പ്രകമ്പനമുണ്ടാക്കുന്ന വാഹനങ്ങളെ കണ്ടെത്താന്‍ റഡാറുമായി അബുദാബി പോലീസ്

Posted on: April 6, 2016 3:19 pm | Last updated: April 6, 2016 at 3:19 pm
SHARE

SOUND RADARഅബുദാബി: താമസകേന്ദ്രങ്ങളിലും പൊതുനിരത്തുകളിലും അനാവശ്യമായി ശബ്ദകോലാഹലങ്ങളുണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാനുള്ള നോയിസ് മെഷറിംഗ് റഡാര്‍ അബുദാബി പോലീസ് വികസിപ്പിച്ചെടുത്തു. ട്രാഫിക് ആന്റ് പട്രോള്‍ ഡയറക്ടറേററ്റിലെ ട്രാഫിക് എന്‍ജിനിയറിംഗ് സേഫ്റ്റി വിഭാഗം ഗതാഗത സുരക്ഷാ മേധാവി ക്യാപ്റ്റന്‍ അഹ്മദ് അബ്ദുല്ല അല്‍ മുഹൈരിയാണ് റഡാര്‍ വികസിപ്പിച്ചെടുത്തത്. സംവിധാനം നിലവില്‍ വരുന്നതോടെ റഡാര്‍ സംവിധാനമുപയോഗിച്ച് ശബ്ദ മലിനീകരണം കുറക്കാനും അനാവശ്യകോലാഹലങ്ങള്‍ കണ്ടെത്താനും കഴിയുന്ന ലോകത്തിലെ ആദ്യത്തെ നഗരമായി അബുദാബി മാറും. പുതിയ റഡാര്‍ സംവിധാനം, താമസകേന്ദ്രങ്ങളില്‍ അനാവശ്യമായി ഹോണ്‍ മുഴക്കുന്ന വാഹനങ്ങളെ കണ്ടെത്താനും അബുദാബിയുടെ സുസ്ഥിര റോഡ് സുരക്ഷക്ക് ഏറെ സഹായകമാകുന്നതുമാണെന്നും അല്‍ മുഹൈരി പറഞ്ഞു. താമസകേന്ദ്രങ്ങള്‍, ആശുപത്രികള്‍, മസ്ജിദുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പരിസരങ്ങളിലാണ് റഡാര്‍ സ്ഥാപിക്കുക.

അബുദാബി പോലീസ് റോഡ് സുരക്ഷക്കായി നടപ്പിലാക്കുന്ന സംവിധാനങ്ങളുടെ നൂതനമായ കാഴ്ചപ്പാടാണ് ഈയൊരു സംരംഭമെന്ന് ട്രാഫിക് ആന്റ് പട്രോള്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹ്മദ് അല്‍ ഹാരിതി പറഞ്ഞു.

ശബ്ദം അളക്കാനുള്ള മീറ്ററും (എസ് എല്‍ എം) ശബ്ദകോലാഹലങ്ങളുണ്ടാക്കുന്ന വാഹനങ്ങളുടെ വ്യക്തമായ ചിത്രങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയുന്ന ക്യാമറയും ഈ റഡാറിലുണ്ട്. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ റഡാര്‍ പിടിച്ചെടുക്കുന്നതോടൊപ്പം രണ്ട് സംവിധാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും. നിയമലംഘനം പരിധികടന്നാല്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ക്യാമറയില്‍ പതിയുകയും ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. കൂടാതെ റെഡ് സിഗ്നല്‍ തെറ്റിക്കുന്ന വാഹനങ്ങളെ റഡാറിന്റെ ഇന്‍ഫ്രാറെഡ് സംവിധാമുപയോഗിച്ച് പിടികൂടാനുമാകും.

റോഡിലെ മുഴുവന്‍ വരികളിലൂടെയും സഞ്ചരിക്കുന്ന വാഹനങ്ങളുടെ വേഗതയും റഡാറിന് പിടിച്ചെടുക്കാനാകും. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കുന്നുണ്ടോയെന്നും അത്യാഹിത സേവനങ്ങള്‍ക്കുള്ള വാഹനം നിര്‍ത്താനുള്ള സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെയും റഡാര്‍ നിരീക്ഷിക്കുമെന്നും അബുദാബി പോലീസ് ട്രാഫിക് ആന്റ് പട്രോള്‍ ഡയറക്ടറേറ്റ് എന്‍ജിനീയറിംഗ് ആന്റ് റോഡ് സേഫ്റ്റി വിഭാഗം ഡയറക്ടര്‍ കേണല്‍ ഖലീഫ അല്‍ ഖാലി പറഞ്ഞു. ഈ വര്‍ഷം ആരംഭിച്ചതിന് ശേഷം എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ അമിതവേഗതമൂലമുള്ള മരണം 27 ശതമാനം കുറഞ്ഞിട്ടുണ്ട്. അമിതവേഗതയില്‍ സഞ്ചരിച്ച 12,980 വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തിട്ടുണ്ടെന്നും അബുദാബി പോലീസ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here