മാറുന്ന സമവാക്യങ്ങള്‍ ആരെ തുണക്കും

വട്ടിയൂര്‍ക്കാവ്
Posted on: March 31, 2016 5:23 am | Last updated: March 31, 2016 at 12:25 am

MANDALA PARYADANAMവ്യക്തമായ മേല്‍ക്കൈ നേടി കെ മുരളീധരനെ നിയമസഭയിലേക്കെത്തിച്ച വട്ടിയൂര്‍ക്കാവ് അഞ്ചാണ്ടിന് ശേഷം ഏറെ മാറിയിരിക്കുന്നു. കെ എം ബഷീര്‍
ഈസി വാക്ക്ഓവര്‍ പ്രതീക്ഷിച്ച് ആരും ഇവിടെ മത്സരിക്കാനിറങ്ങേണ്ട. തലസ്ഥാന നഗരത്തിന്റെ ഹൃദയഭൂമിയാണ് ഈ മണ്ഡലം. നിയമസഭാമന്ദിരം വട്ടിയൂര്‍ക്കാവിലാണ്. മാത്രമല്ല, കേരളത്തില്‍ നിന്നാകെ തിരഞ്ഞെടുക്കപ്പെടുന്ന 140 എം എല്‍ എമാരുടെയും വാസസ്ഥലവും ഇവിടെ തന്നെ. തീര്‍ന്നില്ല, കോണ്‍ഗ്രസ് ആസ്ഥനമായ ഇന്ദിരാഭാവനും സി പി എം ആസ്ഥാനമായ എ കെ ജി സെന്ററും നഗരഭരണ സിരാകേന്ദ്രവും സ്ഥിതി ചെയ്യുന്നത് ഈ മണ്ഡലത്തില്‍. ഒരു നഗരത്തിന്റെ പൂര്‍ണ സ്വഭാവമാണ് മണ്ഡലത്തിനുള്ളതെന്ന് ചുരുക്കം. കോണ്‍ഗ്രസിനായി സിറ്റിംഗ് എം എല്‍ എ. കെ മുരളീധരനും സി പി എമ്മില്‍ നിന്ന് ടി എന്‍ സീമയും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമാണ് കളത്തില്‍. തര്‍ക്കമില്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായ മണ്ഡലം കൂടിയാണ് വട്ടിയൂര്‍ക്കാവ്. കെ മുരളീധരന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി. ടി എന്‍ സീമയും കുമ്മനംരാജേശഖരനും ദിവസങ്ങള്‍ക്ക് മുമ്പെ പ്രചാരണം തുടങ്ങി. ഈസ്റ്റും വെസ്റ്റും നോര്‍ത്തുമായി കഴിഞ്ഞിരുന്ന തലസ്ഥാന മണ്ഡലങ്ങള്‍ വിഭജിച്ചപ്പോള്‍ രൂപപ്പെട്ടതാണ് വട്ടിയൂര്‍ക്കാവ്. പുനര്‍നിര്‍ണയത്തിന് ശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പ് 2011ല്‍. ഡി ഐ സിയും എന്‍ സി പിയും പരീക്ഷിച്ച് ഒടുവില്‍ കോണ്‍ഗ്രസ് സ്‌കൂളില്‍ അച്ചടക്കമുള്ള കുട്ടിയായി തിരിച്ചെത്തിയ മുരളീധരനെ അന്ന് ഇരുകൈയും നീട്ടി മണ്ഡലം സ്വീകരിച്ചു. ഇരിക്കാന്‍ ഒരു കൊമ്പില്ലാതെ ദേശാടനത്തിലായിരുന്ന മുരളീധരന് കാത്തുവെച്ചത് പോലെയായിരുന്നു അന്ന് ഈ സുരക്ഷിത മണ്ഡലം. 2011ല്‍ പഴയ സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിനെ നേരിട്ട മുരളീധരന്‍ ആധികാരിക ജയവും സ്വന്തമാക്കി.
