കൊയിലാണ്ടിയില്‍ എന്‍ സുബ്രഹ്മണ്യന്‍ സ്ഥാനാര്‍ഥിയാകുന്നതിനെതിരെ പ്രതിഷേധവും ഉപരോധവും

Posted on: April 5, 2016 11:00 am | Last updated: April 5, 2016 at 11:06 am
SHARE

കോഴിക്കോട്: കൊയിലാണ്ടിയില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മണ്ഡലത്തിലെ മഹിളാ കോണ്‍ഗ്രസുകാര്‍ കോഴിക്കോട് ഡി സി സി ഓഫീസ് ഉപരോധിച്ചു.

സോളാര്‍ കേസില്‍ ആരോപണ വിധേയനായ സുബ്രഹ്മണ്യനെ സ്ഥാനാര്‍ഥിയാക്കരുതെന്നും പകരം അഡ്വ. കെ പി അനില്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ ശ്രീജാ റാണിയുടെ നേതൃത്വത്തിലാണ് മുപ്പതോളം വരുന്ന മഹിളാ പ്രവര്‍ത്തകര്‍ ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് ഡി സി സി ഓഫീസ് ഉപരോധിച്ചത്.

അനില്‍കുമാര്‍ അനുകൂലികളായ ചില കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തി. സോളാര്‍ കേസില്‍ ആരോപണവിധേയനായ ഒരാള്‍ക്ക് വേണ്ടി വീടുകള്‍ കയറി സ്ത്രീകളോട് വോട്ടുചോദിക്കാന്‍ ബുദ്ധിമുട്ടാണ്. സുബ്രഹ്മണ്യന്‍ മത്സരിച്ചാല്‍ പരാജയം ഉറപ്പാണെന്നും മഹിളാ പ്രവര്‍ത്തകര്‍ പറഞ്ഞു.
മഹിളാ പ്രവര്‍ത്തകരെ ശാന്തരാക്കി മടക്കി അയക്കാന്‍ എത്തിയ ഡി സി സി പ്രസിഡന്റ് കെ സി അബുവിന് നേരെയും മഹിളാ പ്രവര്‍ത്തകര്‍ തട്ടിക്കയറി. നിങ്ങളുടെ പരാതിയും വികാരവും കെ പി സി സി പ്രസിഡന്റിനെയും മുഖ്യമന്ത്രിയെയും അറിയിക്കാം എന്ന് പറഞ്ഞ് അബു തടിയൂരി.

പിന്നെയും ഏറേ നേരം മുദ്രാവാക്യം മുഴക്കിയ ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. അതിനിടെ സുബ്രഹ്മണ്യനെതിരെയുള്ള പ്രതിഷേധം കൊയിലാണ്ടിയിലും ശക്തമായിരിക്കയാണ്. സുബ്രഹ്മമണ്യന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പായതോടെ കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. മണ്ഡലത്തിലെ പല ഭാഗങ്ങളിലും അദ്ദേഹത്തിനെതിരെ പോസ്റ്ററുകളും ഉയര്‍ന്നിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സരിത നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധം വരും ദിവസങ്ങളില്‍ ശക്തമാക്കാനാണ് എതിര്‍ ഗ്രൂപ്പിന്റെ തീരുമാനം.

ജില്ലയില്‍ കോണ്‍ഗ്രസിന് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നായാണ് കൊയിലാണ്ടി അറിയപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് തവണയായി എല്‍ ഡി എഫാണ് മണ്ഡലത്തില്‍ ജയിക്കുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണ് എല്‍ ഡി എഫിന്റെ വിജയം എളുപ്പമാക്കുന്നത്. സുബ്രഹ്മണ്യനെതിരെ ഇപ്പോള്‍ ഉയര്‍ന്ന പ്രതിഷേധത്തോടെ കൊയിലാണ്ടിയിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കുറവുമില്ലെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here