വന്‍കിട കോര്‍പറേറ്റുകള്‍ പ്രാഥമിക ഓഹരി വിപണന രംഗത്ത് സജീവമാകുന്നു

Posted on: April 6, 2016 11:37 am | Last updated: April 6, 2016 at 11:37 am

share sellകൊച്ചി: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വന്‍കിട കോര്‍പറേറ്റുകള്‍ പ്രാഥമിക ഓഹരി വിപണന രംഗത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണെന്നു നാഷനല്‍ സ്റ്റോക്ക് എക്‌സേഞ്ച്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ നാഷനല്‍ സ്റ്റോക്ക് എക്‌സേഞ്ചില്‍ രേഖപ്പെടുത്തിയ 14508.11 കോടി രൂപയുടെ ഐപി ഒ നിക്ഷേപം വര്‍ധനയുടെ സൂചികയാണ് കാണിക്കുന്നത്. 22 കോര്‍പറേറ്റ് കമ്പനികളാണ് ഈ കാലയളവില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. 66 ശതമാനത്തോളം കമ്പനികളുടേതായി 500 കോടിയിലേറെ രൂപയുടെ ഓഹരി ബിസിനസ് നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു.
ലിസ്റ്റ് ചെയ്ത കമ്പനികളില്‍ 33 ശതമാനം അടിസ്ഥാന സൗകര്യ വികസനവുമായി (ഇന്‍ഫ്രാസ്ട്രക്ചര്‍)ബന്ധപ്പെട്ട കമ്പനികളാണ്. ഇവരുടെ ഐ പി ഒകള്‍ക്കു മുന്‍വര്‍ഷത്തെ അപേക്ഷിച്ചു പത്ത് മടങ്ങോളം മൂലധന സമാഹരണം 2015-16 വര്‍ഷത്തില്‍ സാധ്യമാകുകയും ചെയ്തു. ഈ മേഖലയില്‍ കഴിഞ്ഞ വര്‍ഷം മൊത്തം 1418.21 കോടി രൂപയാണു മൂലധനമായി സമാഹരിക്കപ്പെട്ടത്. വന്‍കിട കോര്‍പറേറ്റുകളുടെ ഉപസംരംഭങ്ങളായിരുന്നു ഈ മേഖലയില്‍ നിക്ഷേപസമാഹരണത്തിനിറങ്ങിയതെന്നതാണു ശ്രദ്ധേയമായ വസ്തുത. സാമ്പത്തിക നിലപാടുകള്‍ക്കപ്പുറം നിയമപരമായ ചിട്ടവട്ടങ്ങളും ഐ പി ഒ മാര്‍ക്കറ്റിനെ സഹായിക്കുന്ന ഘടകമാണ്. മൂലധന സമാഹരണത്തെ ലളിതമാക്കുന്ന ചില നിയമങ്ങളും നിര്‍ദേശങ്ങളും ഓഹരി വിപണിയിലെ ഇടപാടുകളെ ലഘൂകരിക്കുന്നുണ്ട്്.
2015-16 ല്‍ നിയമപരിഷ്‌കരണങ്ങളില്‍ ഇ ഐ പിഒയുടെ വരവിനെ കുറിച്ചുള്ള പ്രഖ്യാപനം ഓഹരി നിക്ഷേപകര്‍ക്കു പ്രതീക്ഷയേകുന്നതാണ്. ചെലവു ചുരുക്കി, കാലതാമസം കൂടാതെ കൂടുതല്‍ താഴെത്തട്ടിലുള്ളവരിലേക്ക് ഐ പി ഒകളെ എത്തിക്കാന്‍ കമ്പനികള്‍ക്ക് ഇ ഐ പി ഒയിലൂടെ സാധിക്കുമെന്നതു ചെറിയ കാര്യമല്ല.
20 വര്‍ഷത്തിന്റെ ചരിത്രപരമായ പാരമ്പര്യം നാഷനല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിന് അവകാശപ്പെടാനുണ്ട്. ഉയര്‍ന്ന സാങ്കേതികവിദ്യയും പുതിയ കണ്ടെത്തലുകളും പരീക്ഷണങ്ങളും, ഉയര്‍ന്ന നിലവാരത്തിലുള്ള കോര്‍പറേറ്റ് ഭരണനിര്‍വഹണവും മാനേജ്‌മെന്റ് ടെക്‌നിക്കുകളും എന്‍ എസ് ഇയെ എന്നും മുന്നില്‍ നിര്‍ത്താന്‍ സഹായിച്ചു.