Connect with us

Articles

തുണിയുരിയുന്ന രാജ്യസ്‌നേഹം

Published

|

Last Updated

ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം എപ്പോഴും വാര്‍ത്തകള്‍ക്കിട നല്‍കുന്നതാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ട്വന്റി20 ലോകകകപ്പും ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിച്ചതുമാണ്. സുരക്ഷാ പ്രശ്‌നവുമായി ബന്ധപ്പെട്ട് പാക് ക്രിക്കറ്റ് ടീം ഇന്ത്യയിലേക്കില്ല എന്നുവരെ കാര്യങ്ങള്‍ എത്തിയതാണ്. അവസാനം പാക് ടീം വരികയും ലോകകപ്പ് കളിക്കുകയും ചെയ്തു. ഈ സമയത്തൊക്കെ സുരക്ഷയും രാജ്യസ്‌നേഹവുമൊക്കെയാണ് വാര്‍ത്തയായതെങ്കില്‍ ലോകകപ്പ് ലീഗ് റൗണ്ടിലെ ഇന്ത്യാ-പാക് മത്സരം പുതിയൊരു തലത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്. മാതൃരാജ്യം ജയിക്കണമെന്ന് ഓരോ ഇന്ത്യക്കാരനും പാക്കിസ്ഥാന്‍കാരനും ആഗ്രഹിക്കുകയും അതിനുവേണ്ടി വാദിക്കുകയും ചെയ്യുക എന്നത് സ്വാഭാവികമാണ്.
എന്നാല്‍, ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അതൊന്നുമല്ല. ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തുകയും പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്‌രിദി ഇന്ത്യക്കെതിരെ സെഞ്ച്വറി നേടുകയും ചെയ്താല്‍ നഗ്നയായി മുന്‍ഭാഗവും പിന്‍ഭാഗവും കാണിക്കുമെന്ന അര്‍ഷി ഖാന്‍ എന്ന ഇന്ത്യന്‍ മോഡലിന്റെ വെല്ലുവിളിയും അതിനുപകരം പാക്കിസ്ഥാന്‍ മോഡല്‍ ക്വാന്‍ഡില്‍ ബലോച്ചിന്റെ അതേ തരത്തിലുള്ള മറുപടിയുമാണ്. മത്സരത്തില്‍ ഇന്ത്യ ജയിക്കുകയും അര്‍ഷിഖാന്‍ താന്‍ പറഞ്ഞതുപ്രകാരം നഗ്നയായി പ്രത്യക്ഷപ്പെടുകയും ചെയ്തിരിക്കുകയാണ്. 2011 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായാല്‍ പരസ്യമായി നഗ്നയാകുമെന്ന് പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടംനേടിയ പൂനംപാണ്ഡെയും ലീഗിലെ ഇന്ത്യയുടെ അവസാനമത്സരത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത് ആഘോഷിച്ചതും ഇതേ രീതിയില്‍ തന്നെയാണ്. ട്വന്റി20 ലോകകപ്പിനുശേഷം നടക്കുന്ന ഐ പി എല്ലും നഗ്നതാപ്രദര്‍ശനം കൊണ്ട് തുടങ്ങിയതു മുതല്‍ വിവാദത്തിലാണ്. ചിയര്‍ ഗേള്‍സിന്റെ ആഭാസനൃത്തവും നൈറ്റ് പാര്‍ട്ടികളും സദാചാരബോധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെട്ട എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്.