രാഷ്ട്രീയ സ്വഭാവം മാറിമാറിയുന്നുവെന്നതാണ് വട്ടിയൂര്‍ക്കാവിന്റെ പൊതുസ്ഥിതി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന ആധിപത്യം ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ബി ജെ പിയും തദ്ദേശതിരഞ്ഞെടുപ്പോടെ എല്‍ ഡി എഫും തകര്‍ത്തു. എങ്ങോട്ടും ചായുമെന്ന സ്ഥിതി വന്നതോടെ വട്ടിയൂര്‍ക്കാവിലെ മത്സരം ഇക്കുറി പൊടിപാറും. കണക്കുകള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും സുരക്ഷിത മണ്ഡലം എന്ന നിലയിലാണ് വട്ടിയൂര്‍ക്കാവിനെ കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. വി എം സുധീരനും രമേശ്‌ചെന്നിത്തലയും ഇത്തവണ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചതും ഇതുകൊണ്ട് തന്നെ. മുരളീധരനെ മലബാറിലേക്ക് കയറ്റി വിടുകയായിരുന്നു ലക്ഷ്യം അപകടം മണത്ത മുരളീധരന്‍ ഒരു മുഴം മുമ്പെ എറിഞ്ഞു. വട്ടിയൂര്‍ക്കാവ് ഇല്ലെങ്കില്‍ മത്സരിക്കാനില്ല. വട്ടിയൂര്‍ക്കാവ് കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മുരളി തുറന്ന് പറഞ്ഞതോടെ സീറ്റ് മോഹിച്ചവര്‍ തത്ക്കാലം പിന്‍വാങ്ങി. കണക്ക് പുസ്തകത്തില്‍ തോല്‍വിയുടെ ചരിത്രവുമായി നടന്ന മുരളീധരന്റെ രാഷ്ട്രീയ ജീവിതത്തില്‍ വഴിതിരിവ് സൃഷ്ടിച്ച മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. നേതാക്കളെല്ലാം ഓരോ മണ്ഡലം തട്ടകമാക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മുരളീധരന് അവകാശപ്പെടാന്‍ അങ്ങിനെയൊന്നുണ്ടായിരുന്നില്ല. വടക്കാഞ്ചേരിയില്‍ ഉപതിരഞ്ഞെടുപ്പിലും ലീഗിന്റെ ഉരുക്ക് കോട്ടയായിരുന്ന കൊടുവള്ളിയിലും നിയമസഭയിലേക്ക് മത്സരിച്ച് തോറ്റശേഷമാണ് മുരളീധരന്‍ വട്ടിയൂര്‍ക്കാവിലെത്തുന്നത്. ജയിച്ച അന്ന് മുരളീധരന്‍ തീരുമാനിച്ചതാണ് വട്ടിയൂര്‍ക്കാവ് വിട്ട് ഇനിയൊരു കളിയില്ലെന്ന്.
ഭരണത്തിന്റെ ആനുകൂല്യം മുതലെടുത്ത് വികസനം പരമാവധി മണ്ഡലത്തിലേക്ക് എത്തിക്കാന്‍ മുരളീധരന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വൃത്തിയില്‍ ടാറിംഗ് നടത്തിയ റോഡ് മണ്ഡലത്തിലുടനീളം കാണാം. വികസനം വോട്ടായാല്‍ ഇത്തവണയും ജയിച്ചുകയറാമെന്ന് കണക്ക് കൂട്ടി മുരളീധരന്‍ ഉറപ്പിച്ചുപറയുന്നു. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളില്‍ ഇന്നും പിന്നാക്കമാണെന്നാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടി എന്‍ സീമയുടെ പക്ഷം. കുടിവെള്ളം കൃത്യമായി ലഭിക്കുന്നില്ല. ജീവല്‍പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ എം എല്‍ എ സമ്പൂര്‍ണ പരാജയമാണെന്നും ഇടതുപക്ഷം വ്യക്തമാക്കുന്നു.
പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തിന്റെ ചരിത്രമാണ് വട്ടിയൂര്‍ക്കാവിന് വേണ്ടി വായിക്കേണ്ടത്. 1982ല്‍ സി പി എമ്മിലെ കെ അനിരുദ്ധനെ പരാജയപ്പെടുത്തി ജി കാര്‍ത്തികേയന്‍ ആദ്യജയം നേടി. എന്നാല്‍ 1987, 1991, 1996 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഇടത്തേക്ക് ചാഞ്ഞു. സി പി എമ്മിലെ എം വിജയകുമാറായിരുന്നു മൂന്ന് വട്ടവും നോര്‍ത്തിലെ വിജയസ്ഥാനാര്‍ഥി. 2001ല്‍ കോണ്‍ഗ്രസിലെ കെ മോഹന്‍കുമാറിനോട് വിജയകുമാര്‍ പരാജയപ്പെട്ടെങ്കിലും 2006ല്‍ സീറ്റ് തിരിച്ചുപിടിച്ചു.
2011ലെ തിരഞ്ഞെടുപ്പില്‍ 16,167 വോട്ടായിരുന്നു കെ മുരളീധരന്റെ ഭൂരിപക്ഷം. എല്‍ ഡി എഫിന് ആശ്വസിക്കാന്‍ വക നല്‍കുന്നതും തദ്ദേശ തിരഞ്ഞെടുപ്പ് ഫലമാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കോര്‍പ്പറേഷന്‍ വാര്‍ഡുകളിലെ വോട്ടുനിലയില്‍ എല്‍ ഡി എഫാണ് മുന്നില്‍ വന്നത്. എല്‍ ഡി എഫ് നേടിയത് 38,595 വോട്ടാണ്. 32,864 വോട്ടുമായി ബി ജെ പി രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസിന് 29,434 വോട്ടുകളാണ് ലഭിച്ചത്.