ജനപ്രിയമാകാന്‍ എക്‌സ്പ്രസ് വിമാനം; വിഷുദിനം മുതല്‍ മദ്യവും വിളമ്പും

Posted on: April 6, 2016 7:55 pm | Last updated: April 7, 2016 at 6:43 pm
SHARE

airindia express b737-8hjദോഹ : കൂടുതല്‍ ജനപ്രിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തി യാത്രക്കാരെ പിടിച്ചു നിര്‍ത്താന്‍ ഇന്ത്യയുടെ ബജറ്റ് വിമാനമായ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. വിഷുദിനം മുതല്‍ വിമാനത്തില്‍ മദ്യം ലഭിക്കും. നേരത്ത ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്കുമാത്രമായിരിക്കും ആദ്യഘട്ടത്തില്‍ സേവനം. സൗജന്യമായി ലഭിക്കുന്ന ഭക്ഷണത്തിനു പുറമേ അധികം ഭക്ഷണവും പാനീയങ്ങളും ആവശ്യമുള്ളവര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും നിലവില്‍ വരും.
നേരത്തേ കേരളീയ ഭക്ഷണം ഏര്‍പ്പെടുത്തി മലയാളികളെ ആകര്‍ഷിക്കാന്‍ കമ്പനി ശ്രമിച്ചിരുന്നു. യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സേവനങ്ങള്‍ മെച്ചപ്പെടുത്തകുയും പരാതികള്‍ പരിഹരിക്കുകയും ചെയ്തപ്പോള്‍ ലഭിച്ച സ്വീകാര്യതയും ലാഭവും വിമാനക്കമ്പനിയെ കൂടുതല്‍ ജനപ്രിയമാകന്‍ പ്രേരിപ്പിക്കുന്നത്.
കോടികളുടെ നഷ്ടത്തിലായിരുന്ന വിമാന കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 330 കോടിയുടെ പ്രവര്‍ത്തനലാഭത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഈ വര്‍ഷം 800 കോടി രൂപയാണ് ലാഭം പ്രതീക്ഷിക്കുന്നത്. എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിയിലെത്തിയത് ലാഭം ഉയര്‍ത്താന്‍ കാരണമായി. എങ്കിലും മൂന്നു വര്‍ഷത്തോളമായി കമ്പനി സ്വീകരിച്ച നയങ്ങള്‍ വലിയ ഫലം ചെയ്തിട്ടുണ്ടെന്നാണ് കമ്പനിയുടെയും ഏവിയേഷന്‍ വിദഗ്ധരുടെയും അഭിപ്രായം. യാത്രക്കാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അതിനുസരിച്ചുള്ള പ്രര്‍ത്തന ആസൂത്രണമാണ് എക്‌സ്പ്രസിന്റെ മുഖം മിനുക്കാന്‍ സഹായിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഭക്ഷണം നേരേത്ത ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഗള്‍ഫ് സര്‍വീസുകള്‍ക്കാണ് ഈ സൗകര്യം.
കൂടാതെ ഗള്‍ഫ് നാടുകളില്‍നിന്നും കൂടുതല്‍ നേരിട്ടുള്ള സര്‍വീസ് നടത്തുന്നതിനും പദ്ധതിയുണ്ട്. യാത്രക്കാരുടെ ഡിമാന്‍ഡ് വര്‍ധിച്ചതിനെത്തുടര്‍ന്നാണ് സര്‍വീസ് ഉയര്‍ത്തുന്നതെന്ന് എക്‌സപ്രസ് സി ഇ ഒ ശ്യാം സുന്ദര്‍ പറയുന്നു. യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന ഏക ബജറ്റ് വിമാനം എക്‌സ്പ്രസാണ്. യാത്രക്കാരുടെ സമീപനങ്ങളില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും എന്തുകൊണ്ടാണ് മറ്റു ബജറ്റ് വിമാനങ്ങളെപ്പോലെ പണം വാങ്ങി ഭക്ഷണം ഏര്‍പ്പെടുത്താത്തതെന്നാണ് പലരും ചോദിക്കുന്നതെന്ന് ശ്യാം സുന്ദര്‍ പറയുന്നു. വിമാനത്തിലെ ഭക്ഷ്യമെനു അടുത്തിടെ പരിഷ്‌കരിച്ചിരുന്നു. അധികഭക്ഷണത്തിന് ഏര്‍പ്പെടുത്തുന്ന നിരക്ക് മറ്റുവിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞതായിരിക്കും. ഇതിലൂടെ കൂടുതല്‍ ലാഭമുണ്ടാക്കാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പണം വാങ്ങി ഭക്ഷണം നല്‍കുന്ന പരിഷ്‌കാരങ്ങള്‍ അധികൃതര്‍ കഴിഞ്ഞ ദിവസം പരീക്ഷിച്ചു നോക്കിയിരുന്നു. അതേസമയം, സൗജന്യമായി നല്‍കുന്ന ഭക്ഷണം ഇനിയും തുടരുമെന്ന് അധികൃതര്‍ അറിയിക്കുന്നുണ്ടെങ്കിലും നിര്‍ത്തലാക്കുന്നതിന്റെ മുന്നോടിയായുള്ള പരിഷ്‌കരണങ്ങളാണോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്.
മലയാളികളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 65 മുതല്‍ 70 വരെ ശതമാനം യാത്രക്കാര്‍. കേരളത്തിലെയും മംഗലാപുരത്തെയും യാത്രക്കാരുടെ കണക്കിനുസരിച്ചാണിത്. ഗള്‍ഫിലേക്കാണ് യാത്രക്കാര്‍. കേരളത്തിനു പുറത്ത് ലക്‌നോ, അമൃത്‌സര്‍, യെജ്പൂര്‍, പൂനെ, വാരാണസി തുടങ്ങിയ നഗരങ്ങളില്‍നിന്നും ഗള്‍ഫിലേക്ക് സര്‍വീസിനു ശ്രമമുണ്ട്. അതിനിടെ ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും ദുബൈയിലേക്കും മുംബൈയില്‍ നിന്ന് ഷാര്‍ജയിലേക്കുമുള്ള സര്‍വീസ് വൈകാതെ തുടങ്ങും. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സമയത്തേക്ക് സര്‍വീസുകള്‍ ക്രമീകരിക്കുന്നതിനും ശ്രമിക്കുകയാണെന്ന് മാനേജ്‌മെന്റിനെ ഉദ്ധരിച്ച് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here