ഒരുക്കിയത്. സംസ്ഥാനത്തെത്തുന്ന മറുനാടന്‍ തൊഴിലാളികളുടെ എണ്ണം നാല്‍പ്പത് ലക്ഷം കവിഞ്ഞതായാണ് ഏറ്റവും പുതിയ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാര്‍ ഇതര തൊഴില്‍ മേഖലയില്‍ അറുപത് ശതമാനവും അന്യസംസ്ഥാന തൊഴിലാളികള്‍ കൈയ്യടക്കിയെന്നതാണ് സര്‍ക്കാറിന്റെ തന്നെ ഔദ്യോഗിക കണ്ടെത്തല്‍.
എറണാകുളം ജില്ലയില്‍ മാത്രം എട്ട് ലക്ഷത്തിലധികമാണ് ഇതര സംസ്ഥാന തൊഴിലാളികളാണുള്ളത്. തൊട്ടടുത്തത് കോഴിക്കോടും പാലക്കാടും തിരുവനന്തപുരവുമാണ് നാല് ലക്ഷത്തില്‍ കൂടുതല്‍ വരുമിത്. തൃശൂരും കൊല്ലവും മലപ്പുറവും കണ്ണൂരുമാണ് ഇതിനു പിന്നില്‍.
2013ല്‍ സംസ്ഥാന തൊഴില്‍ വകുപ്പിനുവേണ്ടി ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ പഠനം നടത്തിയിരുന്നു. ഈ കണക്ക് മാത്രമാണ് പോലീസിന്റെയും സര്‍ക്കാറിന്റെയും കൈവശമുള്ളത്. തൊഴില്‍ വകുപ്പിനോ പോലീസിനോ കൃത്യമായി കണക്കെടുക്കാനാകാത്തവിധം ആഴ്ചകളില്‍ ആയിരങ്ങള്‍ വന്നുപോകുന്നതായാണ് കേന്ദ്ര ഏജന്‍സിയുടെ വിലയിരുത്തല്‍.
ഈയൊരു സാഹചര്യത്തില്‍ ഇവര്‍ക്കായി ഗ്രാമസഭ സംഘടിപ്പിച്ചാല്‍ ഓരോ പ്രദേശത്തും ഇവരെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് ഇവരുടെ കാര്യങ്ങളില്‍ ഇടപെടാനാകുമെന്നും കണക്കുകൂട്ടുന്നുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest