‘ഭാരത് മാതാ കീ ജയ്’ വിവാദം കത്തുന്നു

Posted on: April 5, 2016 12:56 am | Last updated: April 4, 2016 at 10:59 pm
SHARE

baba-ramdevന്യൂഡല്‍ഹി: രാജ്യത്ത് ഭരണഘടന ഇല്ലായിരുന്നെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തല വെട്ടിയേനെയെന്ന യോഗാ ഗുരു ബാബാ രാംദേവിന്റെ പ്രസ്താവന വന്‍ വിവാദങ്ങള്‍ക്കിടയാക്കി. ആര്‍ എസ് എസ് സംഘടിപ്പിച്ച സദ്ഭാവന റാലിയില്‍ സംസാരിക്കവെയാണ് രാംദേവ് ഈ പ്രസ്താവന നടത്തിയത്. ‘ചില തൊപ്പി വെച്ച ആളുകള്‍ പറയും നിങ്ങള്‍ തലയറുത്താലും ഞാന്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കില്ലെന്ന്. ഈ രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കുന്നവരാണ് നമ്മള്‍. അല്ലെങ്കില്‍, ഭാരത മാതാവിനോട് അനാദരവ് പ്രകടിപ്പിക്കുന്ന ഒരാളെയല്ല ലക്ഷക്കണക്കിന് ആളുകളുടെ തല നമുക്ക് അറുത്തെടുക്കാമായിരുന്നു- ഇതായിരുന്നു രാംദേവിന്റെ വിവാദ പ്രസ്താവന.
പ്രസ്താവനക്കെതിരെ ശക്തമായ മറുപടിയുമായി വിവിധ കക്ഷി നേതാക്കള്‍ രംഗത്തെത്തി. ഇന്ത്യയെ മതേതര, ജനാധിപത്യ റിപ്പബ്ലിക്കില്‍ നിന്ന് ആര്‍ എസ് എസ് ലക്ഷ്യമായ ഹിന്ദുരാഷ്ട്രത്തിലേക്ക് പരിവര്‍ത്തിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ഈ വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഞാന്‍ ജയ് ഹിന്ദ് എന്ന് പറയും. വേണമെങ്കില്‍ ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നും വിളിക്കും. രക്തസാക്ഷി ഭഗത് സിംഗിന്റെ മുദ്രാവാക്യമായ ഇന്‍ക്വിലാബ് സിന്ദാബാദ് എന്നും വിളിക്കും. ഞാന്‍ ചിന്തിക്കുന്നത് ഇവയെല്ലാം തന്നെ ഒരേ പോലെ ദേശസ്‌നേഹം ഉള്ളവയാണ് എന്നാണ്. എന്തിനാണ് ഒരൊറ്റ മുദ്രാവാക്യത്തെ മാത്രം ദേശസ്‌നേഹവുമായി ബന്ധപ്പെടുത്തുന്നത്- യെച്ചൂരി ചോദിച്ചു. രാജ്യത്തെ ശിഥിലമാക്കും വിധം മുദ്യാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഹിന്ദുത്വ ശക്തികള്‍ക്ക് മൗനാനുവാദം നല്‍കിയിരിക്കുകയാണെന്ന് സി പി എം നേതാവ് വൃന്ദാ കാരാട്ടും പറഞ്ഞു. രാംദേവിന്റെ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ഝാ ആവശ്യപ്പെട്ടു. കേന്ദ്രം എന്ത് നടപടിയാണ് എടുക്കാന്‍ പോകുന്നതെന്ന് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിഷ്‌കൃത സമൂഹത്തില്‍ ഇത്തരം പ്രസ്താവന നടത്തുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണ് വേണ്ടതെന്ന് എ എ പി നേതാവ് അശുതോഷ് അഭിപ്രായപ്പെട്ടു. ബി ജെ പിയുമായും #േആര്‍ എസ് എസുമായും അടുത്ത ബന്ധം ആഗ്രഹിക്കുന്നതിനാലാണ് രാംദേവ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് ജെ ഡി യു നേതാവ് പവന്‍ വര്‍മ പറഞ്ഞു.
അതിനിടെ, ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ നില്‍ക്കാന്‍ അര്‍ഹതയില്ലെന്ന വാദവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രംഗത്തെത്തി. ഭാരത് മാതാ കീ ജയ് വിളിക്കുന്നത് സംബന്ധിച്ച് രാജ്യത്ത് തര്‍ക്കം നിലനില്‍ക്കുകയാണ്. ഈ മുദ്രാവാക്യം സ്വീകാര്യമല്ലാത്തവര്‍ക്ക് രാജ്യത്ത് നില്‍ക്കാന്‍ അവകാശമില്ലെന്നും ഇന്ത്യയില്‍ നില്‍ക്കുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശസ്‌നേഹ മുദ്രാവാക്യങ്ങള്‍ വിളിക്കില്ലെന്ന വാദത്തിന് പിന്തുണ നല്‍കുന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബി ജെ പി യെ എതിര്‍ക്കാം. എന്നാല്‍, ഭാരത് മാതാ മുദ്രാവാക്യത്തെ എതിര്‍ക്കുന്ന പ്രവണത ജനങ്ങള്‍ അനുവദിക്കില്ലെന്നും ഫട്‌നാവിസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here