ഇന്ത്യ-പാക് ഹോക്കി ഇന്ന്

Posted on: April 12, 2016 11:33 am | Last updated: April 12, 2016 at 11:33 am

ഇപ്പോ: സുല്‍ത്താന്‍ അസ്‌ലന്‍ഷാ കപ്പ് ഹോക്കിയില്‍ ഇന്ന് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. അഞ്ച് തവണ ചാമ്പ്യന്‍മാരായ ഇന്ത്യക്ക് കിരീട സാധ്യത നിലനിര്‍ത്താന്‍ പാക്കിസ്ഥാനെതിരെ ജയം അനിവാര്യം. റൗണ്ട് റോബിന്‍ ലീഗില്‍ മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
പാക്കിസ്ഥാനാകട്ടെ മൂന്ന് പോയിന്റുമായി പിറകിലും. ലോക ചാമ്പ്യന്‍മാരായ ആസ്‌ത്രേലിയ മൂന്ന് കളിയും ജയിച്ച് ഒമ്പത് പോയിന്റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. നിലവിലെ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡിന് നാല് മത്സരങ്ങളില്‍ എട്ട് പോയിന്റുണ്ട്. ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടത്തേക്കാള്‍, സമീപകാലത്ത് ഏറെ വിവാദ സാഹചര്യങ്ങള്‍ ഉടലെടുത്തത് ഹോക്കി മത്സരത്തിലായിരുന്നു.
ഇന്ത്യന്‍ കാണികളോട് മോശം രീതിയില്‍ അംഗവിക്ഷേപം നടത്തിയ പാക്കിസ്ഥാന്‍ കളിക്കാര്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. തുടര്‍ന്നും വാഗ്വാദങ്ങള്‍ക്ക് കുറവുണ്ടായില്ല. അസ്‌ലന്‍ഷാ ഹോക്കി ഇരുപത്തഞ്ച് വര്‍ഷം പിന്നിടുന്ന വേളയില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന പോരാട്ടങ്ങള്‍ ഇന്നാണ് നടക്കുന്നത്. ഇന്ത്യ-പാക് പോരിന് പുറമെ, ലോകചാമ്പ്യന്‍മാരായ ആസ്‌ത്രേലിയയും നിലവിലെ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡും ഇന്ന് നേര്‍ക്കുനേര്‍ വരും.
ഇന്ത്യയുടെ ഡച്ച് കോച്ച് റോളന്റ് ഓള്‍ട്മാന്‍സ് വിജയപ്രതീക്ഷയിലാണ്. എതിരാളി ആരെന്നത് പ്രശ്‌നമല്ല. ഏതൊരു മത്സരവും കളിക്കും പോലെ കളിക്കാനാണ് ഞാന്‍ പറഞ്ഞിരിക്കുന്നു. പാക്കിസ്ഥാനെ നേരിടുന്നു എന്ന സമ്മര്‍ദം വെറുതെ അനുഭവിക്കേണ്ടതില്ല – ഓള്‍ട്മാന്‍സ് പറഞ്ഞു.
പാക്കിസ്ഥാന്‍ കോച്ച് ഖാജ ജുനൈദിന്റെ അഭിപ്രായത്തില്‍ ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. പുതിയൊരു നിരയെ വളര്‍ത്തിക്കൊണ്ടു വരുമ്പോള്‍, വലിയ വിജയങ്ങള്‍ ആത്മവിശ്വാസം പകരം. ഇന്ത്യയെ തോല്‍പ്പിക്കുക എന്നത് വലിയ നേട്ടമാണ്.
കൗണ്ടര്‍ അറ്റാക്കിംഗ് തന്ത്രമാണ് പാക്കിസ്ഥാന്‍ പയറ്റുകയെന്ന് ജുനൈദ് സൂചിപ്പിക്കുന്നു. എട്ട് യുവതാരങ്ങളെയാണ് ജുനൈദ് ഈ ടൂര്‍ണമെന്റില്‍ പരീക്ഷിക്കുന്നത്.