യഥാര്‍ഥത്തില്‍ എന്താണിവിടെ സംഭവിക്കുന്നത്? കാണം വിറ്റും ഓണമുണ്ണണം എന്നു പറഞ്ഞതുപോലെ “ഉടുതുണി അഴിച്ചും രാജ്യസ്‌നേഹിയാകണം” എന്നിടത്താണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ഒരു കായിക വിനോദം എന്ന നിലയില്‍നിന്ന് ക്രിക്കറ്റ് മാറി സഞ്ചരിക്കുന്നു എന്നു തന്നെയാണ് ഇത്തരം ആഘോഷങ്ങള്‍ തെളിയിക്കുന്നത്. കായികരൂപം എന്നതിലുപരി അത് രാജ്യസ്‌നേഹത്തിന്റെയും രാജ്യദ്രോഹത്തിന്റെയും അളവുകോലായി വിലയിരുത്തപ്പെടുകയും ചെയ്യുന്നതല്ലേ ഇത്തരം അശ്ലീലതക്കും തോന്നിവാസങ്ങള്‍ക്കും കാരണം. ഉടുതുണി അഴിച്ചാലേ രാജ്യസ്‌നേഹിയാകൂ എന്ന് ആരാണ് ഇവരെ പഠിപ്പിച്ചത്? പലപ്പോഴും സംഘ്പരിവാറിന്റെ “രാജ്യസ്‌നേഹ”ത്തിനുമുന്നില്‍ ബലിയാടായിട്ടുള്ളത് ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരകളാണ്. പിച്ച് നശിപ്പിച്ചും ഭീഷണി മുഴക്കിയും ഇത്തരം “സൗഹാര്‍ദങ്ങള്‍” തകര്‍ക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത് സംഘ്പരിവാര്‍ സംഘടനകളാണ്. ഇപ്പോള്‍ കാര്യങ്ങള്‍ അവിടെനിന്നും കടന്ന് സെലിബ്രിറ്റികളും ആള്‍ദൈവങ്ങളും തങ്ങളുടെ മാര്‍ക്കറ്റിംഗിനുവേണ്ടി ക്രിക്കറ്റ് മത്സരങ്ങളെ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ത്യാ-പാക് മത്സരത്തിനുമുമ്പ് താനുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി സംസാരിച്ചതുകൊണ്ടാണ് വിജയിച്ചതെന്ന അവകാശവാദവുമായി ശ്രീ ശ്രീ രവിശങ്കര്‍ രംഗത്തെത്തിയിരുന്നു. ആ അവകാശവാദം ഇന്ത്യന്‍ സമൂഹം അതേ അവജ്ഞയോടെ തള്ളുമെന്നതില്‍ സംശയമില്ല. എന്നാല്‍ മോഡലുകള്‍ നഗ്‌നയായി പ്രത്യക്ഷപ്പെടുന്നത് അതുപോലെയാകില്ലെന്ന് മാത്രമല്ല ഭാവിയില്‍ അത് അനുകരിക്കപ്പെടുകയും ഒരു ആഘോഷരീതിയായി പരിണമിക്കുകയും ചെയ്യും. ഇങ്ങനെ ആഘോഷിക്കേണ്ടതാണോ സ്വന്തം രാജ്യത്തിന്റെ വിജയം എന്നതാണ് പ്രശ്‌നം. ഒരു കായികവിനോദത്തിന്റെ പേരിലാണ് ഇത്തരം ആഭാസങ്ങള്‍ എന്നതുകൂടി നാം കണക്കിലെടുക്കണം.
ക്രിക്കറ്റ് പലകാരണങ്ങളാലും വിമര്‍ശിക്കപ്പെടാറുണ്ട്. സമയദൈര്‍ഘ്യം, പണക്കൊഴുപ്പ്, കോഴവിവാദം തുടങ്ങി പലതും കായികവിനോദമെന്ന നിലയിലുള്ള ക്രിക്കറ്റിന്റെ സ്വീകാര്യതയുടെ മേല്‍ കരിനിഴല്‍ പരത്തുന്നതാണ്. ക്രിക്കറ്റിന്റെ പലതലങ്ങളിലൊന്നായ ടെസ്റ്റ് മാച്ചുകള്‍ അതിന്റെ ദൈര്‍ഘ്യം കാരണം ഇപ്പോഴും വിമര്‍ശവിധേയമാണ്. ആധുനികലോകത്ത് ഒരു മത്സരം നാലു ദിവസത്തോളം നീണ്ടുനില്‍ക്കുക എന്നത് തീര്‍ച്ചയായും പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതാണ്. കുട്ടിക്രിക്കറ്റ് എന്ന പേരിലറിയപ്പെടുന്ന ട്വന്റി20 മാച്ചുകള്‍ക്ക് പോലും നാലര മണിക്കൂറോളം സമയം വേണമെന്നതും ക്രിക്കറ്റ് ഒരു സമയംകൊല്ലിയാണെന്ന പേരുദോഷത്തിന് അടിവരയിടുന്നതാണ്.
