നാടിനായി കെഞ്ചുന്ന നാട്ടുകാര്‍; ഇത് ഒന്നര പതിറ്റാണ്ടിന്റെ വഞ്ചനയുടെ കഥ

Posted on: April 1, 2016 6:00 am | Last updated: April 1, 2016 at 12:22 am
SHARE

asam aravam copyഗുവാഹതി: ബ്രഹ്മപുത്ര നദിയിലെ മജുലി ദ്വീപ് സമൂഹത്തിന് പറയാനുള്ളത് 16 വര്‍ഷക്കാലത്തെ വേദനയുടെയും വഞ്ചനയുടെയും കഥയാണ്. മിശിംഗ് ഗോത്ര സമൂഹം തിങ്ങിപ്പാര്‍ത്തിരുന്ന മജ്‌ലി ഇന്ന് മരണത്തിന്റെ വക്കിലാണ്. ബ്രഹ്മപുത്ര നദി കവര്‍ന്നുകൊണ്ടിരിക്കുന്ന ഈ ദ്വീപില്‍ അതിജീവനം അസാധ്യമായിക്കൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന് നാട്ടുകാരുണ്ട്. ഒരു തിരഞ്ഞെടുപ്പാരവം കൂടി മുഴങ്ങുമ്പോള്‍ അവര്‍ പറയുന്നു: ഛിന്നഭിന്നമായിക്കൊണ്ടിരിക്കുന്ന ്യൂഞങ്ങള്‍ക്ക് വേണ്ടത് ഒരു നാടാണ്. മഴയത്തും വെയിലത്തും കൂര ഇടിയുമെന്ന ഭയമില്ലാതെ ഉറങ്ങാന്‍ ഒരു വീടാണ്. ഈ ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടായിട്ടുണ്ടെന്ന് മിശിംഗ് ഗോത്രത്തിലെ കാരണവന്മാര്‍ പറയുന്നു. റോഡരികില്‍ പൊളിഞ്ഞുവീഴാറായ കൂരയില്‍ അന്തിയുറങ്ങുന്ന ഈ വിഭാഗം 1999 മുതല്‍ പലയിടങ്ങളിലേക്കായി ചേക്കേറിക്കൊണ്ടിരിക്കുകയാണ്.
1901ല്‍ 1,200 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന മജുലി ഇപ്പോള്‍ 540 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. നദീ തീരത്തില്‍ കൂടുതലായി താമസിച്ചുവരുന്ന വിഭാഗമാണ് മിശിംഗ് ഗോത്രം. 1975 മുതല്‍ മജുലിയിലെ 9,600 കുടുംബങ്ങള്‍ക്ക് വീടുകള്‍ നഷ്ടമായിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ അലിമുര്‍, നാം ഭട്ടിയാമരി, ഒപര്‍ ഭട്ടിയാമരി, കനിയാജന്‍ തുടങ്ങിയ ചെറുതും വലുതമായ സ്ഥലങ്ങള്‍ ബ്രഹ്മപുത്ര കൊണ്ടുപോയി.
എല്ലാ വര്‍ഷവും നിരവധി പുനരധിവാസ പദ്ധതികളെ കുറിച്ച് തങ്ങള്‍ കേള്‍ക്കാറുണ്ടെന്നും തിരഞ്ഞെടുപ്പടുക്കുമ്പോള്‍ വീടും റോഡുമല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം വാഗ്ദാനമായി നല്‍കാറുണ്ടെന്നും 16 വര്‍ഷമായി റോഡരികില്‍ താമസിക്കുന്ന അനന്ത പയേംഗ് പറയുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളേയും നേതാക്കളെയും വിശ്വസിക്കുന്നത് തങ്ങള്‍ അവസാനിപ്പിച്ചെന്നും ഇവരുടെ വാഗ്ദാനത്തെ ഇപ്പോള്‍ വെറുപ്പാണെന്നും അനന്ത പറയുന്നു. നിത്യ ജീവിത ചെലവിന് വേണ്ടി പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്ന അനന്തയടക്കമുള്ള മിശിംഗ് ഗോത്രക്കാര്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ഒരുക്കത്തിലാണ്. മജുലിയില്‍ നിന്ന് 27,000 വോട്ടിന് വിജയം നേടി എം പിയായ ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ് സര്‍ബാനന്ത സൊനോവാളും തങ്ങളെ വഞ്ചിച്ചുവെന്നാണ് ഒരു കൂട്ടം മിശിംഗ് വിഭാഗം പറയുന്നത്. ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് ഇന്ന് അദ്ദേഹം. ആ നിലക്ക് വി വി ഐ പി മണ്ഡലമാണ് മുജ്‌ലി.
മിശിംഗ് വിഷയത്തില്‍ ഓരോ പാര്‍ട്ടികളും വ്യത്യസ്തമായ അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ടെങ്കിലും അവയൊന്നും ഇവിരുടെ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ടതല്ല. റോഡും സ്‌കൂളും ആശുപത്രിയും നിര്‍മിച്ച കഥകളാണ് ഓരോരുത്തര്‍ക്കും പറയാനുള്ളത്. എന്നാല്‍, വീടില്ലാതെ റോഡുകള്‍ ഉണ്ടായത് കൊണ്ട് എന്തുകാര്യമെന്നാണ് ഇവിടുത്തെ ഗ്രാമീണര്‍ ചോദിക്കുന്നത്. മജുലിയിലെ 1.14 ലക്ഷം വോട്ടര്‍മാരില്‍ 43,000 പേരും മിശിംഗ് ഗോത്ര വിഭാഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here