തകരാറിലായ വാഹനത്തിന് പകരം പുതിയത് നല്‍കാന്‍ നിര്‍ദേശം

Posted on: March 31, 2016 7:54 pm | Last updated: March 31, 2016 at 7:54 pm

ദോഹ: തകരാറിലായ വാഹനത്തിന് പകരം പുതിയത് നല്‍കാന്‍ ഡീലറോട് വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഡീലറുടെ സര്‍വീസ് സെന്ററില്‍ നിന്ന് കാറിന്റെ തകരാര്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനാലാണ് മന്ത്രാലയം ഇടപെട്ടത്.
നിര്‍മാണ തകരാര്‍ ഉണ്ടെന്ന് അറിയിച്ച് നിരവധി വാഹനമുടമകള്‍ പരാതിപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. പരാതികള്‍ യഥാര്‍ഥത്തിലുള്ളതാണോ എന്നറിയാന്‍ പരിശോധകരെ മന്ത്രാലയം നിയമിച്ചിട്ടുണ്ട്. വാഹനമുടമയുടെ പരാതി യഥാര്‍ഥമാണെന്ന് പരിശോധിച്ച് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ വാഹനം നല്‍കാന്‍ മന്ത്രാലയം നിര്‍ദേശിച്ചത്. തകരാറുള്ള ഉത്പന്നം നന്നാക്കിത്തരാനോ തിരിച്ചു നല്‍കാനോ മാറ്റംചെയ്യാനോ ഉപഭോക്താവിന് അധികാരം നല്‍കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ നടപടി.
ഉപഭോക്തൃ സംരക്ഷണവും വാഹനങ്ങളുടെ കേടുപാടുകളും മറ്റും ഡീലര്‍മാര്‍ പരിഹരിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തലുമാണ് ഇത്തരം നടപടികള്‍. പരിശോധനകളും നിരീക്ഷണങ്ങളും തുടരുമെന്നും മന്ത്രാലയം അറിയിച്ചു.