എന്നാല്‍, ഇപ്പോള്‍ നഗ്നതാപ്രദര്‍ശത്തിലൂടെ രൂപപ്പെട്ടുവന്ന ഈ ആഘോഷരൂപം തീര്‍ത്തും നിരുത്സാഹപ്പെടുത്തേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണ്. ഐ പി എല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) മത്സരത്തിനിടെയിലെ ചിയര്‍ ഗേള്‍സിന്റെ ആഭാസനൃത്തവും പുതിയ നഗ്നതാ പ്രദര്‍ശനവും എല്ലാം കൂട്ടി വായിക്കുമ്പോള്‍ ക്രിക്കറ്റിന്റെ അപഥസഞ്ചാരം വ്യക്തമാകുകയാണ്. തീര്‍ച്ചയായും ഇത് നിയന്ത്രിക്കപ്പെടേണ്ടത് ഭാവി തലമുറയുടെ സദാചാരബോധത്തിന് അത്യന്താപേക്ഷിതമാണ്. ചിയര്‍ ഗേള്‍സിന്റെ മാറിടവും നിതംബവും കുലുങ്ങിയില്ലെങ്കില്‍ ഫോറും സിക്‌സും അതിര്‍ത്തി കടക്കില്ല എന്നതുപോലെയാണ് കാര്യങ്ങള്‍. കഴിഞ്ഞ ഐ പി എല്ലില്‍ നിന്ന് ചിയര്‍ഗേള്‍സിനെ ഒഴിവാക്കുമെന്ന് ബി സി സി ഐ പ്രസിഡന്റായിരുന്ന ജഗ്‌മോഹന്‍ ഡാല്‍മിയടക്കമുള്ളവര്‍ പറഞ്ഞിരുന്നെങ്കിലും വസ്ത്രത്തിന്റെ “അളവ്” കൂട്ടി വീണ്ടും രംഗത്തിറക്കുകയായിരുന്നു. ഒരു കായിക വിനോദത്തിനിടക്ക് ഇത്തരം ആഭാസങ്ങള്‍ ആവശ്യമായിവരുന്നത് ഇതിന്റെ സമയദൈര്‍ഘ്യം കൊണ്ടുതന്നെയാണ്. നാലഞ്ച് മണിക്കൂര്‍ ക്ഷമിച്ചിരിക്കുന്നവര്‍ക്ക് ആസ്വദിക്കാന്‍ എന്തെങ്കിലും വേണമെന്നര്‍ഥം.
സ്ത്രീകളുടെ അവകാശം ഹനിക്കപ്പെടുന്നുവെന്നും അടിച്ചമര്‍ത്തപ്പെടുന്നുവെന്നും നാഴികക്ക് നാല്‍പ്പതുവട്ടം പറയാറുള്ള സ്ത്രീ ശാക്തീകരണവാദികളും ഫെമിനിസ്റ്റുകളുമൊന്നും ഇതിനെതിരെ രംഗത്തുവന്നതായി കണ്ടിട്ടില്ല. എങ്ങനെ വരാനാണ്; ഇവരുടെയൊക്കെ അഭിപ്രായത്തില്‍ സ്ത്രീകളുടെ പുരോഗമനം എന്നാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കലാണ്. അത് ഇനി എങ്ങനെയായായാലും വേണ്ടില്ല; തുണി ഉരിഞ്ഞിട്ടായാലും. മാന്യമായി വസ്ത്രം ധരിക്കണമെന്നാരെങ്കിലും പറഞ്ഞാല്‍ അവരെ പൊങ്കാലയിടാനും കോലം കത്തിക്കാനുമല്ലേ ഇവര്‍ക്കൊക്കെ സമയം കാണൂ.
