ബാലനീതി നിയമം:സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗം ഫലപ്രദമായില്ല

Posted on: March 31, 2016 9:59 am | Last updated: March 31, 2016 at 9:59 am

hതിരുവനന്തപുരം:അനാഥാലയങ്ങള്‍ ഉള്‍പ്പടെ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ ബാലനീതി നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം. എന്നാല്‍ ഇതു സംബന്ധിച്ച് ഇന്നലെ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലും ഫലപ്രദമായ തീരുമാനങ്ങളൊന്നും ഉണ്ടായില്ല. കേന്ദ്ര നിയമത്തിന്റേയും ഹൈക്കോടതി വിധിയുടേയും ചുവടുപിടിച്ച് യാതൊരു ചര്‍ച്ചയും കൂടാതെ നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തിയാല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കണ്ടതോടെയാണ് സാമൂഹികനീതി വകുപ്പിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങി വെച്ചത്. സര്‍ക്കാര്‍ ഉത്തരവ് എതിര്‍ഫലങ്ങള്‍ സൃഷ്ടിക്കുമെന്ന തിരിച്ചറിവിലാണ് സാമൂഹികനീതി വകുപ്പ് ഉത്തരവില്‍ പുനരാലോചനക്കുള്ള നീക്കം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി വകുപ്പ് മന്ത്രി ഡോ. എം കെ മുനീര്‍ ഇന്നലെ സ്ഥാപന മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ചില സംഘടനാ മേധാവികള്‍ മാത്രം പങ്കെടുത്ത യോഗം പക്ഷേ കാര്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളാതെ പിരിയുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി ദീര്‍ഘിപ്പിക്കാന്‍ മാത്രമാണ് ഇന്നലത്തെ യോഗത്തില്‍ തീരുമാനമായത്. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നിയമത്തിന് ചട്ടം തയ്യാറാക്കുമ്പോള്‍ പരിഗണിക്കാമെന്ന ധാരണയാണ് യോഗത്തില്‍ ഉണ്ടായത്. ഇതിനായി ആവശ്യമെങ്കില്‍ സബ് കമ്മിറ്റിയെ നിയോഗിക്കാമെന്നും മന്ത്രി അറിയിച്ചു.

അനാഥലയങ്ങളെ ജെ ജെ ആക്ടിന്റെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം വര്‍ഷങ്ങളായി ഒരുവിഭാഗം ഉയര്‍ത്തിയിരുന്നു. ജെ ജെ ആക്ടിന് കീഴില്‍ വരുന്ന കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍ മാത്രം ഈ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന നിലപാടാണ് അന്ന് സര്‍ക്കാര്‍ സ്വീകരിച്ചത്. മറ്റു കുട്ടികളെ പാര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ ഓര്‍ഫനേജ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് കാണിച്ച് 2012 ഫെബ്രുവരി പതിനൊന്നിന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തു. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളെല്ലാം ജെ ജെ ആക്ടിന്റെ പരിധിയില്‍ വരുന്നതോടെ പള്ളിദര്‍സുകളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാകും. അഗതി മന്ദിരങ്ങള്‍, ഹിഫഌല്‍ ഖുര്‍ആന്‍ കോളജുകള്‍, ഹോസ്റ്റല്‍സംവിധാനമുള്ള മറ്റു വിദ്യാഭ്യാസങ്ങളുടെയെല്ലാം നടത്തിപ്പിനെ ഇത് ബാധിക്കും.
എന്നാല്‍, ഓര്‍ഫനേജ് ആക്ടിലെയും ജെ ജെ ആക്ടിലെയും വ്യവസ്ഥകള്‍ ഒന്നാണെന്ന നിലയിലാണ് ഹൈക്കോടതി വിധിയുണ്ടായത്. ഈ വിധിയിലെ അവ്യക്തതകള്‍ നീക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതുമില്ല. ഇതിന് പകരം കേന്ദ്രആക്ടിന്റെ ചുവട് പിടിച്ച് നിയമം നടപ്പാക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. പ്രവേശനം, സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യം ഒരുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് അപ്രായോഗിക നിര്‍ദേശങ്ങള്‍ ഏറെയുള്ളത്. കേരളത്തിലെ ഭൂരിഭാഗം അനാഥലയങ്ങളും പ്രവര്‍ത്തിക്കുന്നത് സാമുദായിക അടിസ്ഥാനത്തിലാണ്. ഒരോ വിഭാഗവും തങ്ങളുടെ സമുദായത്തിലെ അനാഥകള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ചവയാണിത്. എന്നാല്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ അവര്‍ നിര്‍ദേശിക്കുന്നവരെയാകണം അനാഥാലയങ്ങളില്‍ പ്രവേശനം നല്‍കേണ്ടതെന്നാണ് ജെ ജെ ആക്ട് നിര്‍ദേശിക്കുന്നത്. 100 കുട്ടികള്‍ക്ക് 40 ജീവനക്കാര്‍ വേണമെന്നതാണ് മറ്റൊരു നിര്‍ദേശം.