പോളിംഗ് ദിനത്തില്‍ രജിസ്‌ട്രേഷന്‍; ‘ഓര്‍മമരം’ നടുക പരിസ്ഥിതി ദിനത്തില്‍

Posted on: April 5, 2016 11:40 am | Last updated: April 5, 2016 at 11:40 am
SHARE

tree plantingകല്‍പ്പറ്റ: വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിനും വയനാടിന്റെ ഹരിതകവചം വീണ്ടെടുക്കുന്നതിനുമായുള്ള ‘ഓര്‍മമരം’ പദ്ധതിയുടെ ഭാഗമായി വോട്ടര്‍മാര്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന്.

വോട്ടെടുപ്പ് ദിനമായ മേയ് 16ന് മരം വിതരണം ചെയ്യുന്നതിനുള്ള കന്നിവോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ നടത്തും. ഇതിനായി 940ഓളം എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. ജൂണ്‍ അഞ്ചിന് പോളിംഗ് ബൂത്തുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ മരത്തെ നട്ടുപിടിപ്പിക്കും. വോട്ടര്‍മാര്‍ക്കുള്ള മരത്തൈകളുടെ വിതരണവും ജൂണ്‍ അഞ്ചിനാണ് നടത്തുക.
കന്നിവോട്ടര്‍മാരുടെ പേരുകള്‍ മരത്തില്‍ തൂക്കിയിടും. നട്ടുപിടിപ്പിക്കുന്ന മരത്തിന്റെ സംരക്ഷണം തുടര്‍പ്രവര്‍ത്തനങ്ങളിലൂടെ ഉറപ്പുവരുത്തും. മരങ്ങള്‍ക്ക് സംരക്ഷണ കവചവുമുണ്ടാകും. ഇതിനായി ചെലവു കുറഞ്ഞ രീതികള്‍ തേടുകയാണ് ജില്ലാ ഭരണകൂടം. നാലായിരത്തോളം പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന ദിവസം തന്നെ രണ്ടുവീതം തൈകള്‍ വിതരണം ചെയ്യും. കറിവേപ്പും നെല്ലിയുമാണ് നല്‍കുക. വോട്ടര്‍മാര്‍ക്ക് നല്‍കാനായി വനംവകുപ്പ്, സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ എന്നിവയില്‍നിന്ന് വില കൊടുത്തും സൗജന്യമായും ലഭിക്കുന്ന തൈകളാണ് ശേഖരിക്കുന്നത്. വനംവകുപ്പിന്റെ ഇതര മരംനടീല്‍ പ്രവര്‍ത്തനങ്ങള്‍ ‘ഓര്‍മമരം’ പദ്ധതിയുമായി ഒരുമിപ്പിക്കും. ഇതിനുപുറമെ ജലാശയങ്ങളുടെ വൃത്തിയാക്കല്‍, വിപുലീകരണം, ഉപേക്ഷിക്കപ്പെട്ട ക്വാറികളുടെ ഹരിതവത്കരണം എന്നിവയും ഉദ്ദേശിക്കുന്നു.
ഓര്‍മമരം പദ്ധതിയുള്‍പ്പെടെ സ്വീപ് പദ്ധതി ചര്‍ച്ച ചെയ്യാനായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ. അബ്ദുല്‍നജീബ്, വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി. ധനേഷ്‌കുമാര്‍, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി, ടൂറിസം വകുപ്പ് ഡി.ഡി സി.എന്‍. അനിതകുമാരി, ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ അനൂപ് പി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here