ക്രിക്കറ്റില്‍ മാത്രം എന്തുകൊണ്ട് ഇത്തരം പ്രവണതകള്‍ ഏറിവരുന്നു എന്ന് പരിശോധിക്കുമ്പോള്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു കാര്യം ലൈവ് സംപ്രേക്ഷണം വഴി ലഭിക്കുന്ന കോടികളാണ്. ഓവറുകള്‍ക്കിടയില്‍ പരസ്യത്തിനായി സമയം ലഭിക്കുന്നു എന്നതാണ് ക്രിക്കറ്റ് എന്നും വന്‍കിട ചാനലുകളുടെ ഇഷ്ടവിനോദമായി മാറാന്‍ കാരണം. മറ്റൊരു കായികവിനോദത്തിനും ഇത്രയും സമയം പരസ്യങ്ങള്‍ക്കായി ലഭിക്കുന്നില്ല എന്നത് പലപ്പോഴും അവയുടെ പിന്നാക്കത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഈ “ആഗോള കവറേജ്” തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക എന്നതുതന്നെയാണ് ഇത്തരം ആഭാസകരുടെ ആഘോഷങ്ങള്‍ക്ക് പിന്നില്‍. ഐ പി എല്‍ കോഴവിവാദത്തെ തുടര്‍ന്ന് ബി സി സി ഐ നിയമിച്ച ലോധ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഒരു പ്രധാന നിര്‍ദേശം ഓവറുകള്‍ക്കിടയിലെയും വിക്കറ്റുകള്‍ വീഴുമ്പോഴുമുള്ള പരസ്യങ്ങള്‍ ഒഴിവാക്കണമെന്നതാണ്. കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ അലമാരകളില്‍ കിടക്കുകയെന്നതല്ലാതെ എങ്ങനെ കളിക്കണം, ആര് കളിക്കണം, എങ്ങനെ ആഘോഷിക്കണം എന്നൊക്കെ കോര്‍പറേറ്റുകളും മീഡിയകളും തീരുമാനിക്കുന്നിടത്ത് കാര്യങ്ങള്‍ അവസാനിക്കും.
ബി സി സി ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ പി എല്‍)വരവോടുകൂടി ഇന്ത്യയിലെ കായികരംഗം പണം കായ്ക്കുന്ന മരമായി മാറിത്തുടങ്ങിയിട്ടുണ്ടെന്നതാണ് വസ്തുത. ഐ പി എല്ലിന്റെ വന്‍വിജയത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഹോക്കി ഇന്ത്യ ലീഗ്, ഇന്റര്‍നാഷനല്‍ പ്രീമിയര്‍ ടെന്നീസ് ലീഗ്, പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്, പ്രോ കബഡി ലീഗ്, ചാമ്പ്യന്‍സ് ടെന്നീസ് ലീഗ്, പ്രോ റെസ്‌ലിംഗ് ലീഗ് തുടങ്ങി വിവിധ കായിക ഇനങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റുകള്‍ വഴി രാജ്യത്ത് ചെലവഴിക്കപ്പെടുന്നത് ആയിരക്കണക്കിന് കോടികളാണ്. വിവിധ ലീഗുകള്‍ വഴി പണം ചെലവിടുന്നതില്‍ ലോകത്ത് തന്നെ മുന്‍പന്തിയിലാണ് ഇന്ത്യന്‍ ലീഗുകളുള്ളത്. 2014-15 വര്‍ഷത്തില്‍ ഈ എട്ട് ലീഗുകളില്‍ കളിക്കുന്നവരുടെ ശമ്പളയിനത്തില്‍ മാത്രം 823 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ഇതില്‍ തന്നെ 527 കോടി കൈപ്പറ്റിയിട്ടുള്ളത് വിദേശതാരങ്ങളാണ്. ആഭ്യന്തരതാരങ്ങള്‍ക്ക് ശമ്പളയിനത്തില്‍ ലഭിച്ചത് 296 കോടി മാത്രമാണ്.

---- facebook comment plugin here -----

Latest