വാച്ചുകള്‍ തിരിച്ചു വരുന്നൂ, ഹൃദയങ്ങളിലേക്ക്

Posted on: April 6, 2016 10:25 pm | Last updated: April 6, 2016 at 10:25 pm
SHARE

watchവാച്ചുകള്‍ തിരിച്ചുവരുകയാണ്. ഇടക്കാലത്ത്, മൊബൈല്‍ ഫോണ്‍ വ്യാപകമായപ്പോള്‍, സമയമറിയാന്‍ വാച്ചിന്റെ ആവശ്യം ഇല്ലെന്ന് കണ്ട് പലരും ഉപേക്ഷിച്ചതായിരുന്നു. എന്നാല്‍, ദേഹത്തിന് അലങ്കാരമായി, അവ വീണ്ടും ശ്രദ്ധപിടിച്ചു പറ്റുകയാണ്. വ്യത്യസ്ത തരത്തിലുള്ള വാച്ചുകളാണ് ഇപ്പോള്‍ കമ്പോളത്തിലിറങ്ങുന്നത്. ഗള്‍ഫ് മലയാളികള്‍ക്ക് പ്രിയങ്കരമായ റോളക്‌സ്, റാഡോ, സെയ്‌ക്കോ, കാഷ്യോ, സിറ്റിസണ്‍, ടിസോ തുടങ്ങിയവക്ക് വന്‍ തിരിച്ചുവരവാണ് നടത്തുന്നത്. ഒരു കാലത്ത്, ഗള്‍ഫ് മലയാളിയുടെ അടയാളമായിരുന്നു റാഡോ. പതുക്കെ മറ്റുചില ബ്രാന്‍ഡുകളും മുന്നില്‍ വന്നു. സമ്പന്നരായ ആളുകള്‍ അല്‍പം കൂടിവിലയുള്ള റോളക്‌സിലേക്കോ ഒമേഗയിലേക്കോ തിരിഞ്ഞു.
ഇപ്പോള്‍, പോലീസ്, ജിഷോക്ക് തുടങ്ങിയ ബ്രാന്‍ഡുകള്‍ യുവാക്കള്‍ക്കിടയില്‍ ഹരമാണ്. ഗള്‍ഫില്‍ നിന്ന് ഇവ ധാരാളമായി ഇന്ത്യയില്‍ എത്തുന്നുവെന്ന് ടൈം ഹൗസ് ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ഫൈസല്‍ നീലാമ്പ്ര പറഞ്ഞു.
ജൈറ്റക്‌സില്‍ വാച്ചുകളുടെയും ഘടികാരങ്ങളുടെയും കൂറ്റന്‍ പവലിയനുകള്‍ ഉണ്ടായിരുന്നു. സ്മാര്‍ട് ഫോണുകള്‍ പോലെ വാച്ചുകളും വന്‍തോതില്‍ വിറ്റുപോയി. യുവതീ യുവാക്കളാണ് കൂടുതലായി ആകര്‍ഷിക്കപ്പെടുന്നത്.
ഓണ്‍ലൈന്‍ വഴി ഏറ്റവും വില്‍ക്കപ്പെടുന്ന ഉല്‍പന്നങ്ങളിലൊന്നാണ് വാച്ചുകള്‍. വില കുറഞ്ഞവ പോലും ഓണ്‍ലൈന്‍ വഴിയാണ് വില്‍പന.
ആഡംബര വാച്ചുകള്‍ക്ക് ഏറ്റവും പറ്റിയ കമ്പോളം ദുബൈ. സ്വിസ്, ജപ്പാന്‍ നിര്‍മിത വാച്ചുകള്‍ അതിവേഗം ദുബൈയിലെത്തുന്നു. 1,853ല്‍ സ്ഥാപിതമായ ടിസോയുടെ ഏറ്റവും പുതിയ മോഡലുകള്‍ പോലെ തന്നെ ഏറ്റവും പഴയ മോഡലുകളും ലഭ്യമാകും. അര്‍മാനി, കാര്‍ട്ടയര്‍ തുടങ്ങിയവ വാച്ചുകളുടെ ശേഖരം സ്വര്‍ണം പോലെ ഉറച്ച നിക്ഷേപമായി കാണുന്നവരുണ്ട്.
സ്മാര്‍ട് വാച്ചുകള്‍ രംഗത്തുവന്നത്, സാമ്പ്രദായിക വാച്ചുകള്‍ക്ക് ഭീഷണിയായിട്ടില്ല. സ്മാര്‍ട് ഫോണുകളുടെ ധര്‍മമാണ് സ്മാര്‍ട് വാച്ചുകള്‍ നിര്‍വഹിക്കുന്നതെങ്കില്‍ സാധാരണ വാച്ചുകള്‍ മറ്റുപലതുമാണ്. രത്‌ന കവചിതമായതും സ്വര്‍ണം കൊണ്ടുള്ളതും മറ്റും ആഡംബരത്തിന്റെ പ്രദര്‍ശനമാണ്. എന്നാല്‍ മേത്തരം ഉല്‍പന്നങ്ങളുടെ പകര്‍പ്പുകള്‍ കമ്പോളത്തില്‍ സുലഭമായത്, ഉപഭോക്താക്കളുടെ ആത്മവിശ്വാസം ചോര്‍ത്തുന്നു. വ്യാജന്‍മാര്‍ക്കെതിരെ കര്‍ശന നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്.