മല്യയുടെ പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തു

Posted on: April 16, 2016 6:00 am | Last updated: April 16, 2016 at 12:25 am

ന്യൂഡല്‍ഹി:വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. നാലാഴ്ചത്തേക്കാണ് പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഐ ഡി ബി ഐ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മല്യക്കെതിരെ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധ നിയമ പ്രകാരമാണ് പാസ്‌പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തത്. ഒരാഴ്ചക്കകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് മല്യക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിശദീകരണം നല്‍കിയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകാന്‍ മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും മല്യ ഹാജരാകാത്തതിനെ തുടര്‍ന്ന് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി വിദേശകാര്യ മന്ത്രാലയത്തിന് ശിപാര്‍ശ കത്ത് നല്‍കിയത്. രാജ്യസഭാ എം പിയായ വിജയ് മല്യ കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ അന്വേഷണ സംഘവുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ 1967ലെ പാസ്‌പോര്‍ട്ട് നിയമപ്രകാരം പാസ്‌പോര്‍ട്ട് റദ്ദാക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത്. മല്യ കരുതിക്കുട്ടി ഇ ഡിക്ക് മുന്നില്‍ ഹാജരാകുന്നത് ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളാണ് നിരന്തരമായി നടത്തികൊണ്ടിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയം നടപടികള്‍ സ്വീകരിക്കുന്നതിന് തയ്യാറായതെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് നിയമം സെക്ഷന്‍ 10 എ പ്രകാരമാണ് മല്യയുടെ പാസ്പോര്‍ട്ട് സസ്‌പെന്‍ഡ് ചെയ്തത്.
വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 9000 കോടി രൂപയാണ് വിജയ് മല്യ രാജ്യത്തെ വിവധ ബേങ്കുകളിലായി തിരിച്ചടക്കാനുള്ളത്. വിവിധ പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് പണം കടമെടുത്ത് തിരിച്ചടക്കാതെ കഴിഞ്ഞ മാസം രണ്ടിനാണ് മല്യ രാജ്യം വിട്ടത്.