ഇരു ഗ്രൂപ്പുകളെയും ഞെട്ടിച്ച് സുധീരന്‍; പാര്‍ട്ടിക്കുള്ളില്‍ പിന്തുണ കൂട്ടാന്‍ ശ്രമം

Posted on: March 31, 2016 9:45 am | Last updated: March 31, 2016 at 9:45 am

vm sudheeranതിരുവനന്തപുരം:സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വി എം സുധീരന്‍ നടത്തിയ ഇടപെടല്‍ ഇരുഗ്രൂപ്പ് നേതൃത്വത്തെയും ഞെട്ടിച്ചു. തനിക്കൊപ്പമുള്ളവര്‍ക്ക് സീറ്റ് നല്‍കാന്‍ നീക്കം നടത്തുമെന്നും ചില നേതാക്കളെ വെട്ടാന്‍ ശ്രമിക്കുമെന്നും നേതൃത്വത്തിന് ബോധ്യമുണ്ടായിരുന്നെങ്കിലും ഇത്രയും കടുത്ത നീക്കത്തിന് മുതിരുമെന്ന് കരുതിയതല്ല. ഗ്രൂപ്പുകള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നവരെ തന്നെ സുധീരന്‍ പകരം നിര്‍ദേശിച്ചതാണ് ഗ്രൂപ്പ് നേതൃത്വത്തെ അമ്പരപ്പിച്ചത്. അതേസമയം, കാലങ്ങളായി തഴയപ്പെടുന്ന നേതാക്കളില്‍ ചിലരെ ഉറച്ച മണ്ഡലങ്ങളിലേക്ക് സുധീരന്‍ നിര്‍ദേശിച്ചത് പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിന് കൂടുതല്‍ പിന്തുണ ലഭിക്കാന്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

മന്ത്രിമാരായ അടൂര്‍പ്രകാശ്, കെ ബാബു, കെ സി ജോസഫ് എന്നിവരെ സ്ഥാനാര്‍ഥിയാക്കാതിരിക്കാന്‍ സുധീരന്‍ നേരത്തെ മുതല്‍ ശ്രമം തുടങ്ങിയതാണ്. ബാര്‍കോഴ ആരോപണമാണ് ബാബുവിനെ അകറ്റിയതെങ്കില്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അടൂര്‍പ്രകാശിനെതിരായ സുധീരന്റെ ആയുധം. എട്ടു തവണ തുടര്‍ച്ചയായി മത്സരിക്കുന്ന കെ സി ജോസഫിനെയും മാറ്റാന്‍ ആവശ്യപ്പെടുമെന്ന സൂചനകള്‍ നേരത്തെയുണ്ടായിരുന്നു. ഇതിനൊപ്പമാണ് ബെന്നിബഹ്‌നാനെയും എ ടി ജോര്‍ജിനെയും കൂടി ഒഴിവാക്കാന്‍ സുധീരന്‍ ആവശ്യപ്പെട്ടത്.
സുധീരന്‍ ഒഴിവാക്കണമെന്ന ആവശ്യപ്പെട്ടവരില്‍ മൂന്ന് പേരും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരാണ്. ഉമ്മന്‍ ചാണ്ടിയുടെ ഇടത്തും വലത്തും നിന്ന് അദ്ദേഹത്തിന് വേണ്ടി യുദ്ധം ചെയ്യുന്നവര്‍. എ ഗ്രൂപ്പിലെ പ്രമുഖരായ ഈ നേതാക്കളെ വെട്ടുന്നത് ഉമ്മന്‍ ചാണ്ടിയുടെ ചിറകരിയുന്നതിന് തുല്യമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ഈ നീക്കം അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടെടുക്കാന്‍ ഉമ്മന്‍ ചാണ്ടിയെ പ്രേരിപ്പിക്കുന്ന ഘടകവും ഇത് തന്നെ.

ആരോപണമാണ് സീറ്റ് നിഷേധിക്കുന്നതിന്റെ കാരണമെങ്കില്‍ താനും ആ ഗണത്തില്‍ വരുമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വാദം. കൂടുതല്‍ തവണ മത്സരിച്ചതാണ് തടസ്സമെങ്കില്‍ പത്ത് തവണ എം എല്‍ എയായ താനും മാറി നില്‍ക്കാമെന്ന നിലപാട് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ആത്യന്തികമായി ഉമ്മന്‍ ചാണ്ടിയെയാണ് സുധീരന്‍ ലക്ഷ്യമിടുന്നതെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തല്‍. ആ രീതിയില്‍ കണ്ട് ഇത് പ്രതിരോധിക്കാന്‍ ശ്രമം തുടങ്ങിയിട്ടുമുണ്ട്.
ഗ്രൂപ്പുകള്‍ ചേര്‍ന്ന് തന്റെ ശ്രമം തടയുമെന്ന ബോധ്യത്തോടെയാണ് സുധീരന്റെയും നീക്കം. പകരം നിര്‍ദേശിച്ച പേരുകളില്‍ തന്നെ ഇത് വ്യക്തം. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന സതീശന്‍ പാച്ചേനിയെയാണ് കെ സി ജോസഫിന് പകരമായി ഇരിക്കൂറിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത്.

പാലക്കാടും കണ്ണൂരിലെ ജയസാധ്യത ഇല്ലാത്ത സീറ്റുകളിലും ചാവേറാകുകയായിരുന്നു ഇത്രയും കാലം പാച്ചേനി. കെ ബാബുവിന് പകരം നിര്‍ദേശിച്ച എന്‍ വേണുഗോപാല്‍ ഐ ഗ്രൂപ്പിലെ പ്രമുഖനാണ്. തൃക്കാക്കരയില്‍ ബെന്നി ബഹ്‌നാന് പകരം നിര്‍ദേശിച്ചിരിക്കുന്നതും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ പി ടി തോമസിനെ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ സീറ്റ് നിഷേധിക്കപ്പെട്ടയാളാണ് പി ടി തോമസ്. അടൂര്‍പ്രകാശിന് പകരം കോന്നിയിലേക്ക് നിര്‍ദേശിച്ചിരിക്കുന്നത് ഡി സി സി പ്രസിഡന്റ് മോഹന്‍രാജിനെ. എ ടി ജോര്‍ജിന് പകരം പാറശ്ശാലയില്‍ നെയ്യാറ്റിന്‍കര സനലിനെയോ മര്യാപുരം ശ്രീകുമാറിനെയോ നിയോഗിക്കണമെന്നാണ് സുധീരന്‍ ആവശ്യപ്പെടുന്നത്.

സ്ഥാനാര്‍ഥി പട്ടികക്ക് പുതുമുഖം വേണമെന്ന ഹൈക്കമാന്‍ഡ് നിലപാട് നടപ്പാക്കാന്‍ ഈ മാറ്റം അനിവാര്യമാണെന്ന വാദമാണ് സുധീരന്‍ ഉന്നയിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ സുധീരന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്ന നീക്കമാണ് അദ്ദേഹം നടത്തുന്നത്. ഗ്രൂപ്പുകള്‍ക്കതീതമായ പിന്തുണയാണ് ഈ നീക്കത്തിലൂടെ അദ്ദേഹം പ്രതീക്ഷിക്കുന്നതും.
എന്തായാലും സുധീരനും ഉമ്മന്‍ ചാണ്ടിയും തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ ഹൈക്കമാന്‍ഡ് തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാകും. മുതിര്‍ന്ന നേതാവ് എ കെ ആന്റണി എന്ത് നിലപാട് സ്വീകരിക്കുമെന്നതിനും പ്രാധാന്യമുണ്ട്.