ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം ഇനി ഹെല്‍മറ്റ് സൗജന്യം

Posted on: March 30, 2016 6:00 am | Last updated: March 29, 2016 at 11:41 pm

helmetsതിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം ഇനി ഹെല്‍മറ്റും സൗജന്യമായി ലഭിക്കും. വര്‍ധിച്ചു വരുന്ന ഇരുചക്രവാഹനാപകടങ്ങള്‍ മൂലമുള്ള മരണങ്ങളുടെ പശ്ചാതലത്തിലാണ് ഈ തീരുമാനം. ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഹെല്‍മറ്റ് സൗജന്യമായി നല്‍കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനറുടെ നിര്‍ദേശം വാഹന നിര്‍മാതാക്കള്‍ അംഗീകരിച്ചു. ഇതു കൂടാതെ ഇരുചക്രവാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ്, റിയര്‍വ്യൂ മിറര്‍, സാരിഗാര്‍ഡ്, ക്രാഷ് ഗാര്‍ഡ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവ ഇനി മുതല്‍ വാഹനത്തോടൊപ്പം സൗജന്യമായി നല്‍കേണ്ടതാണ്. ഇവക്ക് പ്രത്യേക ചാര്‍ജ് ഈടാക്കാന്‍ പാടില്ല. നിലവില്‍ നമ്പര്‍ പ്ലേറ്റിനു പോലും ഉപഭോക്താക്കളില്‍ നിന്ന് അധിക വില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
അടുത്ത മാസം ഒന്ന് മുതല്‍ പദ്ധതി കര്‍ക്കശമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു. മേല്‍പ്പറഞ്ഞ സൗകര്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ പ്രസ്തുത വില്‍പ്പനക്കുള്ള അംഗീകാരം റദ്ദു ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വാഹന ഡീലര്‍മാര്‍ ഉപഭോക്താക്കളെ ചില പ്രത്യേക കമ്പനികളുടെ ഇന്‍ഷ്വറന്‍സ് എടുക്കണമെന്ന് നിര്‍ബന്ധിക്കുന്നത് നിയമവിരുദ്ധമാണ്. ഇഷ്ടമുള്ള ഇന്‍ഷ്വറന്‍സ് കമ്പനി തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ട്. വാഹനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനുള്ള ബ്ലൂടൂത്ത് സൗകര്യം വാഹനം ഓടിക്കുമ്പോള്‍ ഉപയോഗക്ഷമമല്ലാത്തതാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.