ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: ഒമ്പത് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Posted on: March 30, 2016 6:20 pm | Last updated: March 31, 2016 at 12:05 pm

Chhattisgarh_2794551fറായ്പൂര്‍:  ഛത്തീസ്ഗഢിലെ ദന്തേവാദ, ബിജാപൂര്‍ ജില്ലകളിലുണ്ടായ രണ്ട് മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ഒമ്പത് സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.
സി ആര്‍ പി എഫ് സംഘം ട്രക്കില്‍ സഞ്ചരിക്കവേ ദന്തേവാദ ജില്ലയില്‍പ്പെട്ട ബസാറസ്- കുവാകോന്ദ മേഖലക്ക് സമീപം മെലാവാദാ ഗ്രാമത്തില്‍ ഇന്നലെ വൈകുന്നേരം നാലോടെ ഉണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ ഏഴ് സി ആര്‍ പി എഫുകാരാണ് കൊല്ലപ്പെട്ടത്. ടാര്‍ ചെയ്ത റോഡില്‍ മാവോയിസ്റ്റുകള്‍ സമര്‍ഥമായി ബോംബ് സ്ഥാപിക്കുകയായിരുന്നുവെന്ന് സി ആര്‍ പി എഫ് ദന്തേവാദ റെയ്ഞ്ച് ഡെപ്യൂട്ടി ഐ ജി ദിനേഷ് പ്രതാപ് ഉപാധ്യായ പറഞ്ഞു. ഐ ഇ ഡിയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌ഫോടനത്തില്‍ വാഹനം ചിന്നഭിന്നമാകുകയും റോഡില്‍ അഞ്ചടി ആഴത്തില്‍ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു.
ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയില്‍ ഇന്നലെ രാവിലെയുണ്ടായ മറ്റൊരു മാവോയിസ്റ്റ് ആക്രമണത്തിലാണ് രണ്ട് സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടത്. ബസഗുഡ- സര്‍കേഗ്ദ പാതയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന അര്‍ധസൈനിക വിഭാഗം രാജ്‌പേട്ടക്ക് സമീപം വനമേഖലയില്‍ വെച്ചാണ് ആക്രമണത്തിന് ഇരയായത്. അവിടെയുണ്ടായ ഐ ഇ ഡി സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 168ാം ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് നീരജ് കുമാര്‍, കോണ്‍സ്റ്റബിള്‍ മനീഷ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ബിജാപൂര്‍ എ എസ് പി ഇന്ദിരാ കല്യാണ്‍ പറഞ്ഞു.
നക്‌സല്‍ വിരുദ്ധ സൈനികനീക്കത്തിന് നിയോഗിക്കപ്പെട്ട സൗത്ത് ബസ്താര്‍ മേഖലയിലെ 230ാം ബറ്റാലിയന്‍ സി ആര്‍ പി എഫ് സംഘമാണ് ദന്തേവാദയില്‍ ആക്രമണത്തിന് ഇരയായത്. പ്രഥമിക വിവരമനുസരിച്ച്, സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിക്കപ്പെട്ടത്. വിവരമറിഞ്ഞ് സി ആര്‍ പി എഫ് സംഘം സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും സൈനികരുടെ ആയുധങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.