Connect with us

National

വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയം 40 ശതമാനം കൂട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങളുടെതുള്‍പ്പെടെ മുഴുവന്‍ വാഹനങ്ങളുടെയും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം കുത്തനെ കൂട്ടി. 25 മുതല്‍ 40 ശതമാനം വരെയാണ് വര്‍ധന. ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെതാണ് തീരുമാനം. പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും.

ആയിരം സിസിയില്‍ താഴെയുള്ള ചെറുകാറുകളുടെ തേര്‍ഡ്പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം 1468 രൂപയില്‍ നിന്ന് 2055 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 1500 സിസി വരെയുള്ള വാഹനങ്ങളുടെ പ്രീമിയവും 40 ശതമാനം ഉയര്‍ത്തി. 1500 സിസിക്ക് മുകളിലുള്ള എസ്‌യുവി വാഹനങ്ങളുടെ പ്രീമിയത്തില്‍ 25 ശതമാനമാണ് വര്‍ധന. നിലവില്‍ 4931 രൂപയായിരുന്ന പ്രീമിയം 6164 രൂപയായാണ് ഉയര്‍ത്തിയത്.

ഇരുചക്ര വാഹനങ്ങളുടെ പ്രീമിയം നിരക്കിലും വര്‍ധന വരുത്തിയിട്ടുണ്ട്. 75 സിസിക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങളുടെ പ്രീമിയം 519 രൂപയില്‍ നിന്ന് 569 രൂപയായി വര്‍ധിപ്പിച്ചു. 75 മുതല്‍ 150 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങളുടെ പ്രീമിയം 15 ശതമാനം വര്‍ധിപ്പിച്ച് 619 രൂപയാക്കി. 350 സിസി വരെയുള്ള ബൈക്കുകളുടെ പ്രീമിയത്തില്‍ 25 ശതമാനമാണ് വര്‍ധന. അതേസമയം, 350 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ ഇന്‍ഷൂറന്‍സ് പ്രീമിയം കുറച്ചു. 884 രൂപയാണ് ഈ ക്ലാസിലുള്ള വാഹനങ്ങളുടെ പ്രീമിയം തുക.

മുച്ചക്ര വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് പ്രമീയത്തിലും വര്‍ധനയുണ്ട്. ആറ് പേര്‍ക്ക് കയറാവുന്ന ഇ-റിക്ഷ എന്ന പുതിയ വിഭാഗവും ഇതില്‍ ഉള്‍പ്പെടുത്തി. 1125 രൂപയാണ് ഈ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളുടെ ബേസിക് ടിപി പ്രീമിയം.

പണപ്പെരുപ്പ സൂചികയിലുണ്ടായ മാറ്റമാണ് ഇന്‍ഷൂറന്‍സ് പ്രീമിയം ഉയര്‍ത്താന്‍ കാരണമെന്ന് റെഗുലേറ്ററി അതോറിറ്റി ചൂണ്ടിക്കാട്ടി. പണപ്പെരുപ്പ സൂചിക 5.57 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്.

Latest