എലത്തൂര്‍, വടകര സീറ്റുകളില്‍ ജെഡിയു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Posted on: April 9, 2016 6:41 pm | Last updated: April 10, 2016 at 12:01 am

jduകോഴിക്കോട്: ജില്ലയില്‍ ജെ ഡി യു മത്സരിക്കുന്ന രണ്ട് സീറ്റുകളെച്ചൊല്ലി ദിവസങ്ങളായി പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്ന രൂക്ഷമായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ വിരാമം. പാര്‍ട്ടി ശക്തി കേന്ദ്രമായ വടകരയില്‍ ജെ ഡി യു ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനും എലത്തൂരില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി കിഷന്‍ചന്ദുമാണ് സ്ഥാനാര്‍ഥികള്‍. ഇരു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥിത്വത്തിലേക്ക് ഒന്നിലധികം പേരുകള്‍ ഉയര്‍ന്നതിനാലായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാതിരുന്നത്.സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളിലാണ് ജെ ഡി യു മത്സരിക്കുന്നത്.
നിലവില്‍ ജില്ലാ സഹകരണ ബേങ്ക് പ്രസിഡന്റാണ് മനയത്ത് ചന്ദ്രന്‍. ജനതാദള്‍ യു ഡി എഫ് വിട്ട് എല്‍ ഡി എഫിലേക്ക് ചുവടു മാറാന്‍ ഒരുങ്ങിയപ്പോള്‍ കടുത്ത പ്രതിരോധം തീര്‍ത്തവരില്‍ മനയത്ത് ചന്ദ്രന്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നു. സോഷ്യലിസ്റ്റ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് ഇദ്ദേഹം പൊതുരംഗത്ത് വന്നത്. കുറഞ്ഞ കാലയളവില്‍ തന്നെ മികച്ച സഹകാരി പട്ടം അലങ്കരിക്കാന്‍ ചന്ദ്രന് കഴിഞ്ഞു. ദീര്‍ഘകാലം ഏറാമല സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റാണ്. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ജനതാദള്‍ എസ് സീനിയര്‍ നേതാവും സിറ്റിംഗ് എം എല്‍ എയുമായ സി കെ നാണുവാണ്.
എലത്തൂരില്‍ മണ്ഡലം പ്രസിഡന്റ് ശിവരാജന്‍, യുവജനദതാദള്‍ സംസ്ഥാന പ്രസിഡന്റ് സലീം മടവൂര്‍, വി കുഞ്ഞാലി എന്നിവരുടെ പേരുകളായിരുന്നു അവസാന നിമിഷം വരെ പരിഗണിച്ചിരുന്നത്.
എന്നാല്‍ തര്‍ക്കങ്ങളെത്തുടര്‍ന്ന് പരിഗണിച്ചിരുന്ന പേരുകള്‍ക്ക് പുറമേ അപ്രതീക്ഷിതമായാണ് കിഷന്‍ചന്ദിന് നറുക്ക് നീണത്. കോര്‍പ്പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയറായിരുന്ന കിഷന്‍ചന്ദ് ഇത്തവണ നടക്കാവ് വാര്‍ഡില്‍ നിന്നാണ് ജയിച്ചു വന്നത്.
നിലവില്‍ ജെ ഡി യു പാര്‍ലിമെന്ററി ബോര്‍ഡംഗം, കോഴിക്കോട് ജില്ലാ സെക്രട്ടറി കൂടിയാണ് കിഷന്‍ചന്ദ്.