ഇന്ത്യയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് വെസ്റ്റന്‍ഡീസ് ഫൈനലില്‍

Posted on: March 31, 2016 10:56 pm | Last updated: April 1, 2016 at 12:16 pm

west_indies_world_cup2_635950613245844833മുംബൈ:ഇന്ത്യയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് വെസ്റ്റന്‍ഡീസ് ഫൈനലില്‍. 194 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് രണ്ടു പന്ത് ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 50 പന്തില്‍നിന്ന് 82 റണ്‍സ് നേടിയ ലെന്‍ഡല്‍ സിമണ്‍സിന്റെയും തകര്‍ത്തടിച്ച് മത്സരം വരുതിയിലാക്കിയ ജോണ്‍സണ്‍ ചാള്‍സി (52) ന്റെയും പ്രകടനമാണ് വിന്‍ഡീസിന്റെ വിജയതീരത്തെത്തിച്ചത്്. സിമണ്‍സും ചാള്‍സും ഓരോതവണ പുറത്തായെങ്കിലും പന്ത് നോബോളാണെന്നു കണ്ടെതിനെ തുടര്‍ന്ന് തിരിച്ചുവിളിക്കുകയായിരുന്നു. ആന്ദ്ര റസല്‍ 20 പന്തില്‍നിന്നു 43 റണ്‍സ് നേടി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ വെസ്റ്റന്‍ഡീസ് ആദ്യം ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. റണ്ണൊഴുകുന്ന വാങ്കഡെ പിച്ചില്‍ 193 റണ്‍സാണ് ഇന്ത്യ നേടിയത്. ലോകകപ്പിലെ മൂന്നാം അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി വിരാട് കോഹ്്‌ലി മുന്നില്‍നിന്നു നയിച്ചപ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യയുടെ റണ്‍ നേട്ടം. കോഹ്്‌ലി 47 പന്തില്‍നിന്നു 11 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 89 റണ്‍സ് നേടി. ട്വന്റി 20യില്‍ കോഹ്്‌ലിയുടെ ഉയര്‍ന്ന സ്‌കോറാണിത്.

ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാന്‍ ധോണിക്കുമേലുണ്ടായ സമ്മര്‍ദം ഫലിച്ചതായാണ് ഇന്ത്യയുടെ തുടക്കം കാട്ടിത്തന്നത്. മെല്ലെത്തുടങ്ങിയ രോഹിത് ശര്‍മയും ധവാനു പകരമെത്തിയ അജിങ്ക്യ രഹാനെയും ടോപ് ഗിയറിലേക്കു മാറിയപ്പോള്‍ പവര്‍പ്ലേ ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 55 റണ്‍സ് അടച്ചുകൂട്ടി. സ്‌കോര്‍ 62ല്‍ നില്‍ക്കെ രോഹിത് പുറത്തായെങ്കിലും (31 പന്തില്‍ 43) വിരാട് കോഹ്്‌ലി എത്തിയതോടെ ഇന്ത്യ വീണ്്ടും വിന്‍ഡീസ് ബൗളിംഗിനുമേല്‍ ആധിപത്യം നേടി. ഡബിളുകളും ഇടയ്ക്ക് ബൗണ്്ടറികളുമായി മുന്നേറിയ സംഘം രണ്ടാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒരറ്റത്തു നങ്കൂരമിട്ടുനിന്ന രഹാനെ (35 പന്തില്‍ 40) സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ കൂറ്റനടിക്കു ശ്രമിച്ചു പുറത്താകുകയായിരുന്നു. തുടര്‍ന്ന് വീണ്്ടുമൊരിക്കല്‍ കൂടി കോഹ്്‌ലിക്കൊപ്പമെത്തിയ നായകന്‍ ധോണിയും കോഹ്്‌ലിയും തകര്‍ത്തടിച്ചതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് എത്തി. തുടക്കത്തില്‍ രണ്ടു തവണ കോഹ്്‌ലി റണ്‍ഔട്ടില്‍നിന്നു രക്ഷപ്പെട്ടിരുന്നു. 9 പന്തില്‍ 15 റണ്‍സുമായി ധോണി പുറത്താകാതെനിന്നു.

നേരത്തെ, ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഡാരന്‍ സമി ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാനെയും പരിക്കേറ്റ യുവരാജ് സിംഗിനെയും പുറത്തിരുത്തിയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. അജിങ്ക്യ രഹാനെയും മനീഷ് പാണ്ഡെയും ഇവര്‍ക്കു പകരം ടീമിലെത്തി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഞായറാഴ്ച ഇംഗ്ലണ്ടുമായിട്ടാണ് വെസ്റ്റന്‍ഡീസിന്റെ കലാശപ്പോരാട്ടം.