Connect with us

Gulf

ഏപ്രില്‍ ഒന്നു മുതല്‍ യുഎഇയില്‍ എണ്ണ വില വര്‍ധിക്കും

Published

|

Last Updated

ദുബൈ:അടുത്ത മാസം ഒന്നു മുതല്‍ യുഎഇയില്‍ എണ്ണ വില വര്‍ധിക്കുമെന്ന് ഊര്‍ജ മന്ത്രാലയം വ്യക്തമാക്കി. പെട്രോള്‍ വില ആഗോള വിപണിക്കനുസൃതമായി വര്‍ധിപ്പിക്കാന്‍ തുടങ്ങിയ ശേഷം കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ ആദ്യമായാണ് വില ഉയരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു ഇന്ധനവില ഉയര്‍ത്താനായുള്ള ഉന്നതാധികാര സമിതി യോഗം ചേര്‍ന്നത്. ഓഗസ്റ്റ് ഒന്നു മുതല്‍ രാജ്യത്ത് പെട്രോള്‍ വില രാജ്യാന്തര നിലവാരത്തിന് ആനുപാതികമായി ഓരോ മാസവും മാറ്റം വരുത്താനും തീരുമാനിച്ചിരുന്നു.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കരുത്തുപകരാനും ഊര്‍ജ ഉപഭോഗം കുറക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്നും മന്ത്രാലയ അധികാരികള്‍ ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. ഊര്‍ജ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയില്‍ സാമ്പത്തിക മന്ത്രാലയ അണ്ടര്‍ സെക്രട്ടറി, അഡ്‌നോക്കിന്റെയും ഇനോക്കിന്റെയും സി ഇ ഒ മാര്‍ എന്നിവരാണ് അംഗങ്ങള്‍. ഈ കമ്മിറ്റിയാണ് രാജ്യാന്തര കമ്പോളത്തിലെ എണ്ണവില താരതമ്യപ്പെടുത്തിയ ശേഷം ഓരോ മാസവും പെട്രോള്‍, ഡീസല്‍ വിലകള്‍ പുതുക്കി നിശ്ചയിക്കുന്നത്.

പുതിയ നിരക്കനുസരിച്ച് ഒന്നാം തിയ്യതി മുതല്‍ സൂപ്പര്‍ 98 വിഭാത്തില്‍പെട്ട പെട്രോളിന് 1.62 ദിര്‍ഹമായിരിക്കും. നിലവില്‍ ഇത് 1.47ദിര്‍ഹമാണ്. സ്‌പെഷല്‍ 95ന് 1.36ല്‍ നിന്ന് 1.51 ആയി ഉയരും. ഇ പ്ലസ് 91ന് 1.29ല്‍ നിന്ന് 1.44 ആയും ഡീസലിന് 1.40ല്‍ നിന്ന് 1.56 ദിര്‍ഹമായും വില ഉയരും. ജൂലൈയില്‍ വില പുതുക്കി നിശ്ചയിച്ചതോടെ ഒരു ലിറ്റര്‍ പെട്രോളിന് 1.72 ദിര്‍ഹമായിരുന്നത് ഓഗസ്റ്റ് ഒന്നു മുതല്‍ 2.14 ദിര്‍ഹമായി വര്‍ധിച്ചിരുന്നു. പിന്നീട് വന്ന ഓരോ മാസത്തിലും രാജ്യാന്തര വിപണിയില്‍ വില കുറയുന്ന ട്രെന്റായിരുന്നതിനാല്‍ യു എ ഇയിലും വില കുറയുകയായിരുന്നു. ഇതാണ് അടുത്ത മാസം മുതല്‍ വീണ്ടും മുകളിലേക്ക് പോകുക.

യു എ ഇ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിച്ച് സര്‍ക്കാറിന്റെ വരുമാനം വര്‍ധിപ്പിക്കുകയും യു എ ഇ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയുമാണ് ഉന്നം. സര്‍ക്കാര്‍ സബ്‌സിഡികളെ ആശ്രയിക്കാത്ത കരുത്തുറ്റ ഒരു സമ്പദ്‌വ്യവസ്ഥയാണ് രാജ്യം ഇന്ധന സബ്‌സിഡി ഇല്ലാതാക്കിയതിലൂടെ ലക്ഷ്യമിടുന്നത്.

Latest