Connect with us

International

കൂടുതല്‍ അഭയാര്‍ഥികളെ ലോക രാജ്യങ്ങള്‍ ഏറ്റെടുക്കണം: യു എന്‍

Published

|

Last Updated

യുനൈറ്റഡ് നാഷന്‍: ആഭ്യന്തര യുദ്ധം താറുമാറാക്കിയ സിറിയയില്‍ നിന്ന് പലായനം ചെയ്‌തെത്തുന്ന സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ലോക രാജ്യങ്ങള്‍ മുന്നോട്ടുവരണമെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഇവരെ കുറിച്ച് തെറ്റായ രീതിയിയിലുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കാനും എല്ലാവരും മുന്നോട്ടുവരണമെന്നും ജനീവയില്‍ ഇന്നലെ നടന്ന കോണ്‍ഫറന്‍സില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ഐക്യത്തോടെ പെരുമാറാന്‍ ലോക രാജ്യങ്ങള്‍ തയ്യാറാകണം. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കി കൊടുത്ത് കൂടുതല്‍ സഹായം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കല്‍ അനിവാര്യമായിരിക്കുന്നു. അവര്‍ക്കുള്ള പുനരധിവാസം, മാനുഷിക സഹായം, കുടുംബാംഗങ്ങളുമൊത്തുള്ള ഒത്തുചേരല്‍, അവര്‍ക്കാവശ്യമായ ജോലി, പഠനം, വിസ തുടങ്ങിയ കാര്യങ്ങളിലും ലോകത്തെ മുഴുവന്‍ രാജ്യങ്ങളും ഇടപെടേണ്ടതുണ്ട്. ഇപ്പോള്‍ ഇവിടെ ഒരുമിച്ചുകൂടിയിരിക്കുന്നത് നമ്മുടെ കാലഘടത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാനുള്ള വഴിതേടിയാണെന്നും അദ്ദേഹം കോണ്‍ഫറന്‍സിലെത്തിയ നേതാക്കളെ ഉണര്‍ത്തി.
സിറിയന്‍ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് അഭയാര്‍ഥികളായ ലക്ഷക്കണക്കിന് പേര്‍ക്ക് ലബനാന്‍, തുര്‍ക്കി, ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ് എന്നിവിടങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ആ രാജ്യങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ വരെ ബാധിച്ചുതുടങ്ങിയിരിക്കുകയാണ്. അതിര്‍ത്തി രാജ്യങ്ങളിലെല്ലാം വന്‍ തോതില്‍ അഭയാര്‍ഥികള്‍ വന്നുകൂടിയിരിക്കുകയാണ്. ഇതിന് പുറമെ യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം തേടിയെത്തിയ പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ പ്രതിസന്ധിയില്‍ തന്നെ തുടരുന്നു. സാധാരണ ജീവിതം വരെ നയിക്കാനുള്ള സാഹചര്യവും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യവും ഇല്ലാതെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിരവധി അഭയാര്‍ഥികള്‍ പ്രയാസം നേരിടുകയാണ്.
ഇന്നവര്‍ അഭയാര്‍ഥികളാകാം. നാളെ അവര്‍ ഒരു പക്ഷേ പ്രൊഫസര്‍മാരോ ശാസ്ത്രജ്ഞരോ ഗവേഷകരോ സഹായികളോ ആയി മാറിയേക്കാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.