Connect with us

National

പട്ടേല്‍ പ്രക്ഷോഭം: ഗുജറാത്തില്‍ ഇന്റെര്‍നെറ്റ് വിലക്ക്

Published

|

Last Updated

മെഹ്‌സാനാ (ഗുജറാത്ത്): സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായം നടത്തിയ റാലി അക്രമാസക്തമായി. പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ കല്ലേറ് തുടങ്ങിയതോടെയാണ് ലാത്തിച്ചാര്‍ജ് നടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, സമാധാനപരമായി സംഘടിച്ച തങ്ങളെ അടിച്ചൊതുക്കുകയാണ് പോലീസെന്നാണ് സമുദായ നേതാക്കളുടെ ആരോപണം. സംഭവത്തില്‍ നിരവധി പോലീസുകാര്‍ക്കും സമരക്കാര്‍ക്കും പരുക്കേറ്റു. നേരത്തേ നടത്തിയ സമരങ്ങളുടെ ഭാഗമായി അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇന്നലത്തെ റാലി.

മെഹ്‌സാനയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അര്‍ധരാത്രി വരെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി മരവിപ്പിച്ചിട്ടുമുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ജില്ലയിലെ ബസ് ഗതാഗതത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഹ്‌സാനയിലും രാജ്‌കോട്ടിലും സൂറത്തിലുമാണ് ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കിയത്. പട്ടേല്‍ സമുദായത്തിന് ഒ ബി സി ക്വാട്ട അനുവദിക്കണമെന്നാവശ്യപ്പെടുന്ന സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പാണ് ജയില്‍ നിറക്കല്‍ സമരത്തിന്റെ ഭാഗമായി റാലി സംഘടിപ്പിച്ചത്. എസ് പി ജി മേധാവി ലാല്‍ജി പട്ടേലിന് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റിട്ടുണ്ട്. “പോലീസ് ആവശ്യമില്ലാത്ത ബലംപ്രയോഗം നടത്തുകയാണ്. തികച്ചും സമാധാനപരമായി റാലിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട പോലീസാണ് കുഴപ്പങ്ങള്‍ക്ക് തുടക്കമിട്ടതെ”ന്നും ലാല്‍ജി പട്ടേല്‍ പറഞ്ഞു. എന്നാല്‍ സമരത്തിനെത്തിയതില്‍ ഒരു വിഭാഗം അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ഡി ജി പി. പി പി പാണ്ഡേ പറഞ്ഞു.
ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പട്ടിദാറി അനാമത് ആന്ദോളന്‍ സമിതിയും സംവരണ പ്രക്ഷോഭം ശക്തമാക്കിയിട്ടുണ്ട്. ഇരു ധ്രുവങ്ങളിലായിരുന്ന ഈ സംഘടനകള്‍ കൈകോര്‍ത്ത് പോകാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന് വിലയിരുത്തലുണ്ട്. ഇരു വിഭാഗവും ഇന്ന് ഗുജറാത്ത് ബന്ദാചരിക്കാന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.