4,000 കോടി തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യ

Posted on: March 30, 2016 2:14 pm | Last updated: March 31, 2016 at 12:45 am

vijay mallyaന്യൂഡല്‍ഹി: ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കാനുള്ള 9000 കോടി കടബാദ്ധ്യതയില്‍ തുകയില്‍ 4,000 കോടി രൂപ സെപ്തംബര്‍ മാസത്തിനകം തിരിച്ചടയ്ക്കാമെന്ന് മദ്യ മുതലാളി വിജയ് മല്യ സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി മല്യയുടെ അഭിഭാഷകന്‍ കോടതിയില്‍ മുദ്ര വച്ച കവറില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചു. മുന്‍കൂറായി 2000 കോടി അടക്കാമെന്നും ബാക്കി 2000 കോടി ഈ വര്‍ഷം സെപ്റ്റംബര്‍ 31നകം അടക്കുമെന്നുമാണ് വാഗ്ദാനം.

അതേസമയം, ലണ്ടനില്‍ കഴിയുന്ന മല്യ ഇന്ത്യയിലേക്ക് തിരികെ വരുമോയെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് അഭിഭാഷകന്‍വൈദ്യനാഥന്‍ മൗനം പാലിച്ചു. മല്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തീരുമാനം അറിയിക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. അടുത്ത മാസം ഏഴിന് കേസ് വീണ്ടും വാദം കേള്‍ക്കും.

എസ്.ബി.ഐ നയിക്കുന്ന 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് വിജയ് മല്യയുടെ കീഴിലുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് 7,800 കോടി രൂപ വായ്പ നല്‍കിയത്. പ്രവര്‍ത്തന നഷ്ടത്തെ തുടര്‍ന്ന് 2012ല്‍ കിംഗ് ഫിഷര്‍ പ്രവര്‍ത്തനം നിര്‍ത്തി. തുടര്‍ന്ന്, ബാങ്കുകള്‍ക്ക് വായ്പാത്തുക തിരികെ നല്‍കാന്‍ പറ്റില്ലെന്ന നിലപാടിലേക്ക് വിജയ് മല്യ എത്തുകയായിരുന്നു. എസ്.ബി.ഐയ്ക്ക് മാത്രം മല്യ നല്‍കാനുള്ളത് 1,600 കോടി രൂപയാണ്. ഫെഡറല്‍ ബാങ്ക്, കാനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂകോ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ദേന ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ തുടങ്ങിയവയും കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെടുന്നു. വിജയ്മല്യ ബാങ്ക് വായ്പകള്‍ തിരിച്ചടക്കാതെ മാര്‍ച്ച് രണ്ടിനാണ് ലണ്ടനിലേക്ക് കടന്നത്.