കനത്ത ചൂടും വരള്‍ച്ചയും വയനാട്ടിലെ ടൂറിസം മേഖലക്ക് തിരിച്ചടിയാകുന്നു

Posted on: March 29, 2016 12:06 pm | Last updated: March 29, 2016 at 12:06 pm

CHEMBRA PEAKകല്‍പ്പറ്റ: കാലാവസ്ഥാ മാറ്റം ജില്ലയിലെ ടൂറിസം മേഖലയേയും പ്രതികൂലമായി ബാധിക്കുന്നു. സീസണുകളില്ലാതെ എല്ലാ സമയവും വിനോദ സഞ്ചാരികളെത്തിയിരുന്ന ജില്ലയില്‍ നിലവില്‍ വിനോദ സഞ്ചാരികളുടെ ഒഴുക്ക് തീരെ കുറവാണ്.

കടുത്ത ചൂടില്‍ ജലാശങ്ങളധികവും വറ്റിവരണ്ടതും കാട്ടുതീ സാധ്യത കണക്കിലെടുത്ത് വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതുമാണ് ജില്ലയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറക്കുന്നത്. വയനാട്ടിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ പ്രധാന കാരണം ഇവിടുത്തെ കാലാവസ്ഥയായിരുന്നു. എന്നാല്‍ ഇതില്‍ മാറ്റം വന്നതോടെ ജില്ലയിലെ ടൂറിസം മേഖലയും തകര്‍ച്ചയുടെ വക്കിലാണ്. നിലവില്‍ വനം വകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. സൂചിപ്പാറ വെള്ളച്ചാട്ടം, തോല്‍പ്പെട്ടി, മുത്തങ്ങ വന്യജീവി സങ്കേതങ്ങള്‍, മീന്‍മുട്ടി വെള്ളച്ചാട്ടം, കുറുവാ ദ്വീപ് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് അടച്ചിരിക്കുന്നത്.

ജില്ലയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളാണിത്. വെള്ളം തീരെ കുറഞ്ഞതാണ് സൂചിപ്പാറ, മീന്‍മുട്ടി വെള്ളച്ചാട്ടങ്ങള്‍ അടക്കാന്‍ കാരണം. കാട്ടുതീ പടരാനുള്ള സാധ്യതകളും കേന്ദ്രങ്ങള്‍ അടക്കാന്‍ കാരണമാണ്. ഇനി മഴ ലഭിച്ച് കാട് പച്ച പിടിച്ചതിന് ശേഷമേ കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറക്കൂ. വിനോദ സഞ്ചാരികള്‍ കുറഞ്ഞത് ജില്ലയിലെ ഹോട്ടല്‍, ഹോംസ്‌റ്റേ, വ്യാപാരികള്‍ തുടങ്ങിയവരേയും കാര്യമായി ബാധിക്കുന്നുണ്ട്. അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രമായ കര്‍ലാട് തടാകത്തിലും സഞ്ചാരികള്‍ കുറവാണ്. മെച്ചപ്പെട്ട താമസ സൗകര്യങ്ങളുടെ േപരില്‍ വയനാട് ഇതിനകം ലോക പ്രശസ്തമായിക്കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം വയനാടന്‍ ടൂറിസത്തിന് വന്‍ തിരിച്ചടിയാവുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഹോട്ടല്‍ സെര്‍ച്ച് വെബ്‌സൈറ്റായ ട്രിവാഗോ പുറത്തിറക്കിയ പട്ടികയില്‍ വയനാടിന് ഒമ്പതാം സ്ഥാനമാണുള്ളത്.

കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട താമസസൗകര്യം ലഭ്യമാകുന്നുെവന്നതാണ് വയനാടിനെ ലോക പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്് 100 ല്‍ 96.36 ആണ് വയനാടിന് ലഭിച്ച മാര്‍ക്ക്. ഹോട്ടലുകളിലും മറ്റും കുറഞ്ഞ ചെലവില്‍ മികച്ച സേവനമൊരുക്കുന്ന വയനാട് വിദേശസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമായി മാറിക്കഴിഞ്ഞുെവന്ന് ട്രിവാഗോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വയനടാന്‍ ടൂറിസം വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ കോടികളുടെ വിനോദ സഞ്ചാര വികസന പദ്ധതികള്‍ കൂടി പൂര്‍ത്തിയായി വരികയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനും താമസം അടക്ക മുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്ക ുന്നതിനുമാണ് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കാരാപ്പുഴ ഡാം സൗന്ദര്യവത്ക്കരിക്കുന്നതിനായി ടൂറിസം വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതികളും ത്വരിത വേഗതയിലാണ്. എന്നാല്‍ കനത്ത വേനലും, വരള്‍ച്ചയും വിദേശികള്‍ അടക്കമുള്ള വിനോദ സഞ്ചാരികളെ അകറ്റുന്നതാണ് ടൂറിസം മേഖലക്ക് തിരിച്ചയായിരിക്കുന്നത്.